പത്തനാപുരം: പുന്നല വില്ലേജ് ഓഫിസിലെത്തുന്നവർക്ക് മുന്നിൽ കാരുണ്യം ചൊരിഞ്ഞ ആ നന്മമരം ഇനിയില്ല. പാവപ്പെട്ടവരെ ചേർത്തു നിർത്തി സങ്കടങ്ങളറിഞ്ഞ് സഹായിച്ച അജിസാർ യാത്രയായി. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയാണ് പുന്നല വില്ലേജ് ഓഫിസർ ടി.അജികുമാർ (44) വിടവാങ്ങുന്നത്.

വില്ലേജ് ഓഫിസിൽ ഓരോ ആവശ്യങ്ങൾക്കെത്തുന്നവരിൽ മടങ്ങാൻ പണമില്ലാതെ സങ്കടപ്പെട്ടവരെ ചേർത്തുനിർത്തി വണ്ടിക്കൂലി കയ്യിലേൽപ്പിച്ചും വറുതിയുടെ കാലങ്ങളിൽ കയ്യിലൊരു പലവ്യഞ്ജനക്കിറ്റുമായി വീടുകൾ കയറിയിറങ്ങിയുമാണ് അജിമുകാർ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായത്. ആർക്കും എന്ത് ആവശ്യത്തിനും സഹായിക്കുന്ന നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ജോലിക്കിടെ വീണു പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.

പത്തനാപുരം കടയ്ക്കാമണ്ണിൽ സ്വകാര്യവ്യക്തിയുടെ വീടിന്റെ നികുതിനിർണയത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് എത്തിയപ്പോഴായിരുന്നു അപകടം. മുകൾനിലയുടെ അളവെടുക്കുകയായിരുന്ന അജികുമാർ പർഗോളയുടെ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ചികിത്സച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുത്തിരുന്നു. കുണ്ടറ അംബി പൊയ്കയിൽ മീര ഭവനിൽ അജികുമാർ കോവിഡ് കാലത്താണു പുന്നല വില്ലേജ് ഓഫിസിൽ ചുമതലയേറ്റെടുക്കുന്നത്.

പാവപ്പെട്ട കുടുംബങ്ങൾ നിരവധിയുള്ള നാടാണിത്. വറുതിക്കാലമായതോടെ നിർധനരുടെ വീടുകളിൽ നേരിട്ടെത്തി സഹായങ്ങൾ കൈമാറുമായിരുന്നു അദ്ദേഹം. ഇതിനായി സന്നദ്ധ സംഘടനകളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുകയും ചെയ്തു. വില്ലേജ് ഓഫിസിൽ സേവനങ്ങൾക്കെത്തുന്നവർക്ക് എത്രയും വേഗം അവ ഉറപ്പാക്കുന്നതിലും പാവപ്പെട്ടവരെ സഹായിക്കുന്നതിലും ശ്രദ്ധ കാണിച്ചിരുന്നു.

പ്രിയപ്പെട്ട വില്ലേജ് ഓഫിസർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ ഇന്നലെ പുന്നലയിലെ ഓഫിസിലെത്തി. പത്തനാപുരം മിനി സിവിൽ സ്റ്റേഷനിലും പൊതുദർശനത്തിനു വച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ: ആർ.മീര. മക്കൾ: എം.എ.അതുല്യ, എം.എ.അക്ഷയ്.