തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബെംഗളൂരുവിൽനിന്ന് ഉച്ചയക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി ഓഫിസിലും പൊതുദർശനത്തിനുവയ്ക്കും. ബുധനാഴ്ച രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി. നേതാക്കളും പ്രവർത്തകരുമായി വലിയ ജനാവലിയാണ് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി. ലോഫ്ളോർ ബസിലാണ് മൃതദേഹം വിമാനത്താവളത്തിൽനിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ എത്തിച്ചത്. ഇവിടെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. വൈകീട്ട് പാളയം സെന്റ് ജോർജ് കത്തീഡ്രലിലും പൊതുദർശനത്തിന് വയ്ക്കും. ആറുമണിക്ക് കെപിസിസി. ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.

ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്‌കാരം.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ പാതയ്ക്കു ചുറ്റും ജനങ്ങൾ തിക്കി തിരക്കി. പലർക്കും കണ്ണീരടക്കാനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവച്ച് പലരും വിതുമ്പി.

മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവർത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരനും എകെ.ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുൻപ് വസതിയിലെത്തി. വയലാർ രവി, ഉമ്മൻ ചാണ്ടി, എ.കെ.ആന്റണി ഇവരായിരുന്നു തങ്ങളുടെ നേതാക്കളെന്ന് വി എം.സുധീരൻ പറഞ്ഞു. വ്യക്തിബന്ധം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമ്പോഴും നയപരമായി വിയോജിപ്പുകൾ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയാൻ സഹായിച്ചത് കെഎസ്‌യുയൂത്ത് കോൺഗ്രസ് ക്യാംപുകളിലെ പഠനമാണ്. അടുത്ത ബന്ധമാണ് ഉമ്മൻ ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും വി എം.സുധീരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ യാത്രയാക്കാനായി വൻ ജനാവലി ബെംഗളൂരുവിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളും ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, സിദ്ദരാമയ്യ ഉൾപ്പെടെയുള്ളവർ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബെംഗളൂരുവിലെത്തിയിരുന്നു.