വത്തിക്കാൻ സിറ്റി: കാലം ചെയ്ത എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അവസാനവാക്കുകൾ 'കർത്താവെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു' എന്നായിരുന്നുവെന്ന് സെക്രട്ടറി ആർച്ച്ബിഷപ് ഗെയോർഗ് ഗാൻസ്വൈന്റെ വെളിപ്പെടുത്തൽ. ഡിസംബർ മുപ്പത്തിയൊന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ ഒൻപത് മുപ്പത്തിനാലിനായിരുന്നു എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം.

വിയോഗത്തിന് ഏകദേശം ആറു മണിക്കൂർ മുൻപ് വെളുപ്പിനെ മൂന്നു മണിയോടെയാണ് മാർപ്പാപ്പ തന്റെ ഈ ലോകജീവിതത്തിലെ അവസാന വാക്കുകൾ ഉരുവിട്ടത്.എപ്പോഴും ദൈവസ്‌നേഹം മുറുകെ പിടിച്ചിരുന്ന പാപ്പായുടെ വാക്കുകളും അതുതന്നെയായിരുന്നു,

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു- 'കർത്താവെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു!' അരികത്തുണ്ടായിരുന്ന ശുശ്രൂഷകൻ ആ അവസാനവാക്കുകൾ റെക്കോഡ് ചെയ്തു. അദ്ദേഹത്തിൽ നിന്നുയർന്ന അവസാനത്തെ വാക്കുകളായിരുന്നു ഇത്.

'അടക്കംപറയുന്ന പോലൊരു ശബ്ദം മാത്രം. പക്ഷെ വേർതിരിച്ചറിയാൻ കഴിയുന്നത്ര അതിന് വ്യക്തതയുണ്ടായിരുന്നു. അദ്ദേഹം ഇറ്റാലിയൻ ഭാഷയിൽ പറഞ്ഞു, കർത്താവെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! ആ സമയത്ത് ഞാനവിടെയുണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ശുശ്രൂഷകൻ പിന്നീട് ഇക്കാര്യം എന്നോട് പറഞ്ഞു'. ബെനഡിക്ട് മാർപാപ്പയുടെ പേഴ്സണൽ സെക്രട്ടറിയായ ആർച്ച്ബിഷപ് ഗിയോർഗ് ഗൻസ്വൈൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ഇതായിരുന്നു ബെനഡിക്ട് മാർപാപ്പയുടെ അവസാനവാക്കുകളെന്നും അതിനുശേഷം അദ്ദേഹത്തിന് യാതൊന്നും പറയാൻ സാധിച്ചില്ലെന്നും ഗിയോർഗ് ഗൻസ്വൈൻ കൂട്ടിച്ചേർത്തു.

ആറ് പതിറ്റാണ്ടിനിടെ സ്വമേധയാ സ്ഥാനത്യാഗംചെയ്ത ഏക മാർപാപ്പയാണ് ബെനഡിക്ട് മാർപാപ്പ. 2013 ഫെബ്രുവരിയിൽ ലോകത്താകമാനമുള്ള വിശ്വാസികളെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ആഗോള കത്തോലിക്കാസഭയെ എട്ടുവർഷം നയിച്ച തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പ അറിയിച്ചിരുന്നു. പോപ്പ് എമിരിറ്റസിന്റെ ആരോഗ്യനിലയിൽ വെള്ളിയാഴ്ച നേരിയപുരോഗതിയുണ്ടായതിനെത്തുടർന്ന് അദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കെടുത്തുവെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു.

2016 ജൂൺ 28-ന്, തന്റെ മുൻഗാമിയുടെ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ 65-ാം വാർഷികത്തിൽ, ഫ്രാൻസിസ് മാർപാപ്പ റാറ്റ്‌സിംഗറുടെ പൗരോഹിത്യത്തിന്റെ നീണ്ട ചരിത്രത്തെ ഉൾക്കൊള്ളുന്ന 'പശ്ചാത്തലത്തിന്റെ കുറിപ്പ്' അടിവരയിട്ടുകൊണ്ട് വിശേഷിപ്പിച്ചതും ഇപ്രകാരമാണ്, 'തനിക്കേറ്റവും പ്രിയപ്പെട്ടവനായ യേശുവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണമായിരുന്നു ജോസഫ് റാറ്റ്‌സിംഗറുടെ പൗരോഹിത്യ സേവനത്തിന്റെ താക്കോൽ.

ഈ വാക്കുകൾക്ക് അടിവരയിടുന്നതാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അവസാന വാക്കുകളും. ഈ വാക്കുകൾ ഉരുവിടുന്ന സമയത്ത് ജർമൻ സംസാരിക്കാത്ത ഒരു നേഴ്‌സ് മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹം മറ്റൊന്നും സംസാരിക്കാതെ വിയോഗം സംഭവിക്കുകയായിരുന്നു.

യാഥാസ്ഥിതികനും അതേസമയം, പുതുകാലത്തോട് സംവദിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായിരുന്നു ബെനഡിക്ട് മാർപാപ്പ. ഗ്രീൻ പോപ്പ്, സോഷ്യൽ നെറ്റ് വർക്കിങ് പോപ്പ് എന്നിങ്ങനെ വിശേഷണങ്ങളുള്ള അദ്ദേഹം ധാർമികതയുടെ കാവലാളെന്നും അറിയപ്പെട്ടു.

ജോസഫ് അലോഷ്യസ് റാറ്റ്‌സിങ്ങറെന്നാണ് യഥാർഥ പേര്. 2005 ഏപ്രിൽ 19-ന് ജോൺ പോൾ രണ്ടാമന്റെ വിയോഗത്തോടെ എഴുപത്തെട്ടാം വയസ്സിലാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേവർഷം മെയ്‌ ഏഴിന് സ്ഥാനമേറ്റു. ബെനഡിക്ട് പതിനാറാമനെന്ന പേരും സ്വീകരിച്ചു. ക്ലമന്റ് പന്ത്രണ്ടാമനുശേഷം മാർപാപ്പപദവിയിലെത്തിയ ഏറ്റവുംപ്രായംകൂടിയ വ്യക്തിയായി. 2013 ഫെബ്രുവരി 28-ന് വാർധക്യസഹജമായ അവശതകളാൽ സ്ഥാനമൊഴിഞ്ഞു. കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനായിരുന്ന സമയത്ത് ബെനഡിക്ട് പതിനാറാമൻ കത്തോലിക്കാ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചത്.

ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന അദ്ദേഹം മാർപാപ്പയാകുന്നതിനുമുമ്പ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻഡ് ഫ്രയ്‌സിങ് അതിരൂപതാ മെത്രാപ്പൊലീത്ത, കർദിനാൾ, വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയയിലാണ് ജനിച്ചത്. ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ വശമുള്ള പാപ്പ, പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് സൈനികനായിരുന്നു റാറ്റ്‌സിങ്ങർ. 1945-ൽ യുദ്ധത്തടവുകാരനായി. ആ വർഷം ജൂണിൽ മോചിതനായ അദ്ദേഹവും സഹോദരനും സെമിനാരിയിൽ ചേരുകയായിരുന്നു. 1951-ജൂൺ 29-ന് വൈദികപ്പട്ടം ലഭിച്ചു. ദൈവശാസ്ത്ര താത്വിക-ധാർമിക മേഖലകളിൽ 160 ഗ്രന്ഥങ്ങളുടെ രചയിതാവാണ്.