ലണ്ടൻ: മുൻ ഇറ്റാലിയൻ ഫുട്‌ബോൾ താരം ജിയാൻലൂക്ക വിയാലി (58) അന്തരിച്ചു. അർബുദ ബാധിതനായി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. ഇറ്റാലിയൻ വാർത്താ ഏജൻസി എഎൻഎസ്എ ആണ് താരത്തിന്റെ മരണ വാർത്ത പുറത്തുവിട്ടത്.

അഞ്ചു വർഷമായി അർബുദരോഗബാധിതനായിരുന്നു. 2017-ൽ പാൻക്രിയാസിൽ അർബുദം ബാധിച്ച ജിയാൻലൂക്ക 2020-ൽ രോഗത്തിൽ നിന്ന് മുക്തി നേടിയിരുന്നു. പക്ഷേ 2021-ൽ വീണ്ടും അർബുദം അദ്ദേഹത്തെ കീഴടക്കി.

ഇറ്റാലിയൻ ക്ലബ്ബ് സാംപ്ഡോറിയയിലൂടെ കരിയർ തുടങ്ങിയ ജിയാൻലൂക്ക എട്ട് സീസണുകൾക്ക് ശേഷം പിന്നീട് 1992-ൽ യുവന്റസിനായും ബൂട്ടണിഞ്ഞു. ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായി. 1996-ൽ ചെൽസിയിൽ ചേർന്ന് അദ്ദേഹം 1998-ൽ ക്ലബ്ബിന്റെ താരവും മാനേജറുമായി പ്രവർത്തിച്ചു. ചെൽസിയെ ലീഗ് കപ്പ്, യുവേഫ സൂപ്പർ കപ്പ്, യുവേഫ കപ്പ് വിന്നഴ്സ് കപ്പ് വിജയങ്ങളിലേക്ക് നയിച്ചു. 2000-ൽ ചെൽസിക്ക് എഫ് എ കപ്പും നേടിക്കൊടുത്തു.

ഇറ്റലിക്കായി 59 മത്സരങ്ങൾ കളിച്ച വിയാലി, 16 ഗോളുകൾ നേടിയിട്ടുണ്ട്. 1986, 1990 ലോകകപ്പിൽ ഇറ്റലി ടീം അംഗമായിരുന്നു. ടീമിലെ സഹതാരവും ഉറ്റസുഹൃത്തുമായ റോബർട്ടോ മാൻസീനി ഇറ്റലി ടീമിന്റെ പരിശീലകനായതോടെയാണ് ജിയാൻലൂകയും സ്റ്റാഫ് അംഗമായി എത്തുന്നത്. ഇറ്റലിയുടെ 2020 യൂറോ വിജയം ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. 2017ലാണ് അർബുദ രോഗബാധിതനാകുന്നത്.