- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഒട്ടേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച മഹാൻ; അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ: അന്തരിച്ച ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാന റാബി ഹസനി നദ്വിക്ക് ആദരാഞ്ജലികൾ
ലക്നൗ: അന്തരിച്ച ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷനുമായ മൗലാന റാബി ഹസനി നദ്വിക്ക് (93) രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇസ്ലാമിക വിദ്യാഭ്യാസരംഗത്തു വിപുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. 21 വർഷം വ്യക്തിനിയമ ബോർഡ് അധ്യക്ഷനായിരുന്നു. ഖുർആൻ വ്യാഖ്യാനത്തിനു പുറമേ ഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഒട്ടേറെ ഗ്രന്ഥങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സഹവർത്തിത്വവും ലക്ഷ്യമിട്ടു രാജ്യത്തിനകത്തും പുറത്തും ബഹുമതസമ്മേളനങ്ങളിൽ പങ്കെടുത്തു. ഒരു ദശകത്തിലേറെ മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. വിഖ്യാത മതപണ്ഡിതനായ അബുൽ ഹസൻ അലി നദ്വിയുടെ അനന്തരവനായ മൗലാന റാബി ഹസനി നദ്വി അറബിക് ഭാഷയ്ക്കു നൽകിയ സംഭാവനകൾക്കു രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1929 ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിലാണു ജനനം. പ്രമുഖ മതവിദ്യാഭ്യാസ സ്ഥാപനമായ ലക്നൗവിലെ നദ്വത്തുൽ ഉലമയിൽ 1955 ൽ അദ്ധ്യാപകനായാണു തുടക്കം. 1993 ൽ നദ്വയുടെ വൈസ് ചാൻസിലറായി; 2011 മുതൽ ചാൻസലറാണ്. ജോർദാൻ ആസ്ഥാനമായ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ, യുഎസിലെ ജോർജ്ടൗൺ സർവകലാശാലയുമായി സഹകരിച്ചു പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള മുസ്ലിംകളുടെ പട്ടികയിൽ റാബി ഹസനി സ്ഥിരംസാന്നിധ്യമാണ്. മുസ്ലിം വേൾഡ് ലീഗ് സ്ഥാപകാംഗമാണ്. രാജ്യത്തെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുഷാവറാത്തിലും സജീവമായിരുന്നു.