- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേംനസീറിന് മുൻപ് വെള്ളിത്തിരയിൽ നായകനായ വി.ടി.ജോസഫ് അന്തരിച്ചു; സംസ്ക്കാരം ഇന്ന് വൈകിട്ട്; നാലു ചിത്രങ്ങളിൽ നായകനായ ജോസഫ് പിൻവാങ്ങിയത് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന്: തുടക്കം 'പുത്രധർമ'ത്തിലെ നായകനായി
തിരുവനന്തപുരം: വെള്ളിത്തിരയിൽ പ്രേംനസീർ യുഗത്തിനും മുന്നേ നായകനായ വി.ടി ജോസഫ് അന്തരിച്ചു. കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കുന്നേൽ അനിൽകുമാർ എന്നറിയപ്പെട്ടിരുന്ന വി.ടി.ജോസഫ് (89) ആണ്‌സ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിടവാങ്ങിയത്. തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിച്ചു വരവെ ശനിയാഴ്ച പുലർച്ചെ നാലരയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നു വൈകിട്ടു മൂന്നിനു ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്‌കാരം നടക്കും.വെള്ളുക്കുന്നേൽ അപ്പച്ചൻ എന്നാണു വി.ടി.ജോസഫ് അറിയപ്പെട്ടത്. പ്രേംനസീറിനും മുന്നേ സിനിമയിൽ തിളങ്ങിയ ജോസഫ് പ്രേംനസീർ യുഗത്തോടെയാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്. വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കണമെന്നായിരുന്നു ആഗ്രഹം. എ്‌നാൽ വീട്ടുകാർ ശക്തമായി ഇതിനെ എതിർത്തു. ഇതോടെയാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്. ഇല്ലെങ്കിൽ ഇന്നും മലയാളികൾ അറിയപ്പെടുന്ന ഒരു താരമായി ജോസഫ് തിളങ്ങുമായിരുന്നു.
ചെന്നൈയിൽ ബിരുദപഠന കാലയളവിൽ സിനിമാ ലോകത്തെത്തിയ ജോസഫ് നാലു ചിത്രങ്ങളിൽ വേഷമിട്ടു. മലയാള സിനിമയിലെ കാരണവരായിരുന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ സംഭാഷണത്തിലൂടെയാണ് ജോസഫ് അഭിനയരംഗത്തേക്കു പ്രവേശിച്ചത്. കെ.വി.കോശി നിർമ്മിച്ച 'പുത്രധർമ'ത്തിലെ നായകനായിട്ടാണു കന്നി സിനിമയിലെ വേഷം. 1954 സെപ്റ്റംബർ 9 നു പുത്രധർമം റിലീസായി. വിമൽ കുമാറായിരുന്നു സംവിധാനം. ലക്ഷ്മീഭായി, നാണുക്കുട്ടൻ, ടി.ആർ. ഓമന, ബഹദൂർ തുടങ്ങിയവർ തിക്കുറിശ്ശിക്കൊപ്പം ഇതിൽ അഭിനയിച്ചു. എന്നാൽ ചിത്രം പരാജയപ്പെട്ടത് ജോസഫിനെ നിരാശനാക്കി.
പി.കെ. സത്യപാൽ നിർമ്മിച്ച 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിൽ സത്യനൊപ്പം അഭിനയിച്ചു. കുമാരി തങ്കവും ശാന്തിയുമാണ് അതിൽ അഭിനയിച്ച നായികമാർ. 1957 ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. 'പരിതസ്ഥിതി' എന്നതായിരുന്നു അടുത്ത ചിത്രം. പ്രേംനസീറിന്റെ ഉദയത്തോടെ അനിൽകുമാർ മെല്ലെ പിൻവാങ്ങി. വീട്ടുകാരുടെ എതിർപ്പില്ലായിരുന്നുവെങ്കിൽ വി.ടി.ജോസഫ് അഭിനയരംഗത്തു സജീവമാകുമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: സരള ജോസഫ് (ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം). മക്കൾ: ജൂഡി ജോയ്, ഡിജു ജോസഫ് (എൻജിനീയർ, ഓസ്‌ട്രേലിയ), ചിത്ര ജോസഫ് (ദുബായ്) മരുമക്കൾ: പരേതനായ ജോയ് സെബാസ്റ്റ്യൻ, മോനിക്ക ജോർജ് (ഓസ്‌ട്രേലിയ), കെ.ജെ.വർഗീസ് (ദുബായ്)