- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനനായകന് യാത്രാമൊഴിയേകി തിരുനക്കര; അക്ഷര നഗരിയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ജനസാഗരം; വിലാപയാത്ര ഇനി കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളിയിലേക്ക്; സംസ്‌കാരം രാത്രി ഏഴരയോടെ; പ്രിയനേതാവിന് വിടചൊല്ലാൻ രാഹുൽ ഗാന്ധിയടക്കം പ്രമുഖരുടെ നിരയെത്തും; തറവാട്ടുവീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ
തിരുവനന്തപുരം: കേരളത്തിലെ എല്ലാവഴികളും എല്ലാ മനുഷ്യരും ഇനി പുതുപ്പള്ളിയിലേക്ക്. കോട്ടയം തിരുനക്കര മൈതാനിയിൽ പൊരിവെയിലിലും അണമുറിയാതെ ഒഴുകിയെത്തിയ ജനപ്രവഹത്തിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അക്ഷര നഗരിയിലേക്ക് ഒഴുകിയെത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരുനോക്കു കാണാൻ മണിക്കൂറുകളായി, ഉറക്കമൊഴിച്ചും വിശപ്പ് മാറ്റിവച്ചും നിറകണ്ണുകളുമായി കാത്തിരിക്കുകയാണു പുതുപ്പള്ളിക്കാർ. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒന്നു കാണണം, ചെയ്ത സഹായങ്ങൾക്കു സ്‌നേഹത്തോടെ നന്ദി പറയണം. ചേർത്തുനിർത്തിയതിനുള്ള കടം വീട്ടണം. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗത്തിന്റെ വിഷമമെന്നോണം മൂടിക്കെട്ടിയ അന്തരീക്ഷമാണ് പുതുപ്പള്ളിയിൽ. കാർമേഘങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ടെങ്കിലും മഴ മാറി നിൽക്കുന്നതിന്റെ ആശ്വാസമുണ്ട് ഏവരുടെയും മുഖത്ത്. ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ജനം ഒഴുകിക്കൊണ്ടിരിക്കുകയാണു കരോട്ടു വള്ളക്കാലിൽ വീട്ടിലേക്ക്.
സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയും താമസിക്കുന്ന വീടെന്ന താരപരിവേഷമില്ലാതെ ഏവരെയും വരവേൽക്കുകയാണ് ഓടിട്ട ഈ വസതി. കാണുന്ന ആദ്യനിമിഷം തന്നെ സ്വന്തം വീടെന്നു ആർക്കും തോന്നിപ്പോകും. മുറ്റത്തെ പന്തലിൽ കഴിഞ്ഞ ദിവസം മുതലേ സ്ഥലം പിടിച്ചവരുണ്ട്. വീട്ടിലെ മുറികളിൽ ബന്ധുക്കളും ബന്ധുക്കളെപ്പോലെത്തന്നെ ഉമ്മൻ ചാണ്ടിയിൽ അധികാരാവകാശമുള്ള നാട്ടുകാരും കാത്തിരിക്കുന്നു. ഗൃഹനാഥന്റെ അവസാന യാത്രയ്ക്കായി വീടിനകത്തെ കട്ടിലിൽ വെള്ള വിരിച്ചിട്ടുണ്ട്, ഫോട്ടോയ്ക്കു ചുറ്റും പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്. ബന്ധുക്കൾ മനമുരുകിയുള്ള പ്രാർത്ഥനയിലാണ്.
വഴിനീളെ കൂഞ്ഞൂഞ്ഞിന് ആദരാഞ്ജലി ബോർഡുകൾ. ദുഃഖം തളംകെട്ടിയ മുഖങ്ങൾ. വിങ്ങിപ്പൊട്ടിയ ഹൃദയവുമായി നൂറുകണക്കിനുപേർ വന്നുകൊണ്ടിരിക്കുന്നു. പാർട്ടിക്കാരും സാധാരണക്കാരും കൂട്ടത്തിലുണ്ട്.
വികാര നിർഭരമായ യാത്രാമൊഴിയാണ് പ്രിയപുത്രന് തിരുനക്കര മൈതാനിയിൽ ജന്മനാട് നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിനു മുന്നിൽ ജനസാഗരം അന്തിമോപചാരമർപ്പിച്ചു. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ അടക്കമുള്ള പ്രമുഖർ തിരുനക്കരയിലെത്തി. സന്ദർശകരുടെ തിരക്കുകാരണം തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ ഏറെ വൈകി.
തനിച്ചുള്ള ആ യാത്രയിൽ സ്നേഹക്കടലായി ഒഴുകിയ ജനം പ്രിയനേതാവിന് വിടനൽകുകയാണ്. കോട്ടയത്തിന്റെ മണ്ണിൽ തിരുനക്കരയിൽ വിലാപയാത്ര എത്തിയപ്പോൾ സമയം രാവിലെ 11 മണി പിന്നിട്ടിരുന്നു. മഴ ഇടയ്ക്ക് വന്നും പോയുമിരുന്നു. കുടചൂടിയും ചൂടാതെയും ഉമ്മൻ ചാണ്ടി നൽകിയ കരുതലിനെ ഓർത്ത് അവസാനമായി ഒരുനോക്ക് കണ്ട് യാത്രയാക്കാൻ എം.സി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിന്നത് മണിക്കൂറുകൾ. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ, ജനങ്ങളാൽ ചുറ്റപ്പെട്ട്, ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനൽകാൻ അദ്ദേഹത്തിന്റെ പ്രിയജനവും വിശ്രമമറിയാതെ കാത്തുനിന്നു.
12 മണിക്കൂർ കൊണ്ട് ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 29 മണിക്കൂറോളം സമയമെടുത്താണ്. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങൾ നൽകിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്. നിർണായക രാഷ്ട്രീയ പ്രഖ്യാപനങ്ങൾക്ക് വേദിയായിട്ടുള്ള കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകൾ മുന്നെ ജനനിബിഡമായിരുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വൻജനാവലിയാണ് തിരുനക്കരയിലെത്തിയത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 29 മണിക്കൂർ പിന്നിട്ടാണ് യാത്ര തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ലക്ഷക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു. അതിനിടെ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിക്കാൻ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങിൽ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും. സംസ്‌കാരം ശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും നിർമ്മാണത്തിലുള്ള വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർത്ഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്തത്ര തിരക്ക്. പത്തനംതിട്ട ജില്ലയിൽ കടന്നത് രാത്രി ഒൻപതോടെ. 11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആൾക്കൂട്ടം. ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോൾ സമയം രണ്ടര. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോൾ ഉമ്മൻ ചാണ്ടിയെ അവസാനമായൊന്നു കാണാൻ ആളുകൾ തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോൾ ജനസമുദ്രം.