തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.എ.ഡി.ദാമോദരന് (87) കേരളത്തിന്റെ ആദരാഞ്ജലികൾ. സിഎസ്‌ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്) ഡയറക്ടറും കെൽട്രോണിന്റെ മുൻ ചെയർമാനുമായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം.

സംസ്‌കാരം ഇന്നു രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പൊതുദർശനം ഇന്നു രാവിലെ 10 വരെ ശാസ്തമംഗലം മംഗലം ലെയ്‌നിലെ 'സുധർമ'യിൽ. തൃശൂർ വടക്കാഞ്ചേരി ആലത്തൂർ മനയിൽ എ.ദാമോദരൻ നമ്പൂതിരിയുടെയും കാളി അന്തർജനത്തിന്റെയും മകനാണ്. ഇഎംഎസിന്റെ മകൾ ഡോ. ഇ.എം.മാലതിയുടെ ഭർത്താവായ ദാമോദരൻ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി സമിതി ചെയർമാൻ, റീജനൽ റിസർച് ലബോറട്ടറി ഡയറക്ടർ പദവികളും വഹിച്ചു. 1957 ൽ ഭാഭ അറ്റോമിക് റിസർച് സെന്ററിൽ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.

മക്കൾ: പ്രഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്‌മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്‌സ് എഡിറ്റർ, ഇന്ത്യൻ എക്സ്‌പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി).