തൊടുപുഴ: സിംഹങ്ങളുള്ള കൊടുംകാട്ടിൽ ഏകാന്ത ജീവിതം നയിച്ച ആദ്യ ഇന്ത്യക്കാരിയായ സന്യാസിനി പ്രസന്നാദേവി (88) വിടപറഞ്ഞു. വാർധക്യസഹജമായ രോഗങ്ങൾ മൂലം ഇന്നലെയായിരുന്നു അന്ത്യം.നാലു പതിറ്റാണ്ട് കൊടുംകാട്ടിൽ ജീവിച്ച പ്രസന്നാദവി കുറെ നാളായി ഗുജറാത്തിലെ ജുനഗഡിൽ സെന്റ് ആൻസ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിന്റെ സംരക്ഷണയിലായിരുന്നു. സംസ്‌കാരം നാളെ ജുനഗഡിൽ നടക്കും. 'മാതാജി' എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.

ഏകാന്ത താപസ ജീവിതം നയിക്കാൻ കത്തോലിക്കാ സഭയുടെ അനുവാദം കിട്ടിയ ആദ്യ ഇന്ത്യക്കാരിയാണ് സന്യാസിനി പ്രസന്നാദേവി. ഇവർ മലയാളിയാണെന്നത് നമുക്കും അഭിമാനം പകരുന്നു. തൊടുപുഴ ഏഴുമുട്ടം സ്വദേശിയായ പ്രസന്നാദേവി 22-ാം വയസ്സിലാണ് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നത്. ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഫാദർ ഡി ഫൂക്കോ ഓഫ് സേക്രട് ഹാർട്ട് എന്ന സന്യാസ സമൂഹത്തിൽ അംഗമായിക്കൊണ്ടാണ് സന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞത്.

ഹിമാലയത്തിൽ ഏകാന്ത തപസ്സനുഷ്ഠിച്ചിരുന്ന ഫാ. അഭിഷിക്താനന്ദ സ്വാമിയെ പരിചയപ്പെട്ടതോടെയാണ് പ്രസന്നാദേവി ഏകാന്ത തപസ്സിൽ ആകൃഷ്ടയാകുന്നത്. പിന്നീട്, ഒരു ജോടി വസ്ത്രവും ബൈബിളുമായി ഗിർനാർ മലമുകളിലെ ആശ്രമത്തിൽ ഏകാന്തവാസം തുടങ്ങി. കത്തോലിക്കാ സഭയുടെ നിയമാവലി പ്രകാരം വനിതകൾക്ക് ഒറ്റയ്ക്കുള്ള സന്യാസജീവിതം അനുവദിച്ചിട്ടില്ലെങ്കിലും 1997 ൽ വത്തിക്കാൻ പ്രസന്നാദേവിയുടെ സന്യാസത്തിന് അംഗീകാരം നൽകി.

മലയാളികളുടെ അഭിമാനദീപം
തൊടുപുഴ: പ്രസന്നാദേവി ഒരു മലയാളിയാണെന്നത് നമുക്കും അഭിമാനായി മാറുകയാണ്. തൊടുപുഴ ഏഴുമുട്ടം സ്വദേശിനി കുന്നപ്പള്ളിൽ അന്നക്കുട്ടിയാണ് വിശ്വാസത്തിന്റെ വഴിയെ സഞ്ചരിച്ച് ഗുജറാത്തിലെ ഗിർ വനത്തിൽ തപസ്സനുഷ്ഠിക്കുന്ന പ്രസന്നാദേവിയായി മാറിയത്. ഗുജറാത്തിലെ കൊടുംകാട്ടിൽ ദൈവത്തെ മാത്രം ധ്യാനിച്ച് നാലുപതിറ്റാണ്ടിലേറെക്കാലമാണ് ആ സന്യാസിനി ജീവിച്ചത്.

ഗിർവനത്തിലെ ഗിർനാർ പ്രദേശത്തു 'സ്‌നേഹദീപം' എന്ന കുടിലിലാണു പ്രസന്നാദേവി കഴിഞ്ഞത്. കൊടുംകാട്ടിൽ സന്യാസം ആരംഭിച്ച കാലത്തു 'വനദേവി' എന്നായിരുന്നു പലരും അഭിസംബോധന ചെയ്തിരുന്നത്.പിൽക്കാലത്തു പ്രസന്ന എന്ന പേരു സ്വീകരിച്ചു. വനദേവിയും പ്രസന്നയും ഒന്നായി പ്രസന്നാദേവി എന്ന പേര് ഒടുവിൽ ഉറപ്പിക്കുകയായിരുന്നു.

ചുറ്റും വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടിൽ പ്രകൃതിക്കൊപ്പം അലിഞ്ഞായിരുന്നു ആ ജീവിതം. എങ്ങനെ ഈ കൊടുംവനത്തിൽ ഒറ്റയ്ക്കു കഴിയുന്നുവെന്നു ചോദിച്ചവരോടെല്ലാം 'ഒറ്റയ്ക്കല്ലല്ലോ, ദൈവമില്ലേ കൂടേ' എന്നായിരുന്നു മറുപടി. ഗിർനാറിലെത്തിയശേഷം ഒരു ഗുഹയിലായിരുന്നു ആദ്യം താമസം. പിന്നീടു കുടിലിലേക്കു താമസം മാറുകയായിരുന്നു.