- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യചുംബനം നൽകി യാത്രയാക്കാൻ ഇറ്റലിയിൽ നിന്നും പിതാവും മൂത്ത സഹോദരനും എത്തി; മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ച അലീസിയോയുടെ സംസ്‌ക്കാരം ഇന്ന്: മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും
വൈക്കം: മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ച, വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ സാബുവിന്റെ മകൻ അലീസിയോ(16)യുടെ സംസ്‌കാരം ഇന്ന്. അന്ത്യചുംബനം നൽകി പൊന്നുമകൻ അലീസിയോയെ യാത്രയാക്കാൻ ഇറ്റലിയിലുള്ള പിതാവും സഹോദരനും ഇന്നലെ വൈകിട്ട് നാട്ടിലെത്തി. ഇതോടെ ഇന്ന് സംസ്‌ക്കാരം നടത്താൻ തീരുമാനിക്കുക ആയിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് 3നു കരിപ്പാടം കാരുണ്യമാതാ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. ഇറ്റലിയിലുള്ള സാബുവും മൂത്ത മകൻ അബിൽ സാബുവും ഇന്നലെ വൈകിട്ടോടെ വരിക്കാംകുന്ന് വീട്ടിൽ എത്തിച്ചേർന്നു. സംസ്‌ക്കാരച്ചടങ്ങുകൾക്ക് മുന്നോടിയായി മൃതദേഹം ഇന്നു രാവിലെ ഒമ്പതിന്‌ന് വീട്ടിലെത്തിക്കും.
അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരൻ അരയൻകാവ് മുണ്ടയ്ക്കൽ ജോബിയുടെ മകൾ ജിസ്മോൾ(15) എന്നിവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ മുണ്ടയ്ക്കൽ വീട്ടിൽ എത്തിച്ച് വൈകിട്ട് 3ന് തോട്ടറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ സംസ്‌കരിക്കും. ഞായറാഴ്ച വൈക്കം വെള്ളൂർ ചെറുകര പാലത്തിനു താഴെയുള്ള കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടെ ബന്ധുക്കളായ മൂവരും ഒഴുക്കിൽ പെടുകയായിരുന്നു. ബന്ധുവീട്ടിൽ വിരുന്നെത്തിയപ്പോഴാണ് അപകടം.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. വെള്ളൂരിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.