കാസർകോട്: എംഎൽഎയായിരിക്കെ തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം പങ്കുവച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുൻ സിപിഎം. എംഎ‍ൽഎ. കെ.സി. കുഞ്ഞിരാമൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്ക് അപകടത്തെ തുടർന്നുള്ള ചികിത്സയ്ക്കായി ഇടപെട്ടതും വിദഗ്ദ ചികിത്സ ലഭ്യമാക്കിയതുമടക്കം പരാമർശിച്ചാണ് കെ സി കുഞ്ഞിരാമൻ അനുസ്മരിച്ചത്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ലെന്നും കെ.സി. കുഞ്ഞിരാമൻ പറയുന്നു.

'എനിക്ക് വല്ലാത്ത വിഷമമായി. സുഖമില്ലായിരുന്നു എന്നത് അറിയാമായിരുന്നെങ്കിലും അദ്ദേഹം തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷ. മരണവിവരം അറിഞ്ഞപ്പോഴേക്കും വല്ലാതെ വിഷമിച്ചു പോയി. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തികളിലൊരാളാണ് ഉമ്മൻ ചാണ്ടി. ഞാൻ എംഎ‍ൽഎയായിരിക്കുമ്പോൾ അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. നിയമസഭയിൽ വെച്ച് പരിചയപ്പെട്ടു, ഇടയ്ക്ക് കാണുമ്പോൾ സംസാരിക്കും. പക്ഷേ ഉമ്മൻ ചാണ്ടിയെ മനസ്സിലാക്കുന്നത് എനിക്ക് അപകടമുണ്ടായ സമയമാണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലാണ് എന്നെ പ്രവേശിപ്പിച്ചത്. അദ്ദേഹം എല്ലാ വിവരങ്ങളും അന്വേഷിച്ചു. ഞാൻ അത് അറിയുന്നുണ്ടായിരുന്നില്ല എന്ന് മാത്രം, എന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കോഴിക്കോടെത്തി. ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്നും എന്നെ വീട്ടിലേക്ക് കൊണ്ടു പോകുന്നതാണ് നല്ലതെന്നും ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞു. അത് പറ്റൂല ഞാൻ വെല്ലൂര് വിളിച്ച് ഏർപ്പാടാക്കിയിട്ടുണ്ട്. വെല്ലൂർക്ക് കൊണ്ടുപോകണം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. കൂടെ ഒരു കത്തും തന്നു. വെല്ലൂരിലെ ജോർജ് തരിയൻ എന്ന ഡോക്ടർക്ക് നൽകണമെന്നും പറഞ്ഞു.

'മുൻകൂറായി പണം ഒന്നും വാങ്ങാൻ പാടില്ല അത് തരാനുള്ള നിർവാഹവുമിയാൾക്കില്ല. വേണ്ട ചികിത്സയെല്ലാം നടത്തണം. മുഴുവൻ ചിലവും ഗവൺമെന്റ് വഹിക്കും.' ഇതായിരുന്നു സർക്കാരിന്റെ പേരിലുള്ള ആ കത്തിന്റെ ഉള്ളടക്കം. എനിക്ക് വി.ഐ.പി. പരിഗണനയിലാണ് അന്ന് അവിടുന്ന് ചികിത്സ ലഭിച്ചത്. നാലു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോൾ തിരക്കിനിടയിലും ഉമ്മൻ ചാണ്ടി എന്നെ കാണാനെത്തി.

അദ്ദേഹം വരുന്നതറിഞ്ഞ് ചുറ്റുവട്ടത്തുള്ള കോൺഗ്രസുകാരെല്ലാം അന്ന് വീട്ടിലെത്തിയിരുന്നു. ഞാനുമായി യാതൊരും ബന്ധമില്ലാത്തവർ പോലും അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം വീട്ടിലെത്തി. മൂന്നരമണിക്കൂറോളമാണ് അന്ന് അദ്ദേഹം എന്റെ ഒപ്പം ചിലവഴിച്ചത്. നാളെ നിയമസഭയുണ്ട് ട്രെയിനിലാണ് പോകേണ്ടത് എന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇടയ്ക്കിടക്ക് വിളിക്കാറുണ്ട്. മുഖ്യമന്ത്രിയല്ലാതിരുന്നപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. അത്തരത്തിലൊരു നേതാവായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാൻ കഴിയില്ല.- കെ.സി. കുഞ്ഞിരാമൻ പറഞ്ഞു.