- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിന്റെ ദൈവവചനം പറഞ്ഞു കൊടുത്ത വൈദികന് ഒരുമയോടെ വിടചൊല്ലി വിശ്വാസികൾ; ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷയിലെ രണ്ടാം ക്രമം നടത്തിയത് ഓർത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികർ ചേർന്ന്: മുഖ്യകാർമ്മികത്വം വഹിച്ച് സി.ജെ. പുന്നൂസ് കോറെപ്പിസ്‌കോപ്പ
കോട്ടയം: ഇടവകയിൽ സമാധാനത്തിന്റെ ദൈവവചനം പറഞ്ഞു കൊടുത്ത ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയ്ക്ക് ഒത്തൊരുമയോടെ വിടചൊല്ലി വിശ്വാസികൾ. സഭകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും സംസ്‌കാരം സംബന്ധിച്ച തർക്കങ്ങളും മറന്നാണ് പിതാവിനെ യാത്രയാക്കാൻ വൈദികരും വിശ്വാസികളും ഒരുമയോടെ എത്തിയത്. യാക്കോബായ സഭയിലെ സീനിയർ വൈദികനും കോട്ടയം സിംഹാസന കത്തീഡ്രൽ വികാരിയുമായിരുന്നു ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പ. വിശ്വാസികളുടെ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.
ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷയിലെ രണ്ടാം ക്രമം ഓർത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികർ ചേർന്നാണ് നടത്തിയത്. ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികൻ സി.ജെ. പുന്നൂസ് കോറെപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം ചെറിയപള്ളി മഹാ ഇടവകയുടെ സെമിത്തേരി ചാപ്പൽ ആയ പുത്തൻപള്ളിയിലായിരുന്നു ഈ ശുശ്രൂഷ.
മൃതദേഹം പിന്നീട് സിംഹാസനപ്പള്ളിയിലേക്കു കൊണ്ടുപോയി. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നേരിട്ടുള്ള ഭരണത്തിലുള്ളതാണ് സിംഹാസന കത്തീഡ്രൽ. പുത്തൻപള്ളിയിലെ ക്രമീകരണങ്ങൾക്ക് കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു കോശി, കോട്ടയം ചെറിയപള്ളി വികാരിയും ഓർത്തഡോക്‌സ് സഭയുടെ പിആർഒയുമായ ഫാ. മോഹൻ ജോസഫ്, ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുമ്പുറം, സെക്രട്ടറി വിനോയ് കുര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുത്തൻപള്ളിയിലെ എല്ലാ സംസ്‌കാര ശുശ്രൂഷകളിലും കക്ഷിഭേദം കൂടാതെ ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പ സംബന്ധിക്കുമായിരുന്നു. മരണമടഞ്ഞ വിശ്വാസികളെ സ്മരിക്കുന്ന ആനീദേ ഞായറാഴ്ച ഏബ്രഹാം ജോൺ കോറെപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ സിംഹാസന പള്ളി ഇടവകാംഗങ്ങൾ പുത്തൻപള്ളി സെമിത്തേരിയിലെത്തി ഓർത്തഡോക്‌സ് വൈദികരോടൊപ്പം ധൂപപ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.