മുംബൈ: അന്തരിച്ച ടാറ്റാ സൺസ് മുൻഡയറക്ടറും മലയാളിയുമായ ആർ.കെ. കൃഷ്ണകുമാറിന് ആദരാഞ്ജലികൾ. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1963 ൽ ടാറ്റായിൽ ചേർന്ന അദ്ദേഹം ടാറ്റ ഗ്ലോബൽ ബവ്‌റിജസിനെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയാക്കി മാറ്റിയ ഏറ്റെടുക്കൽ നടപടികളിൽ ഉൾപ്പെടെ നിർണായക പങ്കുവഹിച്ചു. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

കണ്ണൂർ തലശ്ശേരി സ്വദേശിയായിരുന്നു അദ്ദേഹം. കണ്ണൂർ ചൊക്ലി രായിരത്ത് ആർ.കെ. സുകുമാരന്റെയും കണ്ണൂർ മൂർക്കോത്ത് കൂട്ടാംപള്ളി സരോജിനിയുടെയും മകനായ രയരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാർ എന്ന ആർ.കെ. കൃഷ്ണകുമാർ ചെന്നൈ ലയോള കോളജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം പ്രസിഡൻസി കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.

1963 ൽ ആണ് ടാറ്റ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസസിൽ ചേരുന്നത്. 1988ൽ ടാറ്റ ടീയിൽ ജോയിന്റ് ഡയറക്ടറും 1991ൽ ടാറ്റ ടീ മാനേജിങ് ഡയറക്ടറുമായി. 1996ൽ താജ് ഹോട്ടലുകളുടെ ഹോൾഡിങ് കമ്പനിയായ ഇന്ത്യൻ ഹോട്ടൽസിന്റെ എംഡിയും പിന്നീട് വൈസ് ചെയർമാനുമായി. 2007ലാണു ടാറ്റ സൺസ് ബോർഡിലെത്തിയത്. ഭാര്യ: രത്‌ന, മകൻ: അജിത് (യുഎസ്)