കൊല്ലം: തെളിയാതെ കിടന്ന കേരളത്തിലെ ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ അന്തരിച്ച റിട്ട.എസ്‌പി പി.എം.ഹരിദാസിന് (83) കേരളത്തിന്റെ ആദരാഞ്ജലി. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. അയത്തിൽ പാൽക്കുളങ്ങരയിലെ വീട്ടിലായിരുന്നു താമസം.

സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പി.എം.ഹരിദാസ് നിരവധി കൊലക്കേസുകളാണ് തെളിയിച്ചത്. 1984ൽ ഹരിദാസ് ചെങ്ങന്നൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടത് കുറുപ്പല്ലെന്നും കൊലപാതകിയാണു കുറുപ്പെന്നും ലോകമറിഞ്ഞത് ഹരിദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലൂടെയായിരുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഫിലിം റെപ്രസെന്റിറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കൊന്നുകത്തിക്കുകയായിരുന്നെന്ന് ഹരിദാസിന്റെ നേതൃത്വത്തിൽ കണ്ടെത്തി.

സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തിയിട്ടുണ്ട്. സുകുമാരക്കുറുപ്പിന്റെ ജീവിതം വിഷയമാക്കിയ 'കുറുപ്പ്' സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ചത് ഹരിദാസിനെയാണ്. ചങ്ങനാശേരി കുറിച്ചിയിലെ അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ ഇരട്ടക്കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കൊല്ലം എൽഡേഴ്‌സ് ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു. മരുമകൻ: രാമനാഥൻ. സംസ്‌കാരം ഇന്നു രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ.