പാലക്കാട്: സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. മലയാളികളുടെ മനസ്സുകളിൽ ഇടംപിടിച്ച, ഏറ്റുപാടിയ ഒട്ടേറെ ഭക്തിഗാനങ്ങൾക്കും ലളിതഗാനങ്ങൾക്കും ഈണം പകർന്ന സംഗീതജ്ഞനാണ് കേശവൻ നമ്പൂതിരി. കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് ഈണംനൽകിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.

സംഗീത കാസറ്റ്‌സ് പുറത്തിറക്കിയ പുഷ്പാഞ്ജലി (1981) തരംഗിണിയുടെ വനമാല (1983) തുടങ്ങി കേശവൻ നമ്പൂതിരി സംഗീതം നിർവഹിച്ച കാസറ്റുകൾ മലയാളത്തിലെ ഭക്തിസംഗീത ആൽബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചവയായിരുന്നു. വിഘ്‌നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിൻകര വാഴും എന്നിവ കേരളീയർ ഏറ്റെടുത്ത ഭക്തിഗാനങ്ങളായിരുന്നു.

യേശുദാസ്, ജയചന്ദ്രൻ, സുജാത തുടങ്ങി മലയാള സംഗീതലോകത്തെ പ്രമുഖർ നമ്പൂതിരി ഈണംനൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങൾക്ക് പുറമെ നിരവധി ലളിതഗാനങ്ങൾക്കും അദ്ദേഹം സംഗീതം പകർന്നു. തൃശൂർ ആകാശവാണിയിൽ നിന്ന് 1998-ലാണ് അദ്ദേഹം വിരമിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ്.

തൃശൂർ നിലയത്തിൽ കാൽ നൂറ്റാണ്ടിലധികം ലളിത സംഗീതപാഠം അവതരിപ്പിച്ച പി.കെ കേശവൻ നമ്പൂതിരി എണ്ണമറ്റ ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. അദ്ദേഹം ഈണമിട്ട്, ജി.വേണുഗോപാലും സുജാതയും പാടിയ 'കാവാലം ചുണ്ടന്റെ..'എന്നതടക്കമുള്ള ലളിതഗാനങ്ങൾ പ്രസിദ്ധമാണ്.ഗായകൻ കൂടിയായ കേശവൻ നമ്പൂതിരി ധാരാളം ലളിതഗാനങ്ങൾ പാടിയിട്ടുമുണ്ട്.