- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പുകാലത്ത് സഹോദരിയുടെ മകളെ വീട്ടിലേക്ക് കൊണ്ടു വരുംവഴി ജീവനെടുത്ത ദുരന്തം; പ്രാണരക്ഷാർത്ഥം ട്രെയിനിൽ നിന്നും ചാടിയത് മരണത്തിലേക്ക്; റഹ്മത്തിന്റെയും കുഞ്ഞിന്റെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് മട്ടന്നൂർ; ചേതനയറ്റ സഹറയെ കണ്ട് നെഞ്ചുതകർന്ന് പിതാവ് ഷുഹൈബ്
മട്ടന്നൂർ: കുഞ്ഞു സഹറയുടെയും റഹ്മത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടൽ മാറാതെ കുടുംബാംഗങ്ങളും നാട്ടുകാരും. കണ്ണൂർ- ആലപ്പുഴ എക്സ്പ്രസിലെ ഡിവൺ കംപാർട്ടുമെന്റിൽ നിന്നും യാത്രക്കാരെ അക്രമി തീകൊളുത്തിയപ്പോൾ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയതായിരുന്നു മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിനി റഹ്മത്തിനും സഹോദരിയുടെ മകൾ രണ്ടരവയസ്സുകാരി സഹറയും.
അക്രമി ട്രെയിൻ കമ്പാർട്ട്മെന്റിൽ കയറി തീ കൊളുത്തിയപ്പോൾ ഭയന്നുപോയി. സഹോദരിയുടെ മകളെ രക്ഷിക്കാൻ വേണ്ടിയായിരുന്നു റഹ്മത്ത് കുട്ടിയെ എടുത്ത് പുറത്തേക്ക് എടുത്ത് ചാടിയത്. ഇവരുടേതും ഒപ്പം ചാടിയ നൗഫീക്കിന്റെതടക്കം മൂന്ന് പേരുടെ മൃതദേഹമാണ് എലത്തൂരിലെ ട്രാക്കിൽ കണ്ടെത്തിയത്.
ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് രണ്ടു വയസുകാരി സഹറ. ജസീലയുടെ സഹോദരിയായ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്തിന്റെ കൂടെയുള്ള ട്രെയിൻ യാത്രയിലാണ് സഹറയ്ക്ക് ജീവൻ നഷ്ടമായത്. ആലപ്പുഴ- കണ്ണൂർ എക്‌സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേരെയാണ് ട്രാക്കിൽ മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്.
എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹറയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ്. അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു.. സഹറ പോയത് ഷുഹൈബ് അറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് മദീനയിൽ നിന്ന് ഷുഹൈബ് ഇന്നാണ് നാട്ടിലെത്തിയത്. ചേതനയറ്റ സഹറയെ കണ്ട് നെഞ്ചുതകർന്ന അവസ്ഥയിലായിരുന്നു പിതാവ്.
ഏലത്തൂരിലെ ട്രെയിൻ ആക്രമണവും പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയ റഹ്മത്തിന്റെയും സഹോദരിയുടെ പുത്രിയായരണ്ടുവയസുകാരിയുടെ മരണവുമെല്ലാം കണ്ണൂർ ജില്ലയെ നടുക്കിയിരിക്കുകയാണ്. റഹ്മത്തിന്റെ പോസ്റ്റ്മോർട്ടവും അനന്തര നടപടികളും കോഴിക്കോട് ആയതിനാൽ മട്ടന്നൂർ പാലോട്ടുപള്ളിയിലെ പലരും കോഴിക്കോട് എത്തിയിരുന്നു. നോമ്പ് കാലമായതിനാൽ സഹോദരിയുടെ രണ്ടര വയസുകാരിയായ മകളെ മട്ടന്നൂരിലേക്ക് കൂട്ടിക്കൊണ്ട് വരാൻ വേണ്ടിയാണ് അയൽക്കാരനായ റാസിക്കിനെയും കൂട്ടി ഫറോക്ക് ചാലിയത്തിൽ എത്തിയത്. അവിടെ നിന്നും ഷഹ്റാമത്തിനെ കൂട്ടി കണ്ണൂരിലേക്കുള്ള യാത്രയിലാണ് റഹ്മത്തിനും ഷഹ്റാമത്തിനും ജീവൻ നഷ്ടമായത്. ഇവർക്കൊപ്പം ചാടിയ മട്ടന്നൂർക്കാരനായ നൗഫീക്കിനും ജീവൻ നഷ്ടമായി.
പാവപ്പെട്ട കുടുംബമാണ് റഹ്മത്തിന്റെത്. മട്ടന്നൂർ പാലോട്ടു പള്ളി സ്വദേശികളാണ് ഇവർ. കുടുംബവീടും ഇവിടെത്തന്നെ. റഹ്മത്ത് രണ്ടാം വിവാഹത്തിലുള്ള ഭർത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ആദ്യ വിവാഹത്തിൽ റഹ്മത്തിനു ഒരു മകനുണ്ട്. ആദ്യ വിവാഹ ബന്ധം തുടരാൻ കഴിയാതെ വന്നതോടെയാണ് റഹ്മത്ത് പാപ്പിനിശ്ശേരിയിലുള്ള ഷറഫുദ്ദീനെ രണ്ടാം വിവാഹം കഴിച്ചത്. നാല് വർഷം മുൻപായിരുന്നു ഈ വിവാഹം.
സഹോദരിയുമായും മകളുമായും ഏറെ അടുപ്പമായിരുന്നു റഹ്മത്തിന്. അതുകൊണ്ടാണ് മകളെ കൂട്ടാൻ അയൽവാസിയായ റാസിക്കിനെയും കൂട്ടി കോഴിക്കോട് ചാലിയത്തേക്ക് തിരിച്ചത്. ഇവിടെ നിന്നുള്ള മടക്കയാത്രയിലാണ് റഹ്മത്തിനും കുട്ടിക്കും ജീവൻ നഷ്ടമായത്.
ഒപ്പമുണ്ടായിരുന്ന റാസിക്ക് പറയുന്നതിനുസരിച്ച് ട്രെയിനിൽ അക്രമി തീ കൊളുത്തിയപ്പോൾ തന്നെ സഹോദരിയുടെ മകളെയും കൂട്ടി റഹ്മത്ത് ട്രെയിനിൽ നിന്നും ചാടിയിരുന്നു. ഇവർക്കൊപ്പമാണ് മട്ടന്നൂർ സ്വദേശിയായ നൗഫീക്കും കൂടി ഒപ്പം ചാടിയത്. മൂന്നുപേർക്കും ജീവൻ നഷ്ടമാവുകയും ചെയ്തു. റഹ്മത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി മട്ടന്നൂരിലെ പാലോട്ടുപള്ളി കബർസ്ഥാനിൽ കബറടക്കി.