- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ; ഭൗതികശരീരം നാളെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും; സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ
തിരുവനന്തപുരം: അമൃത ടി വി മുൻ റീജിയണൽ ഹെഡ് ആയിരുന്ന ജി എസ് ഗോപീകൃഷ്ണൻ (48, ഏണിക്കര, പ്ലാപ്പള്ളി ലൈൻ ഇടി ആർ എ-46, വസന്തഗീതം) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയന്റെ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണൻ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത കഥകളി നടനായ ചിറക്കര മാധവൻ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കർണാട് രചിച്ച് അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളിൽ എത്തിയ അഗ്‌നിവർഷ എന്ന ബോളിവുഡ് ചിത്രത്തിൽ എം ബി എസ് യൂത്ത് ക്വയറിലെ അംഗങ്ങൾക്കൊപ്പം അഭിനേതാവായി.
ഭാര്യ: നിഷ കെ നായർ(വാട്ടർ അഥോറിറ്റി പി ആർ ഒ), മക്കൾ: ശിവനാരായണൻ, പത്മനാഭൻ. ഭൗതികശരീരം നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ. ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ഏറെ ദുഃഖകരമെന്ന് പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചനം അറിയിച്ചു. ദീർഘകാലം അമൃത ടിവിയിലും പിന്നീട് കൗമുദി ടിവിയിലും പ്രവർത്തിച്ചിരുന്ന ഗോപീകൃഷ്ണൻ മാധ്യമ മേഖലയ്ക്കു പുറത്തേക്കു സൗഹൃദം വളർത്തിയ വ്യക്തിത്വമായിരുന്നു. കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച എംബിഎസ് യൂത്ത് ക്വയറിൽ നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണന്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കഠിനാധ്വാനിയെന്ന് ചെന്നിത്തല
ഗോപീകൃഷ്ണന്റെ ആകസ്മിക വേർപാടിൽ രമേശ് ചെന്നിത്തലയും അനുശോചനം അറിയിച്ചു. തന്റെ ജോലിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തിയിരുന്ന കഠിനാധ്വാനിയായ ഒരു മാധ്യമ പ്രവർത്തകനായിരുന്നു ഗോപീകൃഷ്ണനെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു
പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകൻ: കെ.സുരേന്ദ്രൻ
മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ദീർഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപികൃഷ്ണൻ സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകനായിരുന്നു. മാധ്യമമേഖലയെ പോലെ സംഗീതത്തെയും സ്നേഹിച്ച ഒരു കലാആസ്വാദകനായിരുന്നു അദ്ദേഹം. ഗോപീകൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
ആകർഷകമായ വ്യക്തിത്വം: മന്ത്രി റോഷി അഗസ്റ്റിൻ
മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണന്റെ ആകസ്മിക വിയോഗം ഞെട്ടലോടെ ആണ് കേട്ടത്. എസിവിയിലും അമൃത ടി.വിയിലും കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപികൃഷ്ണൻ ഏറെ സുപരിചിതൻ ആണ്. സമൂഹത്തോട് പ്രതിബദ്ധത ഉള്ള മാധ്യമ പ്രവർത്തകൻ ആയിരുന്ന അദ്ദേഹം സംഗീതത്തെയും അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു. ആകർഷകമായ വ്യക്തിത്വമുള്ള അദ്ദേഹം ഏവർക്കും പ്രിയങ്കരനായിരുന്നു. ഗോപീകൃഷ്ണന്റെ ഭാര്യ വാട്ടർ അഥോറിറ്റി ജഞഛ ആയ നിഷയെയും അടുത്ത് അറിയാം. ഈ വിഷമ ഘട്ടം താണ്ടാൻ നിഷക്കും മക്കൾക്കും കുടുംബത്തിനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഗോപീകൃഷ്ണന്റെ വിയോഗത്തിൽ പ്രിയപ്പെട്ടവരുടെ വേദനയിൽ ഞാനും പങ്കു ചേരുന്നു. പ്രാർത്ഥനകൾ ...
വലിയ സൗഹൃദത്തിന് ഉടമ: കെ സുധാകരൻ
മാധ്യമ രംഗത്തിനൊപ്പം കലാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വലിയ സൗഹൃദബന്ധത്തിനു ഉടമയായിരുന്നു ഗോപീകൃഷ്ണൻ. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടം: കെ.സി. വേണുഗോപാൽ
സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാധ്യമ പ്രവർത്തകനായിരുന്ന ഗോപീകൃഷ്ണന്റെ വേർപാട് മാധ്യമ മേഖലയ്ക്ക് ഒരു വലിയ നഷ്ടമാണ്. നല്ലൊരു കലാഹൃദയത്തിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റ നിര്യാണത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ഗോപീകൃഷ്ണന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.