- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷിലും മലയാളത്തിലും ഒരേ കയ്യൊതുക്കമുള്ള എഴുത്തുകാരൻ; തൂലിക പടവാളാക്കിയപ്പോൾ സിപിഎമ്മിന് അനഭിമതനായി മാറിയ സാഹിത്യകാരൻ; വൃക്ക-കരൾ രോഗത്തെ തുടർന്ന് അന്തരിച്ച ടി.പി രാജീവന് വിട: പാലേരിയുടെ സ്വന്തം കഥാകാരന് കേരളത്തിന്റെ ആദരാഞ്ജലി
കോഴിക്കോട്: അന്തരിച്ച കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന് (തച്ചംപൊയിൽ രാജീവൻ 63) കേരളത്തിന്റെ അന്ത്യാഞ്ജലി. വൃക്ക-കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നു ഇന്നലെ രാത്രി 11.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൃതദേഹംഇന്നു രാവിലെ 9 മുതൽ 11 വരെ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പിൽ നടക്കും.
കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു. 1959 ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്നു. 1988 ൽ കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ റാങ്ക് പട്ടികയിൽ ഒന്നാമനായിട്ടും അന്നത്തെ എൽഡിഎഫ് സിൻഡിക്കറ്റ് രാജീവനെ പരിഗണിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച് 1991ൽ പിആർഒ ആയി.
പന്ത്രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ പാലേരിയിൽ നിന്ന് കോട്ടൂരിലേക്ക്. പാലേരിയിൽ ജനിച്ച് കോട്ടൂരിൽ അവസാനകാലം ചെലവിട്ട ടി.പി.രാജീവന്റെ എഴുത്തിൽ ഈ ഗ്രാമങ്ങളും അവിടുത്തെ ജീവിതവും നിറഞ്ഞുനിന്നു. പാലേരി രാജീവന്റെ അച്ഛന്റെ വീടാണ്. കോട്ടൂർ അമ്മയുടേതും. ഈ രണ്ടു ഗ്രാമങ്ങളിലായിരുന്നു ബാല്യകാലം. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ അതേ പേരിലും, കെ.ടി.എൻ.കോട്ടൂർഎഴുത്തും ജീവിതവും എന്ന നോവൽ ഞാൻ എന്ന പേരിലും സിനിമയായി. കോട്ടൂർ പഞ്ചായത്തിലെ രാമവനം വീട്ടിലായിരുന്നു താമസം. കവിതയിലാണ് രാജീവന്റെ തുടക്കം. മലയാളം അദ്ധ്യാപകനായിരുന്നു അച്ഛൻ. വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകൾ അച്ഛൻ ചൊല്ലുന്നതു കേട്ടാണ് കവിത ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു രാജീവൻ പറഞ്ഞിട്ടുണ്ട്.
പാലേരിയിലും കോട്ടൂരിലുമായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. രണ്ടു ഗ്രാമങ്ങളുടെയും ചരിത്രവും പുരാണവും ഐതിഹ്യങ്ങളും വായിച്ചും കേട്ടുമറിഞ്ഞ രാജീവന്റെ രണ്ടു നോവലുകളും ആ ഗ്രാമങ്ങളെക്കുറിച്ചായിരുന്നു; പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ.കോട്ടൂർ; എഴുത്തും ജീവിതവും. അവയ്ക്ക് സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ചലച്ചിത്രഭാഷ്യം ആ ഗ്രാമങ്ങളെയും അവിടുത്തെ കഥാപാത്രങ്ങളെയും കൂടുതൽ ജനകീയമാക്കി. പാലേരി മാണിക്യത്തിൽ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. രണ്ടാമത്തെ നോവൽ 'ഞാൻ' എന്ന പേരിൽ സിനിമയായപ്പോൾ കെ.ടി.എൻ.കോട്ടൂർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ദുൽഖർ സൽമാനും.
മലയാളത്തിലും ഇംഗ്ലീഷിലും ഒരേ കയ്യൊതുക്കമുള്ള എഴുത്തുകാരനാണ് രാജീവൻ. ഇംഗ്ലിഷും മലയാളവും അനായാസം കൈകാര്യം ചെയ്തിരുന്ന രാജീവൻ രണ്ടു ഭാഷകളിലും കവിതകളും നോവലുകളും എഴുതി. സ്വന്തം കൃതികൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ ആദ്യമെഴുതിയത് ഇംഗ്ലിഷിലായിരുന്നു എ മിഡ്‌നൈറ്റ് മർഡർ സ്റ്റോറി' എന്ന പേരിൽ. പിന്നീടത് മലയാളത്തിലേക്കു മാറ്റി. കെ.ടി.എൻ.കോട്ടൂർ ആദ്യമെഴുതിയത് മലയാളത്തിൽ. പിന്നീട് അത് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. ഇംഗ്ലിഷിൽ 3 കവിതാ സമാഹാരങ്ങളും മലയാളത്തിൽ 6 കവിതാ സമാഹാരങ്ങളും. പ്രണയത്തെക്കുറിച്ചുള്ള 100 കുറുങ്കവിതകളുമായി പുറത്തിറങ്ങിയ പ്രണയശതകം എന്ന സമാഹാരത്തിൽ ഒരേ കവിതകൾ മലയാളത്തിലും ഇംഗ്ലിഷിലുമുണ്ട്. ഏത് ഏതിന്റെ വിവർത്തനമെന്ന് കണ്ടെത്തുക അസാധ്യം.
പാലേരി മാണിക്യവും കെടിഎൻ കോട്ടൂരും രാജീവൻ തന്നെ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. പുറപ്പെട്ടു പോയ വാക്ക് എന്ന യാത്രാ വിവരണവും അതേ ആകാശം അതേ ഭൂമി, വാക്കും വിത്തും എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജീവന്റെ കവിതകൾ പതിനൊന്ന് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ് എന്നിവ നേടി. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, വെറ്റിലച്ചെല്ലം എന്നീ കവിതാസമാഹാരങ്ങൾ മലയാളത്തിലും ഹു വാസ് ഗോൺ ദസ്, കണ്ണകി, തേഡ് വേൾഡ് എന്നിവ ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു.
ചില ലേഖനങ്ങളും കവിതകളും രാജീവനെ അന്നത്തെ ഇടതു സിൻഡിക്കറ്റിനും സംഘടനകൾക്കും അനഭിമതനാക്കി. സമൂഹത്തിലെ തെറ്റുകൾക്കെതിരെ രാജീവൻ നിരന്തരം ശബ്ദമുയർത്തി. കാലിക്കറ്റ് വാഴ്‌സിറ്റിയിൽ റാങ്ക് പട്ടിക അട്ടിമറിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിആർഒ ആയി നിയമനം നേടിയ രാജീവൻ സർവകലാശാലയിലെ ക്രമക്കേടുകൾക്കെതിരെ എഴുത്തിലൂടെ പ്രതികരിച്ചത് അധികാരികളെ ചൊടിപ്പിച്ചു. ഉത്തരാധുനികതയുടെ സർവകലാശാലാ പരിസരം എന്ന ലേഖനവും കുറുക്കൻ എന്ന കവിതയും ടി.പി. രാജീവനെ കാലിക്കറ്റ് സർവകലാശാലയിലെ സിപിഎം അനുകൂല സർവീസ് സംഘടനയ്ക്കും വൈസ് ചാൻസലറായിരുന്ന കെ.കെ.എൻ. കുറുപ്പിനും അനഭിമതനാക്കി. ശമ്പളം വെട്ടിക്കുറയ്ക്കാനും തരം താഴ്‌ത്താനും നീക്കങ്ങളുണ്ടായി. നാലു വർഷം മുൻപ് സ്വന്തം നാട്ടിലെ അനധികൃത ക്വാറിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ വധഭീഷണിയുണ്ടായി.
ഭാര്യ: പി.ആർ.സാധന. മക്കൾ: ശ്രീദേവി, പാർവതി (റേഡിയോ മിർച്ചി). മരുമകൻ: ഡോ. ശ്യാം സുധാകർ (അസി.പ്രഫ, സെന്റ് തോമസ് കോളജ്, തൃശൂർ). ഇന്നു രാവിലെ 9 മണി മുതൽ 11 വരെ കോഴിക്കോട് ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം 3 മണി കഴിഞ്ഞ് നരയംകുളത്തെ വീട്ടുവളപ്പിൽ സംസ്‌കാരം.