- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് യാചകന്റെ പരാതിക്ക് പരിഹാരം തേടി വിളിയെത്തി; തന്റെ മുഖ്യമന്ത്രി കസേര കയ്യേറിയ ആളെ കണ്ട് പൊട്ടിച്ചിരിച്ചു; നൽകിയത് സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കാൻ നിർദ്ദേശവും; ആൾക്കൂട്ടത്തിന് ഒപ്പം എന്നും സഞ്ചരിച്ച അത്ഭുതം; കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി എന്തുകൊണ്ട് വ്യത്യസ്തനായി?
ഏതു വ്യക്തിയാണെങ്കിലും അവനെ നിയന്ത്രിക്കുന്ന പ്രധാനകാര്യങ്ങളിൽ ഒന്ന് ഈഗോയാണ്. എത്ര വലിയ ഭരണാധികാരിയാണെങ്കിലും 'താൻ' എന്ന ഭാവത്തെ മറികടക്കുക എന്നതാണ് പ്രധാനം. അത്തരത്തിൽ ഈഗോയെ മറികടന്ന അത്യപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ ഏഴയൽവക്കത്ത് പോലും ഈഗോ ഉണ്ടായിരുന്നില്ല. ആരോടും ചൂടാവാറില്ല. ഒരാളോടും പൊട്ടിത്തെറിച്ചിട്ടില്ല.
ഉമ്മൻ ചാണ്ടിക്ക് എത്ര ദേഷ്യം ഉണ്ടായാലും കടുത്ത വാക്കുകൾ ഉപയോഗിക്കാറില്ല. എത്ര ദേഷ്യം വന്നാലും ഉമ്മൻ ചാണ്ടിയുടെ ഏതൊരാളോടും പറയുന്ന ഏറ്റവും കടുത്ത ഭാഷ എന്നത് 'നീ ചെയ്തത് മോശമായിപ്പോയി' എന്നതാണ്. അതിനപ്പുറത്തേക്ക് മുഖം കറുത്ത് സംസാരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയില്ല. ഇത് ഈഗോയെ മറികടന്നതുകൊണ്ട് സാധിക്കുന്നതാണ്.
പുതുപ്പള്ളി പള്ളി എന്ന് പറയുന്നത് പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. ഉമ്മൻ ചാണ്ടിയുടെ ഇടവകയാണ്. പുതുപ്പള്ളിയിലുള്ളപ്പോഴെല്ലാം ഞായറാഴ്ച രാവിലെ പള്ളിയിൽ എത്തുന്ന പതിവു തെറ്റിക്കാറില്ലായിരുന്നു ഉമ്മൻ ചാണ്ടി. പള്ളിയുടെ കുരിശിനു ചുറ്റുമുള്ള വിളക്ക് തെളിച്ച ശേഷമേ മടങ്ങൂ.
പുതുപ്പള്ളി പള്ളിയുടെ മുൻവശത്ത് ഒട്ടേറെ യാചകരുണ്ട്. പുതുപ്പള്ളി പഞ്ചായത്ത് ഒരു തീരുമാനമെടുത്തു ഈ യാചകരെ അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാൻ. പള്ളിയുടെ മുൻവശത്തുവച്ച് ഭിക്ഷ യാചിക്കേണ്ട. മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുത്താൻ. ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ യാചകരെ നേരിട്ട് അറിയിച്ചു.
യാചകർക്ക് വിഷമം ഉണ്ടായി. കാരണം ആളുകൾ വരുന്നിടത്ത് ഇരുന്ന് ഭിക്ഷ യാചിച്ചിട്ടല്ലെ കാര്യമുള്ളു എന്ന് ചോദിച്ചു. പക്ഷെ ഇത് പഞ്ചായത്ത് എടുത്ത തീരുമാനമാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രണ്ടാം ദിവസം നെബുവിനെ ഞെട്ടിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി. യാചകരെ പള്ളിയുടെ മുന്നിൽ നിന്നും മാറ്റുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ധൃതി പിടിച്ച് തീരുമാനം എടുക്കരുതെന്ന് പറഞ്ഞു. നെബു എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത്, പള്ളിയുടെ മുന്നിൽ ഭിക്ഷയെടുക്കുന്ന യാചകരിൽ ഒരാൾ ഉമ്മൻ ചാണ്ടിയെ വിളിച്ച് തങ്ങളുടെ ഉപജീവനമാർഗം മുടക്കരുത് എന്ന് പറഞ്ഞുവെന്ന്. അതാണ് ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കൂടെയുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെയോ നേതാക്കളുടെയോ ഫോണിൽ വിളിച്ചാണ് ആളുകൾ ബന്ധപ്പെടുക. ഇക്കാര്യം അറിയാവുന്ന യാചകരിൽ ഒരാൾ ഉമ്മൻ ചാണ്ടിക്ക് ഒപ്പമുള്ളയാളെ ഫോണിൽ വിളിച്ചു. ഉമ്മൻ ചാണ്ടിയോട് വിഷമം അറിയിച്ചു. ഒടുവിൽ ഉമ്മൻ ചാണ്ടി ഇടപെട്ട് ആ യാചകന്റെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കി. ഈഗോയെ മറികടന്ന ഒരു രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറാൻ ഉമ്മൻ ചാണ്ടിക്ക് സാധിക്കുന്നത്.
2011 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. എല്ലാവരും പോകുന്നത് വരെ സെക്രട്ടറിയേറ്റിന്റെ ഗേറ്റ് പൊതുജനങ്ങൾക്കായി തുറന്നിടാൻ നിർദ്ദേശിച്ചതടക്കം ഒട്ടേറെ മാറ്റങ്ങൾ. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി കാണാൻ സാധിക്കുമായിരുന്നു. ആയിരം മുതൽ രണ്ടായിരം പേർ വരെയാണ് ദിവസേന മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം പരാതികളുമായടക്കം എത്തിയിരുന്നത്. ഈ കാണാൻ വരുന്നവരെയെല്ലാം ഉമ്മൻ ചാണ്ടി നിരാശപ്പെടുത്താതെ കാണുമായിരുന്നു.
ഉമ്മൻ ചാണ്ടി ഓഫിസിലുണ്ടെങ്കിൽ ഇടനാഴിയിൽ വലിയ തിരക്കായിരിക്കും. ഇരു കൈകളിലും കടലാസുകെട്ടുകളുമായി മുഖ്യമന്ത്രി പുറത്തേക്കിറങ്ങുമ്പോൾ പരാതിക്കാർ പൊതിയും. കടലാസു കെട്ടുകളുടെ കൂട്ടത്തിലേക്ക് പരാതികൾ ചേർത്തുവയ്ക്കും. അപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കിൽ പരാതിക്കാരുടെ മുന്നിൽവച്ച് ഉദ്യോഗസ്ഥരെ വിളിക്കും. പരിഹാരം കാണാൻ നിർദ്ദേശിക്കും.
അധികാരത്തിന്റെ ധാർഷ്ഠ്യമില്ലാതെ സുതാര്യമായ ഭരണകേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്താണ് ഉമ്മൻ ചാണ്ടി ജനഹൃദയത്തിൽ ഇടം നേടിയത്. ആ ജനകീയതയുടെ അടിത്തറ സുതാര്യതയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് മുറി ചരിത്രത്തിലാദ്യമായി ലോകദൃഷ്ടിയില്ലെത്തുന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. തന്റെ ഓഫിസിന്റെ പ്രവർത്തനം ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് കാണാനായാണ് ഓഫിസ് മുറിയിൽ വെബ് ക്യാമറ സ്ഥാപിച്ചത്.
മുഖ്യമന്തി ചേംബറിലുള്ളപ്പോൾ വെബ് ക്യാമറ പ്രവർത്തനനിരതമായിരിക്കും. മുഖ്യമന്തി നടത്തുന്ന കോൺഫറൻസുകൾ, ചർച്ചകൾ തുടങ്ങിയവയും പൊതുജനങ്ങളെ കാണുന്നതും നിവേദനങ്ങൾ സ്വീകരിക്കുന്നതും ലൈവായി കാണാൻ കഴിയുമായിരുന്നു. മുഖ്യമന്തിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയായിരുന്നു ലൈവ് വെബ് കാസ്റ്റിങ്. രണ്ടാം തവണ മുഖ്യമന്ത്രിയായശേഷം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചപ്പോഴാണ് വെബ് ക്യാമറയെന്ന ആശയം ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ചത്.
തന്റെ മുറിയിൽ നടക്കുന്ന കാര്യങ്ങൾ ലോകം കാണട്ടെയെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോൾ ഉദ്യോഗസ്ഥരിൽ മിക്കവരും എതിർത്തു. നിവേദനവും പരാതികളുമായി നിരവധിപേർ എത്തുന്ന ഓഫിസിൽ വെബ് ക്യാമറ സ്ഥാപിച്ച് തൽസമയം വിഡിയോദൃശ്യങ്ങൾ പുറത്തുവിടുന്നത് പ്രയോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഉമ്മൻ ചാണ്ടി തന്റെ നിലപാടിൽ ഉറച്ചുനിന്നു. പ്രിൻസിപ്പൽ സെക്രട്ടറി ദിനേശ് വർമ മുഖ്യമന്ത്രിയെ അനുകൂലിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പിലായപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽവരെ വാർത്തയായി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലർ വിവാദങ്ങളിൽപ്പെട്ടപ്പോൾ ഓഫിസിലെ ക്യാമറ ദൃശ്യങ്ങൾ ഏതു സമയത്തും പരിശോധിക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വെബ് സ്ട്രീമിങ് തുടരേണ്ടതില്ലെന്നായിരുന്നു എൽഡിഎഫ് തീരുമാനം. ഓഫിസ് ജനങ്ങൾക്കായി തുറന്നിട്ടപ്പോൾ ചില വ്യത്യസ്ത അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായി.
മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾ രാവിലെ ഓഫിസിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ കസേരയിൽ മറ്റൊരാൾ ഇരിക്കുന്നു. അമ്പരന്ന സ്റ്റാഫുകൾ പൊലീസിനെ വിവരം അറിയിച്ചു. മനോദൗർബല്യമുള്ള ആളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ കസേരയിലിരുന്നത്. തന്റെ കസേര അൽപനേരത്തേക്കെങ്കിലും മറ്റൊരാൾ സ്വന്തമാക്കിയ വിവരമറിഞ്ഞപ്പോൾ പൊട്ടിച്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കസേര കയ്യേറിയ ആളെ സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കാൻ നിർദ്ദേശം നൽകി.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ പുലർച്ചെ നാലു മണി മുതൽ മുറ്റത്ത് ആളുകൾ എത്തിത്തുടങ്ങും. അതിരാവിലെ ഉറക്കമുണർന്ന് എത്തുന്ന ജനകീയ നേതാവ് അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കേട്ട് പരിഹാരമുണ്ടാക്കും. പതിറ്റാണ്ടുകളായി തുടരുന്ന ഈ പതിവ് പക്ഷേ ഇന്നു പുലർച്ചെ മുറിഞ്ഞു. പുലർച്ചെ നാലരയോടെ വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നനഞ്ഞിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗവാർത്ത അറിഞ്ഞതു മുതൽ നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിത്തുടങ്ങി. അദ്ദേഹം മണ്ണിലേക്കു മടങ്ങുംവരെ പുതുപ്പള്ളി സങ്കടത്തിരകളിളകുന്ന ജനസാഗരമായിരിക്കും.
ഈ വീട്ടുമുറ്റത്തു നിൽക്കുന്ന ഓരോരുത്തർക്കും പറയാനുണ്ട് അകമഴിഞ്ഞ സ്‌നേഹത്തിന്റെ കഥകൾ. ജീവിതം രക്ഷപ്പെടുത്തിയ അനുഭവ സാക്ഷ്യവുമായി ചിലർ, രാഷ്ട്രീയത്തിലേക്കു കൈപിടിച്ച് ജനസേവകരാക്കിയ അനുഭവങ്ങളുമായി മറ്റു ചിലർ, പ്രതിസന്ധിയിൽ കൈത്താങ്ങായതിനെപ്പറ്റി ഇനിയും ചിലർ. വിയോഗത്തിന്റെ കനമുള്ള മൗനത്തിലും അവരുടെ മനസ്സുകൾ ആ സ്‌നേഹത്തെപ്പറ്റി വാചാലമാകുന്നു.