ന്ധത ബാധിച്ച ജനക്കൂട്ടം അന്നും ആവശ്യപ്പെട്ടത് തങ്ങൾക്ക് ദൈവപുത്രനെയല്ല, ക്രൂരതയുടെയും അധർമ്മത്തിന്റെയും പര്യായമായ ബറബ്ബാസിനെയാണ് ആവശ്യം എന്നായിരുന്നു. യഹൂദന്മാരുടെ രാജാവ് എഴുന്നെള്ളുന്നു എന്ന് പരിഹസിച്ചുകൊണ്ട് യേശുക്രിസ്തുവിനെ ആനയിക്കുമ്പോൾ അവർ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു. കിരീടധാരണമെന്ന് പറഞ്ഞ്,മനുഷ്യപുത്രന്റെ ശിരസ്സിലേക്ക് മുൾക്കിരീടം അമർത്തി വെച്ചു. നെറ്റിയിൽ നിന്നും പൊടിഞ്ഞിറങ്ങുന്ന ചോര കണ്ടപ്പോഴും അവർ ആർത്തട്ടഹസിച്ചതേയുള്ളു. കാരണം അവർ അധികാരത്തിന്റെ ഭക്തരായിരുന്നു.

അപ്പോഴും ഹൃദയം പിളർത്തുന്ന വേദനയോടെ, നിശബ്ദരായി ഈ രംഗത്തിന് സാക്ഷ്യം വഹിക്കാൻ വിധിക്കപ്പെട്ടവർ ചിലർ ഉണ്ടായിരുന്നു. കോഴി കൂകുന്നതിനു മുൻപ് തന്റെ ഗുരുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറയാൻ വിധിക്കപ്പെട്ട പത്രോസ്, മകന്റെ ചുടുനിണം കണാൻ കഴിയാതെ അന്ധയായെങ്കിൽ എന്ന് ആഗ്രഹിക്കുന്ന മറിയ, പിന്നെ, നെഞ്ച് വേദനയാൽ വെണ്ടു പിളരുമ്പോഴും ആ മാതൃഹൃദയത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന, യേശുവിന്റെ പ്രിയ ശിഷ്യൻ യോഹന്നാൻ.

മെൽ ജിബ്സന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ പാഷൻ ഓഫ് ദി ക്രൈസ്റ്റ്കണ്ടവരുടെയൊക്കെ കണ്ണു നനയിച്ച രംഗമാണ്, യോഹന്നാൻ മറിയയെ ആശ്വസിപ്പിക്കുന്ന രംഗം. ആ രംഗം ഹൃദയസ്പൃക്കാക്കിയ നടൻ ക്രിസ്റ്റോ ജിവ്ക്കോവ് വെള്ളിവെളിച്ചത്തിൽ നിന്നും എന്നെന്നേക്കുമായി യാത്രയായി. ഇന്നലെ ലോസ് ഏഞ്ചലസിൽ വച്ചായിരുന്നു 48 കാരനായ ക്രിസ്റ്റോയുടെ മരണം കാൻസർ രോഗിയായിരുന്നു.

ബൾഗേറിയയിലെ സോഫിയയിൽ ജനിച്ച ക്രിസ്റ്റോ ജിവ്ക്കോവ്, നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ''ദി പ്രൊഫഷൻ ഓഫ് ആംസ്'' എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ് കൂടുതൽ ശ്രദ്ദേയനായത്. ''ദി പാഷൻ ഓഫ് ദി ക്രൈസ്റ്റി'' ലെ യോഹന്നാന്റെ വേഷം ഹോളിവുഡ് ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന് ഒരു സ്ഥിര സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു. മാത്രമല്ല, ആഗോളാടിസ്ഥാനത്തിൽ തന്നെ നിരവധി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം കൂടിയാണ് ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്.

77-മത് അക്കാഡമി അവാർഡിൽ മൂന്ന് ഓസ്‌കാർ നോമിനേഷൻ ലഭിച്ചെങ്കിലും ഒന്നു പോലും നേടാനായില്ല എന്നൊരു ദുഃഖകരമായ സത്യവും ഈ ചിത്രത്തിനൊപ്പമുണ്ട്. ബൾഗേറിയൻ ഫിലിം ആൻഡ് തീയറ്റർ അക്കാദമിയിൽ നിന്നും ബിരുദമെടുത്തതിനു ശേഷം ബൾഗേറിയൻ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ക്രിസ്റ്റോയുടെ തുടക്കം. പിന്നീട് 2001 ൽ പുറത്തിറങ്ങിയ ദി പ്രൊഫഷൻ ഓഫ് ആംസ് എന്ന ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷം ചെയ്തു. 2002-ൽ ഡേവിഡി ഡി ഡൊനാറ്റെല്ലോ അവാർഡ്സിൽ ഒൻപത് പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയെടുത്തത്.

ദി പാഷൻ ഓഫ് ദി ക്രൈസ്റ്റിന്റെ തുടർച്ചയായ റിസറക്ഷൻ എന്ന ചിത്രത്തിലും ക്രിസ്റ്റോ അഭിനയിക്കും എന്നൊരു വാർത്ത നേരത്തേ പുറത്തു വന്നിരുന്നു. കുരിശു മരണത്തിനും ഉയർത്തെഴുന്നേൽപ്പിനും ഇടയിലുള്ള മൂന്ന് ദിവസങ്ങളിൽ നടന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വന്നിരുന്നു. ഈ ചിത്രം എന്ന് പുറത്തിറങ്ങും എന്നതും ഇതുവരെ സ്ഥിരീകരിച്ചട്ടില്ല.