ന്യൂയോർക്ക്: സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി ചരിത്രം സൃഷ്ടിച്ച ആഫ്രോ അമേരിക്കൻ വനിത ഡൊറോത്തി പിറ്റ്മൻ ഹ്യൂസിന് (84) വിട. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച ഡൊറോത്തിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലോകത്തിന്റെ നാനാ കോണിലുള്ള ജനങ്ങൾ. വനിതാ വിമോചന പ്രസ്ഥാനങ്ങൾക്കു കരുത്തേകിയ ഇവർ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയും നിരന്തരം പോരാടി.

1970 കളിൽ ഇവർ യുഎസിൽ നടത്തിയ പര്യടനം വനിതാ വിമോചനപ്രസ്ഥാനത്തിന്റെ രണ്ടാം തരംഗത്തിനുതന്നെ കാരണമായി. വനിതാവകാശ പ്രവർത്തക ഗ്ലോറിയ സ്റ്റെയ്നെമുമായി കൈകോർത്താണ് ഇവർ വിപ്ലവം സൃഷ്ടിച്ചത്. കലാലയങ്ങളിലും കമ്യൂണിറ്റി സെന്ററുകളിലും നടത്തിയ പ്രസംഗങ്ങൾ യുവജനങ്ങളുടെ ആവേശമായി. ഇരുവരും തോളോടു തോൾ ചേർന്ന് വലം കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന 1971ലെ ചിത്രം നാഷനൽ പോർട്രെയ്റ്റ് ഗാലറിയിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

മൻഹാറ്റനിൽ സ്ഥാപിച്ച കമ്യൂണിറ്റി സെന്റർ വഴി എണ്ണമറ്റ കുടുംബങ്ങളെ സഹായിക്കുകയും തൊഴിൽ, അഭിഭാഷക പരിശീലനങ്ങൾ നൽകുകയും ചെയ്തു. 1938 ൽ ജോർജിയയിൽ ജനിച്ച ഡൊറോത്തി 1950 ലാണു ന്യൂയോർക്കിലേക്കു മാറിയത്. 10 വയസ്സുള്ളപ്പോൾ പിതാവിനു ക്രൂരമർദനമേറ്റതാണു ജീവിതത്തിലെ വഴിത്തിരിവായത്.

വനിതകൾക്കുവേണ്ടി ന്യൂയോർക്ക് നഗരത്തിൽ ആദ്യമായി അഭയകേന്ദ്രം സ്ഥാപിച്ചതും ശിശുസംരക്ഷണ പ്രവർത്തന ഏജൻസി ആരംഭിക്കാൻ മുൻകയ്യെടുത്തതും ഡൊറോത്തിയായിരുന്നു. 'വിത്ത് ഹെർ ഫിസ്റ്റ് റെയ്‌സ്ഡ്' എന്ന ഡൊറോത്തിയുടെ ജീവചരിത്രം കഴിഞ്ഞവർഷം പുറത്തിറങ്ങിയിരുന്നു.