- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കേലാശാന്റെ കൈപിടിച്ച് അക്ഷരമുറ്റത്തേക്ക് പിച്ചവച്ചത് നൂറ് കണക്കിന് കുരുന്നുകൾ; കൊഴുവനാലിന്റെ അക്ഷരപുണ്യം; ടി എസ് മാത്യു തെക്കേലിന് നാടിന്റെ അന്ത്യാഞ്ജലി
കോട്ടയം: കൊഴുവനാലിന്റെ അക്ഷരപുണ്യം തെക്കേലാശാന് നാടിന്റെ അന്ത്യാഞ്ജലി. തൊണ്ണൂറു വയസായിരുന്ന ടി എസ് മാത്യു തെക്കേൽ എന്ന തെക്കേലാശാൻ കഴിഞ്ഞ ആറര പതിറ്റാണ്ടോളം കാലം കൊഴുവനാലിലെ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന ആശാനായിരുന്നു.
1958 ജൂൺ 12ന് ആശാൻ ആരംഭിച്ച സെന്റ് ജോൺസ് നിലത്തെഴുത്ത് കളരിയിലൂടെ ആയിരക്കണക്കിന് കുരുന്നുകളാണ് അക്ഷരപുണ്യത്തിലേക്ക് പിച്ചവച്ചത്. ഗ്രാമത്തിലെ നാലും അഞ്ചും തലമുറകൾക്ക് അറിവ് പകർന്ന് കൊടുത്ത പുണ്യത്തിനെ നാട്ടുകാർ സ്‌നേഹപൂർവം തെക്കേലാശാൻ എന്ന് വിളിച്ചു.
ഇക്കഴിഞ്ഞ കോവിഡ് കാലം വരെ തെക്കേലാശാന്റെ കളരി സജീവമായിരുന്നു. ഓരോ അധ്യായന വർഷ ആരംഭത്തിലും വിജയദശമി ദിനത്തിലും വെറ്റിലയും പാക്കും ഒരു വെള്ളി നാണയവുമായി നൂറുകണക്കിന് കുരുന്നുകൾ ആശാനെ തേടി എത്തിയിരുന്നു.
പിന്നീട് ഉന്നതരായി മാറിയ ഒരുപാട് ശിഷ്യഗണങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങുവാൻ ആശാന് സാധിച്ചിരുന്നു. ഓലക്കെട്ടും നാരായവും മണലും ഒക്കെയായി അക്ഷര ദേവതയെ വിദ്യാർത്ഥികൾക്ക് പകർന്ന തെക്കേലാശാൻ ഇനി ഓർമ്മകളിൽ ജീവിക്കും.
തെക്കേൽ വീട്ടിലെ തെക്കിനിയിൽ ഇനി ഓലകളും നാരായവും മാത്രം ബാക്കി. അക്ഷരങ്ങളെ പ്രണയിച്ച് വിവാഹം പോലും മറന്ന തെക്കേലാശാൻ സഹോദരൻ ഔസേപ്പച്ചന്റെയും ഭാര്യ മേരിയുടേയും മകൾ പ്രിൻസി ബിജുവിന്റെയും സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.
തെക്കേലാശാന്റെ വിയോഗത്തിൽ എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, മാണി സി കാപ്പൻ എംഎൽഎ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കൾരാജ് എന്നിവർ അനുശോചിച്ചു.