- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാൻ ബാങ്കോക്കിൽ എത്തിയപ്പോൾ ഹൃദയാഘാതത്താൽ അന്ത്യം; കന്നഡ നടി സ്പന്ദനയുടെ മരണം നടൻ പുനീത് രാജ് കുമാറിന് സമാനമായ രീതിയിൽ; അശാസ്ത്രീയ ഡയറ്റാണോയെന്ന് സംശയിച്ച് ബന്ധുക്കൾ; മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും
ബെംഗളൂരു: കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. ബാങ്കോക്കിൽവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സ്പന്ദനയുടെ അന്ത്യം. കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാൻ ബാങ്കോക്കിൽ എത്തിയതായിരുന്നു സ്പന്ദന. 35 വയസായിരുന്നു. മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കും.
ഈ മാസം 16-ാം വിവാഹവാർഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്‌ത്തി സ്പന്ദനയുടെ മരണം. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മരണ വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കൾ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്.
ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ സ്പന്ദനയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ ബംഗളൂരുവിൽ എത്തിക്കും.
പന്ത്രണ്ട് വയസായ ശൗര്യയാണ് മകൻ. കിസ്മത്, അപൂർവ തുടങ്ങിയ ചിത്രങ്ങളിൽ സ്പന്ദന അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പർ സ്റ്റാർ രാജ് കുമാറിന്റെ ബന്ധുവാണ് സ്പന്ദനയുടെ ഭർത്താവായ വിജയ രാഘവേന്ദ്ര.
പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ൽ രവിചന്ദ്രന്റെ അപൂർവ എന്ന സിനിമയിലൂടെയാണ് സാൻഡൽവുഡിൽ അരങ്ങേറുന്നത്. സ്പന്ദനയുടെ ഭർത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയിരുന്നു.
സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടർന്ന ഡയറ്റാണോയെന്ന് സംശയമാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ ശരീരഭാരം കുറച്ചിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രീതിയിലാണ് പുനീത് രാജ് കുമാറും മരിച്ചതെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിച്ചു. പുനീതിന്റെ അമ്മയും രാജ്കുമാറിന്റെ ഭാര്യയുമായ പർവതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് സ്പന്ദനയുടെ ഭർത്താവ് വിജയ രാഘവേന്ദ്ര.
അതേസമയം, ഹൃദയാഘാതമുണ്ടായി എന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സ്പന്ദനയുടെ പിതൃസഹോദരനുമായ ബി കെ ഹരിപ്രസാദ് പറഞ്ഞു. സ്പന്ദനയ്ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.