- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകയായിരുന്ന ധീര വനിത; എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ പങ്കെടുത്ത് ജയിലിലായ സമരവീര്യം: അന്തരിച്ച വീര സമരനായിക ദേവകി നമ്പീശന് കേരളത്തിന്റെ അന്ത്യാഞ്ജലി
തൃശൂർ: കേരളത്തിന്റെ രൂപീകരണസമയത്ത് നിരവധി സമരങ്ങളിൽ പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമായ ദേവകി നമ്പീശൻ (90) അന്തരിച്ചു. പൂത്തോളിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 10ന് വെള്ളാറ്റഞ്ഞൂരിലെ അരീക്കര തെക്കേ പുഷ്പകത്ത് വീട്ടുവളപ്പിൽ നടക്കും. വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകയായിരുന്ന ധീരവനിതയാണ് ദേവകി നമ്പീശൻ എ.കെ ഗോപാലൻ നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്ത് ജയിലിലും ആയിട്ടണ്ട്.
മുൻ എംഎൽഎയും കേരള കലാമണ്ഡലം വൈസ് ചെയർമാനും സിപിഎം നേതാവുമായിരുന്ന അന്തരിച്ച എ.എസ്.എൻ.നമ്പീശനാണു ഭർത്താവ്. 1956ലാണ് വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമരം. മണിമലർക്കാവിൽ അരിപ്പറ ഉത്സവത്തിന് താലമെടുക്കുമ്പോൾ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമില്ലാതിരുന്നതിനെ ചോദ്യംചെയ്ത് മാറുമറച്ച സ്ത്രീകൾ താലമെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു 1956ലെ ആ സമരം. അന്ന് 23 വയസ്സുണ്ടായിരുന്ന ദേവകിയും ഭർത്താവ് നമ്പീശനും സമര സംഘാടകരിൽ പ്രധാനികളായിരുന്നു.
1961ൽ എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥ തൃശൂരിൽ എത്തിയപ്പോൾ ദേവകിയും ജാഥയുടെ ഭാഗമായി. ജാഥ ആലുവയിലെത്തിയപ്പോൾ അവിടെ വെച്ച് ദേവകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വയസ്സുള്ള മകളെ പിന്നീട് ബന്ധുക്കൾ ജയിലിൽ കൊണ്ടുവന്നപ്പോൾ കുഞ്ഞിനെ മുലയൂട്ടാൻ പൊലീസ് അനുവദിച്ചില്ല. അറസ്റ്റ് ചെയ്യുന്ന സമയത്ത് കുഞ്ഞ് ഒപ്പമുണ്ടെങ്കിൽ മാത്രമേ കുഞ്ഞിനെ അമ്മയ്ക്കു കൈമാറാനാകൂ എന്നായിരുന്നു അന്നത്തെ നിയമം. ആ സമയത്തെയും ദേവകി ധീരതയോടെ അഭിമുഖീകരിട്ടുയ
മൂന്ന് തവണ സർക്കാർ ജോലിക്ക് യോഗ്യത നേടിയെങ്കിലും കമ്യൂണിസ്റ്റ് അനുഭാവിയാണെന്ന പൊലീസ് റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ജോലിയിൽ പ്രവേശിപ്പിച്ചില്ല. 1970ൽ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയതിനെത്തുടർന്ന് നഴ്‌സ് ആയി ജോലിയിൽ പ്രവേശിച്ചു. 1989ൽ ജോലിയിൽ നിന്നും വിരമിച്ചു.
മക്കൾ: ആര്യാദേവി (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ), സതീദേവി (റിട്ട. സഹകരണ ബാങ്ക് സെക്രട്ടറി), സോമനാഥൻ (റിട്ട. കെഎസ് എഫ്ഇ ഉദ്യോഗസ്ഥൻ), ഗീതാദേവി (റിട്ട. സെൻട്രൽ സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: എം.ഡി.രാമൻ (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ), ഉഷാകുമാരി, സി.പി.കൃഷ്ണൻ (ജിയോജിത് കമോദിറ്റീസ്), പരേതനായ ഹരികൃഷ്ണൻ.