ന്യൂഡൽഹി: അന്തരിച്ച ഹൈദരാബാദ് നിസാമിന്റെ അനന്തരാവകാശിയായ നിസാം എട്ടാമൻ മുക്കറം ജാ (89) യുടെ കബറടക്കം ഇന്ന്. തുർക്കിയിലെ ഇസ്തംബുളിൽ അന്തരിച്ച അദ്ദേഹത്തിന്റെ മൃതതേദം സംസ്‌ക്കാരത്തിനായി ഇന്ന് ഹൈദരാബാദിലെത്തിക്കും. മിർ ബർക്കത്ത് അലി ഖാൻ മുക്കറം ജാ ബഹാദൂർ എന്നാണു മുഴുവൻ പേര്. അവസാനത്തെ നിസാം മിർ ഉസ്മാൻ അലി ഖാന്റെ മൂത്ത മകൻ അസം ജാ ബഹാദൂറിന്റെ മകനാണ്. ഓട്ടോമാൻ രാജകുമാരിയായിരുന്ന ദുരുശേവറാണു മാതാവ്.

ജായുടെ ആഗ്രഹപ്രകാരം ഹൈദരാബാദിൽ ചാർമിനാറിനു സമീപം മക്ക മസ്ജിദിൽ കബറടക്കം നടത്താൻ തുർക്കിയിലുള്ള കുടുംബം തീരുമാനിക്കുക ആയിരുന്നു. ഇവിടെയാണു രാജകുടുംബാംഗങ്ങളെ അടക്കം ചെയ്തിട്ടുള്ളത്. ഒരു ദശകം മുൻപാണ് അവസാനം ഹൈദരാബാദ് സന്ദർശിച്ചത്. ആദ്യഭാര്യ തുർക്കിയിലെ രാജകുടുംബാംഗമായിരുന്നു. മറ്റൊരാൾ 1992 ലെ മിസ് തുർക്കിയും.

1933 ൽ ഫ്രാൻസിൽ ജനിച്ച മുക്കറം ജാ ഡെറാഡൂണിലെ ഡൂൺ സ്‌കൂളിലെ പഠനത്തിനുശേഷം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, കേംബ്രിജ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി. മുക്കറം ജാ വിടവാങ്ങുന്നതോടെ നിസാം രാജവംശ പാരമ്പര്യം അവസാനിക്കുന്നുവെന്നും പറയാം. തുർക്കിയിൽ സ്ഥിരതാമസമാക്കുന്നതിനു മുൻപ് കുറെക്കാലം ഓസ്‌ട്രേലിയയിലും താമസിച്ചു.

പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി ചെയ്ത സേവനങ്ങളോടുള്ള ആദരസൂചകമായ ഉന്നത ബഹുമതികളോടെയായിരിക്കും കബറടക്കമെന്ന് അനുശോചന സന്ദേശത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അറിയിച്ചു. നാട്ടുരാജ്യമായിരുന്ന ഹൈദരാബാദ് 1948 ലാണ് ഇന്ത്യയിൽ ലയിപ്പിച്ചത്.