കണ്ണൂർ: ശ്രീ സുന്ദരേശ്വര ക്ഷേത്രം മേൽശാന്തി ഇ.ജി. രാജൻ ശാന്തിക്ക് നാടിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച അന്തരിച്ച ഇ.ജി. രാജൻ ശാന്തിയുടെ ഭൗതിക ശരീരം ഇന്നലെ രാവിലെ എസ്എൻ വിദ്യ മന്ദിർ സ്‌കൂളിന് മുന്നിൽ പൊതുദർശനത്തിന് വച്ചു. നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. അനുശോചന യോഗവും ചേർന്നു.

എറണാകുളം ജില്ലയിൽ ഓണമ്പിള്ളി ഇടവൂർ ഇടുങ്കപ്പടി സുന്ദരേശ്വരം വീട്ടിൽ ഇ.കെ. ഗോവിന്ദന്റെ മകനാണ്. പതിനഞ്ചാം വയസ്സിൽ മലബാറിലെത്തിയ ഇ.ജി. രാജൻ 1971 ഓഗസ്റ്റ് 7നാണ് കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ പരിചാരകൻ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. 1983ൽ ക്ഷേത്ര ശാന്തിയായി സ്ഥാനക്കയറ്റം ലഭിച്ചു.

കണ്ണൂരിലെത്തിയതിന് ശേഷം ഇദ്ദേഹം ശ്രീനാരായണ തത്വങ്ങളോടും, പ്രസ്ഥാനങ്ങളോടും, ക്ഷേത്രങ്ങളോടും അടുത്ത ബന്ധം പുലർത്തി. ശ്രീനാരായണഗുരുദേവ ചിന്തകളോടും ഗുരുദേവനോടും വളരെയേറെ ആദരവ് പുലർത്തി. ഗുരുദേവ ചിന്തകളെ പ്രചരിപ്പിക്കുന്ന കാര്യത്തിലും മുന്നിൽ നിന്ന് പ്രവർത്തിച്ചു.

2007ൽ നടന്ന ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ ശതാബ്ദതി ആഘോഷവും അനുബന്ധമായി നടന്ന സഹസ്രകലശം, പിന്നീട് നടന്ന ധ്വജ പുനഃപ്രതിഷ്ഠ കർമ്മത്തിലും, 2016 ൽ നടന്ന ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദതി ആഘോഷവേളയിലും, സഹസ്ര കലശപൂജയിലും സജീവ പങ്കാളിത്തം വഹിച്ചു. ക്ഷേത്രത്തിന്റെ ഇന്ന് കാണുന്ന സ്ഥിതിയിലെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചു.

ക്ഷേത്രത്തിലെ എല്ലാ പരിപാടികളിലും വൈദിക കർമ്മങ്ങളിലും എപ്പോഴും മുന്നിൽ നിന്ന് പ്രവർത്തിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സ്‌നേഹപാത്രമായിരുന്നു. കണ്ണൂർ-കാസർകോട് ജില്ലകളിലെ നിരവധി പ്രാദേശിക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്കും പൂജ കർമ്മങ്ങൾക്കും നേതൃത്വം നൽകുകയുണ്ടായി.

കൂടാതെ ശ്രീ ഭക്തി സംവർദ്ധിനി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള എടാട്ട് ശ്രീ തൃക്കയി മഹാവിഷ്ണു ക്ഷേത്രം പയ്യന്നൂർ, കണ്ണൂർ പയ്യാമ്പലം ശ്രീ ഇരിവേരി കോവിൽ എന്നീ ക്ഷേത്രങ്ങളിലെ വൈദിക കർമ്മങ്ങൾക്കും രാജൻ ശാന്തിയാണ് മേൽനോട്ടം വഹിച്ചിരുന്നത്. എറണാകുളം ഓണമ്പിള്ളി ഒക്കൽ തുട്ടുങ്കപ്പടി ശ്രീ സുന്ദരേശ്വരമാണ് സ്വന്തം വീട്. ഭാര്യ: സരസ്വതി, മക്കൾ: സരിത, പൃഥ്വിരാജ്, മരുമക്കൾ: ശ്യാംനാഥ്,ഭവ്യ.

അനുശോചന യോഗത്തിൽ ഭക്തി സംവർദ്ധിനി യോഗം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, ടി.ഒ. മോഹനൻ (കണ്ണൂർ കോർപ്പറേഷൻ മേയർ, കെ. രഞ്ജിത്ത് (ബിജെപി), പി.പി. ജയകുമാർ (കണ്ണൂർ എസ്എൻഡിപി യൂണിയൻ സെക്രട്ടറി), എം ടി. പ്രകാശൻ (തീയ്യ മഹാസഭ), മട്ടിണി വിജയൻ (ഇരിട്ടി എസ്എൻഡിപി), പ്രജിത്ത് (ആർഎസ്എസ്), അനീഷ് (ഹിന്ദു മഹാസഭ), ആർടി്സ്റ്റ് ശശികല (മധ്യവർജ്ജന സമിതി), കെ.പി. ഭാഗ്യശീലൻ (ശ്രീ സുന്ദരേശ്വര ധനാഭ്യർത്ഥന സംഘം), കല്ലികോടൻ രാഗേഷ് (കക്കാട് ഉത്സവാഘോഷ കമ്മിറ്റി), രാഗേഷ് (വാർഡ് കൗൺസിലർ), പ്രകാശൻ മാസ്റ്റ.ർ (ആദി കടലായി ക്ഷേത്രം) എന്നിവർ സംസാരിച്ചു. ഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി. പവിത്രൻ സ്വാഗതം പറഞ്ഞു.