- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടപ്പെട്ടത് സഹോദരനെ; ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവെന്ന് രമേശ് ചെന്നിത്തല; എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖം, എന്റെ മരണം വരെ ഉമ്മൻ ചാണ്ടി കൂടെയുണ്ടാകും: ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രമെന്ന് എ.കെ ആന്റണി
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്‌ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രം; എ.കെ ആന്റണി
എന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണിത് എന്നാണ് എ.കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിയും ഞാനും തമ്മിൽ വിദ്യാർത്ഥി രാഷ്ട്രീയം മുതലുള്ള പരിചയമാണെന്നും ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.
ആന്റണിയുടെ വാക്കുകൾ; 'ഉമ്മൻ ചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്റെ പൊതുജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം ഉമ്മൻ ചാണ്ടിയുടെ വിയോഗമാണ്. എന്റെ കുടുംബത്തിലും അങ്ങനെത്തന്നെ. ഉമ്മൻ ചാണ്ടിയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ഞാൻ കുടുംബ ജീവിതത്തിൽ പ്രവേശിക്കില്ലായിരുന്നു. എന്റെ ഭാര്യയെ കണ്ടെത്തി തന്നത് ഉമ്മൻ ചാണ്ടിയുടെ ഭാര്യയാണ്.
നഷ്ടങ്ങൾ പലതാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ് ഉമ്മൻ ചാണ്ടി. ഊണിലും ഉറക്കത്തിൽ പോലും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതാണ്. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. രോഗക്കിടക്കയിൽ കിടക്കുമ്പോഴും അങ്ങനെത്തന്നെ. കേരളത്തെ ഇത്രമേൽ സ്നേഹിച്ച പൊതുപ്രവർത്തകൻ. കേരള വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഭരണാധികാരികളിൽ ഒരാൾ.
കോൺഗ്രസിന്റെ വളർച്ചയിലും ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുതാണ്. എന്റെ വിദ്യാർത്ഥി രാഷ്ട്രീയം മുതലുള്ള വലിയ സുഹൃത്ത്, ഞാൻ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങൾ തമ്മിൽ രഹസ്യങ്ങളില്ല. ചില കാര്യങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എല്ലാം ഞങ്ങൾ തമ്മിൽ പങ്കുവെക്കാറുണ്ട്. ഹൃദയം തുറന്ന് സംസാരിച്ചിരുന്നു വ്യക്തി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖം, എന്റെ മരണം വരെ ഉമ്മൻ ചാണ്ടി കൂടെയുണ്ടാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഉമ്മൻ ചാണ്ടിക്കൊരു പകരക്കാരൻ ഇല്ല. ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രം' എ.കെ ആന്റണി പറഞ്ഞു.
2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തെ ആഘോഷമാക്കി മാറ്റിയ ജനപ്രിയനായ നേതാവായിരുന്നു. രാഷ്ട്രീയ വളർച്ചയുടെ കൊടുമുടി കയറുമ്പോഴും ജന്മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയിരുന്നത്. തുടർച്ചയായി 53 കൊല്ലം ഒരു മണ്ഡലത്തിൽ നിന്ന് തന്നെ ജയിച്ച് നിയമസഭയിലെത്തിയ ഉമ്മൻ ചാണ്ടി കേരളക്കരയുടെ പ്രിയ കുഞ്ഞൂഞ്ഞ് ആയി മാറിയതും ആ ജനപ്രിയതയിലാണ്.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.