- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് പുനീത് രാജ്കുമാർ; സിദ്ധാർഥ് ശുക്ല; ദീപേഷ് ഭാൻ; ഒടുവിൽ സിദ്ധാന്ത് വീർ സൂര്യവംശിയും; ജിമ്മിൽ വ്യായാമത്തിനിടെ അപ്രതീക്ഷിത വിയോഗം; ഞെട്ടലോടെ ആരാധകർ
മുംബൈ: ഹിന്ദി ടിവി സീരിയലുകളിലെയും ടി വി ഷോകളിലെയും സജീവ സാന്നിധ്യമായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ അകാല മരണത്തിന്റെ ഞെട്ടലിലാണു സഹതാരങ്ങളും ആരാധകരും. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
നടനും മുൻ ക്രിക്കറ്റ് താരവുമായ സലിൽ അങ്കോളയാണ് സമൂഹമാധ്യമത്തിലൂടെ സിദ്ധാന്തിന്റെ മരണവിവരം അറിയിച്ചത്. മംമ്താ ആൻഡ് ഖുസും എന്ന ടിവി ഷോയിലൂടെയാണ് സിദ്ധാന്ത് താരമായത്. ആനന്ദ് സൂര്യവംശി എന്നായിരുന്നു ആദ്യപേര്. 2001ൽ ഖുസും ടിവി ഷോയിലാണ് അരങ്ങേറ്റം. ജനകീയ പരിപാടികളായ കൺട്രോൾ റൂം, കൃഷ്ണ അർജുൻ, വിരുദ്ധ്, സൂര്യപുത്ര, ഭാഗ്യവിധാത, വാരിസ്, ഗൃഹസ്തി തുടങ്ങിയവ സിദ്ധാന്തിനെ ജനപ്രിയ നടനാക്കി.
മോഡലിങ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂർ നിർമ്മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീൻ സേ ആസ്മാൻ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ൽ ഇന്ത്യൻ ടെലിവിഷൻ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.
സിദ്ദി ദിൽ മാനേ നാ എന്ന ഷോയിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ഏക്താ കപൂറിന്റെ ടിവി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ഇറ ചൗധരിയാണ് ആദ്യ ഭാര്യ. 2015ൽ ആണ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. 2017ൽ മോഡലും ഫാഷൻ കൊറിയോഗ്രാഫറുമായ അലീസിയ റാവത്തിനെ സിദ്ധാന്ത് വിവാഹം കഴിച്ചു. സിനിമാ നിർമ്മാതാവ് അനു രഞ്ജൻ, ടിവി താരം ജയ് ഭാനുശാലി, കിഷ്വർ മെർച്ചന്റ് തുടങ്ങിയവർ സിദ്ധാന്തിനെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കുവച്ചിരുന്നു.
നാൽപ്പത്തിയാറാം വയസ്സിൽ സമാനമായ രീതിയിൽ കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ വിയോഗം ഏവരെയും നടുക്കിയിരുന്നു. അമിതവ്യായാമം കാരണമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നാൽപ്പതുകാരനായ ബോളിവുഡ്, സീരിയൽ നടൻ സിദ്ധാർഥ് ശുക്ലയുടെ വിയോഗം. 41ാം വയസ്സിൽ നടൻ ദീപേഷ് ഭാന്റെ മരണത്തിനും അമിതവ്യായാമം കാരണമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.