ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ ദേശീയ താരം റേസർ കെ ഇ കുമാർ അന്തരിച്ചു. മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന എം ആർ എഫ് എം എം എസ്സി എഫ് എം എസ് സി ഐ ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പിനിടെ ആണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.

കെ ഇ കുമാറിന്റെ മരണത്തിൽ പൊലീസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എം എം എസ് സിയുടെ ആജീവനാന്ത അംഗമായിരുന്നു കെ ഇ കുമാർ. ദേശീയ തലത്തിൽ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

59 കാരനായ കെ ഇ കുമാറിന്റെ കാർ എതിരാളിയുടെ കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ട്രാക്കിന് പുറത്ത് പ്രതിരോധ മതിലിൽ പോയി ഇടിച്ച് മറിയുകയായിരുന്നു. ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിനിടെ ആണ് അപകടം സംഭവിക്കുന്നത്. ഉടൻ തന്നെ കാറിനുള്ളിൽ നിന്ന് കെ ഇ കുമാറിനെ പുറത്തെടുത്തിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ട്രാക്കിന്റെ മെഡിക്കൽ സെന്ററിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കെ ഇ കുമാറിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെ ഇ കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും എന്നാൽ സാധിച്ചില്ല എന്നും ഡോക്ടർമാർ പറഞ്ഞു.

അപകടത്തെ തുടർന്ന് മത്സരം നിർത്തി വെച്ചു. കെ ഇ കുമാറിന്റെ അപകട മരണം ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്ന് മീറ്റ് ചെയർമാൻ വിക്കി ചന്ദോക്ക് പറഞ്ഞു. പരിചയ സമ്പന്നനായ റേസറായിരുന്നു കെ ഇ കുമാർ. സുഹൃത്തും മത്സരത്തിലെ എതിരാളിയും എന്ന നിലയിൽ തനിക്ക് അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയാം എന്നും വിക്കി ചന്ദോക്ക് പറഞ്ഞു.

എം എം എസ് സി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുകയും കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു എന്നും വിക്കി ചന്ദോക്ക് കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തെക്കുറിച്ച് എഫ് എം എസ് സി ഐ ദേശീയ ഗവേണിങ് ബോഡിയും സംഘാടകരായ എം എം എസ്സിയും അന്വേഷണം ആരംഭിച്ചതായും ചന്ദോക്ക് കൂട്ടിച്ചേർത്തു.