ബെംഗളൂരു: അന്തരിച്ച ഇന്ത്യൻ നാവികസേനാ മുൻ ഉപമേധാവി റിട്ട.വൈസ് അഡ്‌മിറൽ പി.ജെ.ജേക്കബിന് (രാജൻ82) രാജ്യത്തിന്റെ പ്രണാമം. വർഷങ്ങൾ രാജ്യത്തിനു വേണ്ടി വിശിഷ്ട സേവനം നടത്തിയ അദ്ദേഹത്തിന്റെ അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സർജാപുര റോഡിലെ വസതിയിൽ ആയിരുന്നു. സംസ്‌കാരം 25ന് ഹൊസൂർ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടക്കും. ശുശ്രൂഷയ്ക്കു ശേഷം കൽപള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിക്കും.

ചാത്തന്നൂർ വലിയവീട്ടിൽ കുടുംബാംഗമാണ്. 1998 മാർച്ച് 31ന് നാവികസേന ഉപമേധാവിയായ ഇദ്ദേഹം 2001 ഫെബ്രുവരി 28നാണ് വിരമിച്ചത്. പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറലായും പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷാ രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ജേക്കബ്, പ്രതിരോധ മന്ത്രാലയത്തിനും നാവികസേനയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ഉടമ്പടികൾക്കായുള്ള പ്രതിനിധി സംഘങ്ങളെ നയിച്ചു. വിരമിച്ചശേഷം ടിവി എസ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായും സുന്ദരം ക്ലേട്ടൺ ലിമിറ്റഡ്, ദുവാ കൺസൾട്ടിങ് എന്നിവയുടെ ഡയറക്ടറായും പ്രവർത്തിക്കുകയായിരുന്നു. തലവടി കളത്തിൽ കുടുംബാംഗമായ സൽഗയാണു ഭാര്യ. മക്കൾ: ക്യാപ്റ്റൻ വിവേക് ജേക്കബ് (മർച്ചന്റ് നേവി), അഡ്വ. ദീപക് ഈപ്പൻ ജേക്കബ്. മരുമക്കൾ: അഞ്ജന, ലീനിക.