മുംബൈ: പ്രമുഖ വാഹനനിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർമാൻ ഇമെരിറ്റസ് കേശബ് മഹീന്ദ്ര അന്തരിച്ചു. വാർദ്ധക്യ സഹജമായ അശുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയ 48 വർഷം മന്നിൽ നിന്നും നയിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. 2012 വരെ മഹീന്ദ്രയുടെ ചെയർമാനായിരുന്ന അദ്ദേഹം. പിന്നീട് പ്രായാധിക്യം മൂലം ബിസിനസ് രംഗത്തു നിന്നും പടിയിറങ്ങി.

മഹീന്ദ്രയുടെ വളർച്ചയിലെല്ലാം കേശബിന്റെ കയ്യൊപ്പുണ്ട്. വാഹനനിർമ്മാണത്തിൽനിന്നു മഹീന്ദ്രയെ മറ്റ് ബിസിനസ് മേഖലകളിലേക്കും വിപുലീകരിച്ചത് അദ്ദേഹമാണ്. ഐടി, റിയൽ എസ്റ്റേറ്റ്, ധനകാര്യം, ഹോട്ടൽ എന്നീ മേഖലകളിലേക്കു മഹീന്ദ്ര കടന്നത് കേശബിന്റെ നേതൃത്വത്തിലാണ്. വില്ലിസ് കോർപറേഷൻ, മിസ്തുബിഷി, ഇന്റർനാഷനൽ ഹാർവെസ്റ്റർ, യുണൈറ്റഡ് ടെക്‌നോളജീസ്, ബ്രിട്ടിഷ് ടെക്‌നോളജീസ് തുടങ്ങിയ ആഗോളകമ്പനികളുമായി ചേർന്നു സംയുക്തസംരംഭങ്ങൾക്കും തുടക്കമിട്ടു.

സ്വകാര്യ, പൊതുമേഖലകളിലെ ഒട്ടേറെ ബോർഡുകളിലും കൗൺസിലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഹഡ്‌കോയുടെ ആദ്യ ചെയർമാനായിരുന്നു. 1923 ഒക്ടോബർ 9നു ഷിംലയിലാണു ജനിച്ചത്. യുഎസിലെ പെൻസിൽവേനിയ സർവകലാശാലയിൽ ഉന്നതപഠനം നടത്തി. 1947 ൽ പിതാവിന്റെ സ്ഥാപനമായ മഹീന്ദ്രയിൽ ചേർന്നു. 1963 ലാണു ചെയർമാനായത്. 64 വർഷത്തോളം കമ്പനി ബോർഡ് ഡയറക്ടറായിരുന്ന കേശബ് 2012 ഓഗസ്റ്റിൽ ചെയർമാൻ സ്ഥാനം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്കു കൈമാറുമ്പോൾ, ഒരു സ്റ്റീൽ ട്രേഡിങ് കമ്പനിയിൽനിന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1540 കോടി ഡോളർ ആസ്തിമൂല്യമുള്ള ബഹുമുഖ വ്യവസായഗ്രൂപ്പായി വികസിച്ചിരുന്നു.

സെയിൽ, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി അടക്കം കമ്പനികളുടെ കോർപറേറ്റ് ബോർഡ് അംഗമായിരുന്നു. എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷനായിരുന്നു. കമ്പനി നിയമവും പരിഷ്‌കരണവും സംബന്ധിച്ച സച്ചാർ കമ്മിഷനിലും അംഗമായി സേവനമനുഷ്ഠിച്ചു.