കാസർകോട്: അന്തരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹിം ബേവിഞ്ചയ്ക്ക് കേരളത്തിന്റെ ആദരാഞ്ജലികൾ. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കാലിക്കറ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബെവിഞ്ച ജുമാമസ്ജിദിൽ നടക്കും.

കാസർകോട് ഗവ. കോളജ്, കണ്ണൂർ ഗവ. വിമൻസ് കോളജ്, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവൺമെന്റ് കോളജ്, എന്നിവിടങ്ങളിലായി മൂന്നു പതിറ്റാണ്ടോളം മലയാളം അദ്ധ്യാപകൻ. എംഎസ്എഫ് ഭാരവാഹി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, ചന്ദ്രിക ദിനപ്പത്രം ലേഖകൻ, സഹപത്രാധിപർ എന്നീ നിലയിലും പ്രവർത്തിച്ചു. പ്രസക്തി, ഇസ്ലാമിക സാഹിത്യം മലയാളത്തിൽ, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തിൽ, ഉബൈദിന്റെ കവിതാലോകം, പക്ഷി പാട്ട് ഒരു പുനർവായന, ബഷീർ ദ മുസ്ലിം, നിള തന്ന നാട്ടെഴുത്തുകൾ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

ബേവിഞ്ച അബ്ദുല്ല കുഞ്ഞി മുസ്ലിയാരുടെയും ചെമ്പരിക്ക ഉമ്മാലിയുമ്മയുടെയും മകനാണ്. ഭാര്യ: ടി.പി. ഷാഹിദ. മക്കൾ: ശഫാന, റിസ്വാന, ശിബിലി അജ്മൽ

മരുമക്കൾ: റഫീക്ക്, സവാദ്

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്‌മാൻ, ആയിഷ