- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കുരുന്നിനായുള്ള കാത്തിരിപ്പ് വിഫലം; വയനാട്ടിൽ അമ്മയോടൊപ്പം പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് ചാടിയ സ്ഥലത്തിന് രണ്ട് കിലോമീറ്റർ അകലെ നിന്നും
വെണ്ണിയോട്: ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി ദക്ഷ മടങ്ങി. വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം പുഴയിൽ നിന്നും, കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും രണ്ട് കിലോമീറ്റർ അകലെ കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വയനാട്ടിലെ വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽനിന്നാണ് കുഞ്ഞുമായി അമ്മ പുഴയുടെ ഓളങ്ങളിലേക്ക് എടുത്തു ചാടിയത്. ഇന്നു രാവിലെ ദക്ഷയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു.
അമ്മയെ പുഴയിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ദർശന കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചിരുന്നു. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്‌സ് കോൺവന്റ് സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ് ദക്ഷ്. വെണ്ണിയോട്ടെ കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശന എന്ന 32കാരിയാണ് അഞ്ചുവയസ്സുകാരിയായ മകൾ ദക്ഷയെയും കൊണ്ട് പുഴയിലേക്ക് ചാടിയത്. ദർശനയുടെ മൃതദേഹം ഇന്നു സംസ്‌കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.
ദർശനയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇവർ പാലത്തിന് മുകളിൽനിന്ന് ചാടുന്നത് സമീപത്തെ താമസക്കാരനായ നിഖിൽ അറുപത് മീറ്ററോളം നീന്തി ദർശനയെ രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ആയിരുന്നു ഇവർ ചാടിയ സ്ഥലം. ഒഴുക്കിൽപ്പെട്ട ദർശനയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ശേഷമാണു കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്.
തുടർന്നു നടത്തിയ തിരച്ചിൽ ശക്തമായ കുത്തൊഴുക്കും വെളിച്ചക്കുറവും കാരണം വൈകിട്ട് ഏഴ് മണിയോടെ നിർത്തുകയായിരുന്നു. ഗർഭിണിയായിരുന്ന ദർശന മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. കുട്ടിയെ കണ്ടെത്താനായി കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന (എൻ.ഡി.ആർ.എഫ്.), കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫൻസ് ടീം, പൾസ് എമർജൻസി ടീം, പനമരം സി.എച്ച്. റെസ്‌ക്യൂ ടീം, തുർക്കി ജീവൻരക്ഷാസമിതി എന്നിവർ സംയുക്തമായി ഫൈബർ, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തിരച്ചിൽ നടത്തിയിരുന്നു.
ദർശന വിഷംകഴിച്ചതിനുശേഷമാണ് വീട്ടിൽ നിന്ന് അരക്കിലോമീറ്റർ ദൂരത്തിലുള്ള പുഴയിലെത്തി കുഞ്ഞിനെയും എടുത്ത് ചാടിയത്. നാലുമാസം ഗർഭിണിയായിരുന്നു ഇവർ. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയാണ് ദക്ഷ.