പള്ളിക്കത്തോട്: അമേരിക്കയിൽ സൈനികനായ മലയാളി യുവാവ് കടൽ ചുഴിയിൽ അകപ്പെട്ടു മരിച്ചു. ന്യൂയോർക്കിൽ സൈനികനായി സേവനം അനുഷ്ഠിക്കുന്ന പള്ളിക്കത്തോട് സ്വദേശിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊന്നിച്ച് കടൽ തീരം വഴി നടക്കുമ്പോൾ കടലിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു. അരുവിക്കുഴി കൂവപ്പൊയ്ക പെരികിലക്കാട്ട് മാർട്ടിൻ ആന്റണിയുടെ മകൻ കോളിൻ മാർട്ടിൻ (19) ആണു മരിച്ചത്.

കോളിൻ സുഹൃത്തുക്കളുമൊന്നിച്ച് കടൽത്തീരം വഴി നടക്കുമ്പോൾ പെട്ടെന്നുണ്ടായ വലിയ തിരയിൽ അകപ്പെട്ടു ചുഴിയിലേക്കു പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെട്ടെങ്കിലും കോളിൻ മാർട്ടിൻ മുങ്ങിത്താഴ്ന്നു. കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും തോളിന്റെ നില ഗുരുതരമായി തുടർന്നു.

ചികിത്സയിലിരിക്കെ നാലു ദിവസം കഴിഞ്ഞ് ഇന്നലെയാണ് മരണം സംഭവിച്ചത്. പഠനശേഷം സൈന്യത്തിൽ ചേർന്നു പത്ത് മാസം കഴിഞ്ഞതേയുള്ളൂ. അഞ്ചു വർഷം മുൻപാണു കോളിൻ അമേരിക്കയിൽ എത്തിയത്. കൂരോപ്പടയിലെ സ്വകാര്യ സ്‌കൂളിലാണു പഠിച്ചിരുന്നത്. സംസ്‌കാരം പിന്നീട് സൈനിക ബഹുമതികളോടെ ന്യൂയോർക്കിൽ. അമേരിക്കയിൽ സ്ഥിരതാമസമാണു കോളിൻ മാർട്ടിന്റെ കുടുംബം. മാതാവ്: മഞ്ജു, സഹോദരൻ: ക്രിസ്റ്റി മാർട്ടിൻ.