- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥാപ്രസംഗകലയിലെ അതുല്യപ്രതിഭ; 15000-ത്തിലേറെ വേദികളെ ഹരംകൊള്ളിച്ച കാഥികൻ; ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ്: അന്തരിച്ച കാഥികൻ തേവർതോട്ടം സുകുമാരന്റെ സംസ്‌ക്കാരം ഇന്ന്
അഞ്ചൽ: അന്തരിച്ച കാഥികൻ തേവർതോട്ടം സുകുമാരന്റെ (82) സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. കഥാപ്രസംഗകലയെ ജനകീയമാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. 15000-ത്തിലേറെ വേദികളിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു.
1956ൽ എകെഎം ഹൈസ്‌കൂൾ വാർഷികത്തിൽ ആദ്യ കഥ അവതരിപ്പിച്ചു. സ്വന്തമായി ചിട്ടപ്പെടുത്തിയ 'താമസിച്ചു വന്ന ദൈവം, ഒരു പോസ്റ്റ്മാന്റെ കഥ' കഥകൾ കേരളത്തിൽ ആയിരത്തിഅഞ്ഞുറിലധികം വേദികളിൽ അവതരിപ്പിച്ചു. ചൂതാട്ടം, ഇതിഹാസം, വേഗത പോരാ പോരാ, രക്തസാക്ഷി, രാവണപുത്രി, ചണ്ഡാലഭിക്ഷുകി, വത്സല എന്നീ കഥകൾ ദൂരദർശനിലും അറുപതിലധികം കഥകൾ ആകാശവാണിയിലും അവതരിപ്പിച്ചു.
കേരള സംഗീതനാടക അക്കാദമി 1994-ൽ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000-ത്തിൽ ഫെലോഷിപ്പും നൽകി ആദരിച്ചു. വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സർദാർ കെ.എം.പണിക്കരുടെ 'അംബപാലി' എന്ന കഥയെ ആസ്പദമാക്കിയാണ് ആദ്യത്തെ കഥാപ്രസംഗം. പിന്നീട് വിശ്വസാഹിത്യകാരന്മാരുടേതടക്കമുള്ള കഥകൾ വേദികളിൽ അവതരിപ്പിച്ചു. സിപിഎം. നേതാവ് ടി.കെ. രാമകൃഷ്ണന്റെ കല്ലിലെ തീപ്പൊരി എന്ന നോവലും കഥാപ്രസംഗമാക്കി. ബാലചന്ദ്രമേനോന്റെ 'അച്ചുവേട്ടന്റെ വീട്' ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.
ഭാര്യ: സുരുചി. മക്കൾ: ഡോ. ഫിലോമിന (അദ്ധ്യാപിക), പ്രമീള (ബാങ്ക് മാനേജർ), പ്രിയംവദ (റവന്യൂ വിഭാഗം), പ്രതാപ് തേവർതോട്ടം (അസി. പ്രൊഫസർ). മരുമക്കൾ: അജയകുമാർ (റിട്ട. വാട്ടർ അഥോറിറ്റി വിജിലൻസ്), ഷിപ്പി (ഷാർജ), സുനിൽകുമാർ (സെയിൽസ് ടാക്സ് ആലപ്പുഴ), എം.കവിത (സീനിയർ അസോസിയേറ്റ്, എസ്.ബി.ഐ. അഞ്ചൽ).