ന്യൂഡൽഹി: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവിന് (75) അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിഹാർ മുൻ മുഖ്യമന്ത്രി റാബറി ദേവി തുടങ്ങിയവർ ഡൽഹി ചത്തർപുരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഡൽഹി ഛത്തർപൂരിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ നേതാക്കളും പ്രവർത്തകരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. മദ്ധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ബാബായ് തഹ്സിലിലുള്ള ജന്മഗ്രാമമായ ആൻഖ്മൗവിൽ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കും. കുറച്ചുകാലമായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നിരുന്ന ശരദ് യാദവിനെ ശ്വാസതടസത്തെ തുടർന്നാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് എന്നിവർ അനുശോചിച്ചു. ബിഹാർ സർക്കാർ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശരദ് യാദവ് വ്യാഴാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം മധ്യപ്രദേശിലെ ഷോഷംഗബാദ് ജില്ലയിലെ ജന്മഗ്രാമമായ ബാബായിൽ നാളെ നടക്കും. ഭാര്യ: ഡോ.രേഖ യാദവ്. മക്കൾ: സുഭാഷിണി, ശന്തനു.

ശരദ് യാദവ് മുതിർന്ന സഹോദരനെപ്പോലെ ആയിരുന്നുവെന്നും രാഷ്ട്രീയമായി ഏറ്റുമുട്ടിയപ്പോഴും ശത്രുത ഉണ്ടായിരുന്നില്ലെന്നും ലാലു പ്രസാദ് യാദവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പഞ്ചാബിൽ ഭാരത് ജോഡോ യാത്രയിൽ ആയിരുന്ന രാഹുൽ ഗാന്ധി, യാത്ര നിർത്തിവച്ചാണ് ഡൽഹിയിലെത്തിയത്. ശരദ് യാദവിന്റെ നിര്യാണം കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും അനുശോചിച്ചു.

1947 ജൂലായ് ഒന്നിന് മദ്ധ്യപ്രദേശിലെ ഹോഷംഗബാദിലെ ബന്ദായ് ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് ശരദ് യാദവ് ജനിച്ചത്. ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദധാരിയായ ശരദ് യാദവ് ജയ്പ്രകാശ് നാരായണന്റെ കോൺഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് ചേരിയിലൂടെ ഉയർന്നുവന്ന നേതാവാണ്. ലോക്ദൾ,ജനതാ പാർട്ടി, ജനതാദൾ, ജെ.ഡി.യു പാർട്ടികളിൽ പ്രവർത്തിച്ചു. നിതീഷ് കുമാർ എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.യു വിട്ട് 2018ൽ രൂപീകരിച്ച ലോക്താന്ത്രിക് ജനതാ ദൾ പാർട്ടി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ലയിച്ചിരുന്നു.

മധ്യപ്രദേശിൽ ജനിച്ച് ബീഹാർ രാഷ്ട്രീയത്തെ നിയന്ത്രിച്ച ശരദ് യാദവ് കോൺഗ്രസിനും ബിജെപിക്കും ദേശീയതലത്തിൽ ബദലുണ്ടാക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഏഴു തവണ യു.പി, മദ്ധ്യപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ നിന്ന് ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1989-90 കാലത്ത് വി.പി.സിങ് മന്ത്രിസഭയിൽ ടെക്സ്‌റ്റൈൽ, ഭക്ഷ്യസംസ്‌കരണം, 1999ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാനം, തൊഴിൽ, ഭക്ഷ്യ-ഉപഭോക്തൃ വകുപ്പുകളും കൈകാര്യം ചെയ്തു.