- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഇന്നേവരെ കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിന് വിട; 82-ാം വയസ്സിൽ പെലെ കാൻസറിനോട് പൊരുതി തോറ്റു മടങ്ങുമ്പോൾ കണ്ണീരൊഴുക്കി കായിക പ്രേമികൾ; മൂന്ന് ലോക കപ്പ് കിരീടങ്ങൾക്ക് മുത്തമിട്ട ഇതിഹാസ താരത്തിന് ആദരാഞ്ജലികൾ
സാവോ പോളോ: കാൽപ്പന്തിന്റെ മായാജാലം കൊണ്ട് ലോകത്തെ മയക്കിയ ഫുട്‌ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. നാളുകളായി കുടലിലെ കാൻസറിനോട് പൊരുതിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ അന്ത്യം സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു.
ലോകം ഇന്നേവരെ കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരമാണ് പെലെ. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പ് കിരീടങ്ങളിൽ മുത്തമിട്ട അദ്ദേഹം ലോകം കണ്ട മികച്ച ഫുട്‌ബോളർമാരിൽ അഗ്രഗണ്യനാണ്. എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോൾ താരവും പെലെയാണ്. 15-ാം വയസിൽ ബ്രസീലിയൻ ക്ലബ് സാന്റോസിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. വെറും 16-ാം വയസിൽ ബ്രസീൽ ദേശീയ ടീമിലെത്തി. അന്നു മുതൽ ബ്രസീലിനെ വിജയത്തിലേക്ക് നയിച്ചു. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ (19571971) നേടി. ആകെ കണക്കിൽ 1361 മത്സരങ്ങളിലൂടെ 1281 ഗോളുകൾ എന്ന അത്ഭുത നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്‌ക്കെതിരെയും. അർജന്റീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസ്സിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്‌ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കവർന്നു. എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിന്മാറി. ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്ത പെലെ ഇന്നും ലോകകപ്പിലെ വിസ്മയമാണ്. ഫുട്‌ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയാണ് പെലെയുടെ മടക്കം.
1940 ഒക്ടോബർ 23-ന് 'മൂന്ന് ഹൃദയം' എന്നർഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. ഇടത്തരം പ്രഫഷനൽ ഫുട്‌ബോളറായിരുന്ന ഡോൺടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്റോയുടെ പുത്രനായി പിറന്നു എന്നതായിരുന്നു പെലെയുടെ ഭാഗ്യം. അമ്മ സെലെസ്റ്റേ അരാന്റസ്. പ്രൊഫഷണൽ ഫുട്‌ബോൾ താരമായ പിതാവ് പരുക്കുമൂലം കളി നിർത്തിയപ്പോൾ കുഞ്ഞു പെലെ റെയിൽവേ സ്റ്റേഷനുകളിൽ ഷൂ പോളിഷുകാരനാവാനായിരുന്നു പെലെയുടെ ആദ്യ വിധി. ഒടുവിൽ വാസമുറപ്പിച്ച ബൗറു നഗരത്തിലെ മേയർ സ്പോൺസർ ചെയ്ത ടൂർണമെന്റിലാണു പെലെ എന്ന ഇതിഹാസം പിറന്നത്.
ഇടതുകയ്യിൽ പന്ത്, വലതു കയ്യിൽ ഷൂ പോളിഷ് കിറ്റ്! എന്നിട്ടും തെരുവോരങ്ങളിലെ നഗ്‌നപാദ ടീമുകളിൽ കളി തുടർന്നപ്പോൾ കൂട്ടുകാർ അവനു മറ്റൊരു പേരു നൽകി: പെലെ. പാദമെന്നോ അഴുക്ക് എന്നോ അല്ലെങ്കിൽ മണ്ണ് എന്നോ അവർ അർഥമാക്കി. ബൗറു മേയർ സ്പോൺസർ ചെയ്ത ബോയ്‌സ് ടൂർണമെന്റിൽ പതിനൊന്നാം വയസ്സിൽ പെലെ എന്ന ഗോളടിയന്ത്രം പിറക്കുകയായിരുന്നു!
ഭാവിയിൽ 1281 ഗോൾകൊണ്ടു വല നിറയ്ക്കുവാനുള്ള ഭാഗധേയം ആ ബാലനെ കാത്തിരുന്നു. പിതാവിന്റെ സുഹൃത്തും 1934ൽ ബ്രസീൽ ലോകകപ്പ് ടീമംഗവുമായിരുന്ന വാർഡർ ഡി ബ്രിട്ടോ ആ പതിനൊന്നുകാരനിൽ ലോക ഫുട്‌ബോളിലെ മുടിചൂടാമന്നനെ ദീർഘദർശനം ചെയ്തപ്പോൾ ചരിത്രനിമിഷങ്ങളുടെ പിറവിയായി. ട്രൗസറും ബനിയനും മാത്രം ധരിച്ചു ശീലിച്ച പെലെ ആദ്യമായി ഫുൾപാന്റും ഷർട്ടും ഷൂസും ധരിച്ചതു പതിനഞ്ചാം വയസ്സിൽ സാന്റോസ് ക്ലബ്വിലെത്തി അവരുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. പിന്നീട് പരിശീലനത്തിന്റെ നാളുകൾ, അംഗീകാരത്തിന്റെ മുദ്രകൾ. ആദ്യം ജൂനിയർ, അമച്വർ ടീമുകളിൽ. തുടർന്ന് ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ കളിക്കാരനായി സാന്റോസിന്റെ ഫുൾടീമിൽ. പതിനാറാം വയസ്സിൽ പ്രഫഷനൽ ടീമിൽ സ്ഥിരാംഗം, പതിനേഴാം വയസ്സിൽ ദേശീയ ടീമിലെ പത്താം നമ്പർ ജഴ്‌സി സ്വന്തം. പത്താം നമ്പർ ജഴ്‌സി എന്നതു പെലെയുടെ മാത്രം ജഴ്‌സി എന്ന ലോകത്തിന്റെ അംഗീകാരത്തിന്റെ ആദ്യ നാളുകളായിരുന്നു അതെല്ലാം. ഫുട്‌ബോളിൽ പത്താം നമ്പർ കളിക്കാർ അതോടെ സ്വർണത്തിളക്കവുമായി പെലെയുടെ പ്രതിനിധികളായി!
നേട്ടങ്ങൾ
ലോകകപ്പ് വിജയം: 1958, 1962, 1970
കോപ അമേരിക്ക ടോപ് സ്‌കോറർ: 1959
ലോകകപ്പ് ആകെ മൽസരങ്ങൾ: 14
വിജയം: 12,സമനില: 1, പരാജയം: 1
ലോകകപ്പ് ഗോൾ: സ്വീഡൻ ലോകകപ്പ് (1958) 6, ചിലെ(1962) 1 ഇംഗ്ലണ്ട് (1966) 1 , മെക്‌സിക്കോ (1970) 4 , ആകെ 12
ന്മ ബഹുമതികൾ
ഫിഫ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫ ഓർഡർ ഓഫ് മെറിറ്റ്: 2004
ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്‌ബോളർ: 1973
ഫിഫ ലോകകപ്പ് മികച്ച കളിക്കാരൻ: 1970
ഫിഫ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958
ആകെ ഗോളുകൾ: (ടീം, മൽസരം, ഗോൾ)
സാന്റോസ് ക്ലബ് 1114 1088,
ബ്രസീൽ നാഷനൽ ടീം 112 95
ന്യൂയോർക്ക് കോസ്‌മോസ് 64 40
മറ്റു ടീമുകൾ (ആർമി ഇലവൻ , ആൾസ്റ്റാർ ഇലവൻ തുടങ്ങിയവ) 73 58
ആകെ 1363 1281