ചണ്ഡിഗഡ്: അന്തരിച്ച കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വി.കെ.ബാലിയുടെ (77) സംസ്‌ക്കാരം നടത്തി. 1991 ലാണ് പഞ്ചാബ്ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനാകുന്നത്. കേരള ഹൈക്കോടതിയിൽ ഒരു വർഷം ചീഫ് ജസ്റ്റിസായിരുന്നു. 2007 ൽ ആ പദവിയിൽ നിന്നാണ് വിരമിച്ചത്. കേരള ഹൈക്കോടതി പുതിയ മന്ദിരത്തിലേക്കു മാറിയതും സുവർണ ജൂബിലി ആഘോഷങ്ങളിലേക്കു കടന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

പാക്കിസ്ഥാനിൽ നിന്ന് വിഭജനകാലത്ത് പഞ്ചാബിലേക്ക് കുടിയേറിയതാണ് ബാലിയുടെ കുടുംബം. എസ്എൻസി ലാവ്ലിൻ കേസ് സിബിഐ ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ചത് വി.കെ.ബാലിയായിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഘാതകനെ വെടിവച്ചു കൊന്ന കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ വിധി പറഞ്ഞതും ബാലിയാണ്.

വിരമിച്ചശേഷം സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. ഭാര്യ: കുസും ബാലി. മകൾ ചാരു ബാലി ഹരിയാന കേഡർ ഐപിഎസ് ഉദ്യോഗസ്ഥയാണ്. മകൻ പുനീത് ബാലി അഭിഭാഷകനും. 2012 വരെ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനായിരുന്നു.

സ്വാശ്രയ നിയമത്തിലെ വിദ്യാർത്ഥി പ്രവേശന-ഫീസ് ഘടന വ്യവസ്ഥകൾ റദ്ദാക്കിയതും ബാലിയുടെ നേതൃത്വത്തിലുള്ള ബെഞ്ചായിരുന്നു. വിധിയുടെ പേരിൽ ചീഫ് ജസ്റ്റിസിനെതിരെ സിപിഎമ്മും എസ്എഫ്‌ഐയും തെരുവിലിറങ്ങി. വിരമിച്ച ദിവസം 'പ്രതീകാത്മക നാടുകടത്തൽ' പ്രതിഷേധവുമായി ഇടതു യുവജനസംഘടനകൾ രംഗത്തെത്തി. എന്നാൽ, ഹൈക്കോടതിയുടെ നടയിൽ സാഷ്ടാംഗം പ്രണമിച്ചാണ് ജസ്റ്റിസ് ബാലി പടിയിറങ്ങിയത്.