രാജാവിന്റെ മകനും ഏകലവ്യനും ദൃശ്യവും പരദേശിയുമടക്കം മമ്മൂട്ടി നിരസിച്ച വേഷങ്ങൾ മോഹൻ ലാലിന്റെയും സുരേഷ് ഗോപിയുടേയുമൊക്കെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായി മാറിയത് ചലച്ചിത്ര പ്രേക്ഷകർക്ക് അറിവുള്ള കാര്യമാണ്. പഞ്ചാഗ്‌നിയും ആരണ്യകവും ആ നിരയിൽ പെടുന്നതാണെന്നാണ് അറിവ്. കമലിന്റെ ചക്രം മോഹൻലാൽ ഒഴിവാക്കുകയും പിന്നീട് ആ വേഷം പ്രഥ്വിരാജ് ചെയ്തതും പെരുമഴക്കാലത്തിൽ പ്രഥ്വിയുടെ റോൾ ദിലീപിലേക്കെത്തിയതുമൊക്കെ മലയാള സിനിമാ ലോകം കൗതുകത്തോടെ ചർച്ച ചെയ്തിട്ടുണ്ട്.

ഐ.വി.ശശി എം ടി വാസുദേവൻ നായർ ദ്വയത്തിന്റെ തൃഷ്ണയിൽ രതീഷ് ചെയാനിരുന്ന വേഷം ഒടുവിൽ മമ്മൂട്ടിയിലേക്കെത്തുകയായിരുന്നു. ബാബു നമ്പൂതിരിയെ രണ്ടാഴ്‌ച്ചയോളം പരീക്ഷിച്ചിട്ടാണ് ആ വേഷം മമ്മൂട്ടിയെ തേടിയെത്തിയത്. ടി.എസ്.സുരേഷ് ബാബു ഡെന്നീസ് ജോസഫ് ടീമിന്റെ പാളയം ഒരു സുരേഷ് ഗോപി ബാബു ആന്റണി ചിത്രമായി പ്ലാൻ ചെയ്യുകയും ഒടുവിൽ മനോജ് കെ.ജയൻ രതീഷ് ടീമിലേക്കെത്തിയതും. മോഹൻലാൽ തിലകൻ കൂട്ട്‌കെട്ടിൽ ചിത്രീകരിക്കേണ്ട ചമയം ഒടുവിൽ മനോജ്. കെ.ജയൻ മുരളി എന്നിവരിലേക്കെത്തിയതും ഇക്കൂട്ടത്തിലുണ്ട്.

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ വരവ് അറിയിച്ച റാംജിറാവ് സ്പീക്കിങ് മുതൽ മിക്ക ചിത്രങ്ങളിലും ഇത്തരത്തിൽ താരങ്ങളെയും മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. പലരുടെയും കാൾ ഷീറ്റ് മാറി മറിയുന്നതു കൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് സിദ്ദിഖ് എടുത്തു പറയുന്നുണ്ട്. മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ റാം ജിറാവ് സ്പീക്കിങ് ഫാസിലിന്റെ നിർദേശപ്രകാരം മാറ്റുന്നതും ഒടുവിൽ ജയറാമിന്റെ നിരക്ക് മൂലം സായ് കുമാറിലേക്കെത്തിയതും സിദ്ദിഖ് തുറന്നു പറഞ്ഞിട്ടുണ്ട്. പ്രധാന കഥാപാത്രമായി സംവിധായകർ മനസിൽ കണ്ട ഇന്നസെന്റ്, മുകേഷിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് റാം ജിറാവുവിലെ മത്തായി ചേട്ടന്റെ റോൾ സ്വീകരിക്കുന്നത്. ആ വേഷം ഇന്നസെന്റിനെ മാത്രം മനസിൽ കണ്ട് എഴുതിയതായിരുന്നു. ഒടുവിൽ മാള അരവിന്ദനെ വിളിച്ചപ്പോഴേക്കും ഇന്നസെന്റ് മടങ്ങിയെത്തി.

ഇൻഹരിഹർ നഗറിലാണ് വച്ചു മാറ്റത്തിന്റെ പ്രളയം. മുകേഷ്, അതിഥി താരങ്ങളായി വരുന്ന സുരേഷ് ഗോപി, സായ് കുമാർ എന്നിവരൊഴികെ എല്ലാവരുടെയും റോളുകൾ വച്ചു മാറി. മീന ചെയ്യാനിരുന്ന നായിക വേഷം ഗീതാ വിജയൻ ചെയ്തു. ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരുടെ വേഷങ്ങളും പരസ്പരം മാറ്റാൻ ആലോചിച്ചിരുന്നു. നാല് നായകരിൽ ഒരാളാകാൻ വന്ന അപ്പാ ഹാജയേയും രിസ ബാവയേയും മറ്റ് വേഷങ്ങളിലേക്ക് മാറ്റി. ചെറു പ്രായത്തിലേ വില്ലനാകാൻ വയ്യാതെ പിന്മാറാനൊരുങ്ങിയ രിസ ബാവയെ, കലാഭവൻ അൻസാറിന്റെ നിരന്തര പ്രേരണയാലാണ് മനം മാറ്റിയെടുത്തത്. രിസ ബാവക്ക് ആ വേഷം ബ്രേക്കാവുകയും ചെയ്തു.

സിദ്ദിഖ് ലാൽ ടീമിന്റെ പ്രഥമ തിരക്കഥയും നാടോടിക്കാറ്റിന്റെ ആദ്യ രൂപവുമായ ' കാലില്ലാ കോലങ്ങൾ ' ആദ്യം ചർച്ച ചെയ്യുന്നത് മമ്മൂട്ടിയുമായിട്ടാണ്. തനിക്ക് ചെയ്യുവാനായി അദ്ദേഹം തെരഞ്ഞെടുത്ത വേഷം ക്യാപ്റ്റൻ രാജു അനശ്വരമാക്കിയ പവനായിയുടേതായിരുന്നു. അന്ന് ആ കഥാപാത്രത്തിന് സിദ്ദിഖ് ലാൽ നൽകിയ പേര് ഹോനായി എന്നായിരുന്നു. സത്യൻ ശ്രീനി ടീം, ആ റോളിന്റെ പേര് പവനായി എന്നാക്കി മാറ്റുകയായിരുന്നു. ഹോനായിയെ ഇൻ ഹരിഹർ നഗറിലേക്കും എടുത്തു.

അന്നത്തെ ന്യൂജെൻ എന്ന വിശേഷിപ്പിക്കാവുന്ന ആ കഥ എഴുതിയവരുടെ സുവർണ കാലമായിരുന്നു പിന്നീട് മലയാള സിനിമയിൽ. മോഹൻലാൽ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് ടീമിന്റെ എവർഗ്രീൻ സൃഷ്ടിയായ നാടോടിക്കാറ്റിന്റെ കഥയ്ക്ക് പിന്നിലും ആ കൂട്ടുക്കെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പലരും പലപ്പോഴും മറക്കുന്ന കാര്യമാണ്. പിന്നീടുള്ള വർഷങ്ങൾ സിദ്ദിഖ് - ലാൽ കൂട്ടിന്റെ ചിരിയിൽ മലയാളികൾ ആറാടി.

സിനിമയിൽ ഹാസ്യത്തിന്റെ ടേണിങ് പോയിന്റായിരുന്നു സിദ്ദിഖ് ലാൽ സിനിമകൾ. പ്രമേയത്തിലെ വ്യത്യസ്തത അവതരണത്തിലും പുലർത്താൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത കൂട്ടുകെട്ട്, തങ്ങളുടെ സിനിമളുടെ പേരിൽ പോലും വ്യത്യസ്തത സൂക്ഷിച്ചു. ഇംഗ്ലീഷ് പേരുകൾ സിനിമകൾക്ക് നൽകിയത് അക്കാലത്തും പിന്നീടും ചർച്ചയായി. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ് സിനിമകളുടെ രചനക്ക് ശേഷം സിദ്ദിഖും ലാലും ആദ്യമായി സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിങ് പേരിലെ വൈവിധ്യം കൊണ്ട് ആദ്യമേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നസെന്റും മുകേഷും സായ്കുമാറും വേഷമിട്ട ചിത്രം ബോക്‌സോഫീസിൽ കൂറ്റൻ ഹിറ്റായപ്പോൾ ഇരുവരും പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾക്കും ഇംഗ്ലീഷ് പേരിട്ടു.

സിദ്ദിഖും ലാലും വേർപിരിഞ്ഞപ്പോഴും ഈ പതിവ് തുടർന്നു. ഗുരുവായ ഫാസിലാണ് ഇംഗ്ലീഷ് പേരുകൾക്ക് പിന്നിലെ തലയെന്ന് സിദ്ദിഖ് പലവട്ടം പറഞ്ഞിരുന്നു. റാംജി റാവു സ്പീക്കിങ്ങിന് നൊമ്പരങ്ങളേ സുല്ല് സുല്ല് എന്നായിരുന്നു ആദ്യമിട്ട പേര്. എന്നാൽ, പേരിനൊരു സ്‌റ്റൈലായിക്കോട്ടെയെന്ന് പറഞ്ഞ് ഫാസിലാണ് റാംജി റാവ് സ്പീക്കിങ് എന്ന പേരിട്ടത്. മറ്റൊരു ഹിറ്റായ ഇൻഹരിഹർ നഗർ എന്ന സിനിമക്ക് മാരത്തോൺ എന്നാണ് ആദ്യം കണ്ട പേര്. ഇതും ഫാസിൽ മാറ്റി ഇൻ ഹരിഹർ നഗർ എന്നാക്കി. ഈ രണ്ടു ചിത്രങ്ങളോടെ തിരിഞ്ഞുനോക്കേണ്ടി വരാത്തതിനാൽ പിന്നീട് വന്ന ചിത്രങ്ങൾക്കും ഇംഗ്ലീഷ് പേരു മതിയെന്ന് തീരുമാനിച്ചു. വളരെ ഗൗരവമാണെന്ന് പേരു കേട്ടാൽ തോന്നുമെങ്കിലും ഹാസ്യം കൊണ്ട് അർമാദിച്ച ചിത്രങ്ങളായിരുന്നു ഇതെന്നതും രസകരം.

1993ൽ പുറത്തിറങ്ങിയ കാബൂളിവാല എന്ന ചിത്രമാണ് ഇതിരൊരപവാദം. കാബൂളിവാല ഒരുക്കിയ സമയത്താണ് മലയാളത്തോട് ചേർന്നുനിൽക്കുന്ന പേര് വേണമെന്ന് ഇരുവരും തീരുമാനിച്ചത്. ലാലുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹിറ്റ്‌ലർ. ഫാസിസ്റ്റ് നേതാവായ ഹിറ്റ്‌ലറുടെ പേര് പോലും സിദ്ദിഖ് നർമത്തിൽ പൊതിഞ്ഞു. കൂട്ടുകാരന്റെ അച്ഛന്റെ ഇരട്ടപ്പേരാണ് മമ്മൂട്ടി അവതരിപ്പിച്ച മാധവൻ കുട്ടിയുടെ ഇരട്ടപ്പേരായും ചിത്രത്തിന്റെ പേരായും മാറിയത്. ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡിഗാർഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഭാസ്‌കർ ദ റാസ്‌കൽ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം പതിവ് തെറ്റിച്ചില്ല. ബോഡി ഗാർഡ് തമിഴിലേക്കാക്കിയപ്പോൾ കാവലനെന്നും ഹിന്ദിയിൽ ബോഡി ഗാർഡെന്നും ഉപയോഗിച്ചു. ഫ്രണ്ട്‌സ് തമിഴിലും ഫ്രണ്ട്‌സ് തന്നെയായി.

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കുന്നതായിരുന്നു സിദ്ദിഖിന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളിലെറെയും. ഹാസ്യതാരങ്ങളെക്കൊണ്ട് മാത്രമല്ല, വില്ലനെക്കൊണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാൻ സിദ്ദിഖിനായി. ഹലോ റാംജി റാവു സ്പീക്കിങ് എന്ന് വില്ലൻ പറയുമ്പോൾ പ്രേക്ഷകർ ചിരിച്ച് മറിഞ്ഞു. തോമസൂട്ടിയെ വിട്ടോടാ എന്ന് പറഞ്ഞ് നാല് ചെറുപ്പക്കാർ പരക്കം പായുമ്പോൾ കൂടെ മലയാളികളും ചിരിച്ചോടി.

ഇവിടെ തെളിയാനേ പനിനീര് എന്ന് ആനപ്പാറ അച്ചാമയും കയറി വാടാ മക്കളെ കയറി വാ എന്ന് അഞ്ഞൂറാനും പറഞ്ഞപ്പോൾ നർമ്മത്തിനൊപ്പം അൽപ്പം കണ്ണീര് പൊടിഞ്ഞു. ഇതിലും വലുത് ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന് പറഞ്ഞ് ഇന്നസെന്റ് പടിക്കെട്ടിൽ നിന്ന് താഴെ വീണപ്പോൾ, മലയാള സിനിമയുടെ സുവർണ പടിക്കെട്ടുകൾ വളരെ വേഗം കയറി പോവുകയായിരുന്നു സിദ്ദിഖ് - ലാൽ കൂട്ടുക്കെട്ട്.

ചിരിപ്പടക്കത്തിനൊപ്പം കന്നാസിനെയും കടലാസിനെയും കൊണ്ട് മലയാളികളുടെ നെഞ്ചിലൊരു നീറ്റൽ സൃഷ്ടിക്കാനും അവർക്ക് സാധിച്ചു. മമ്മൂട്ടിയെ ഹിറ്റ്‌ലർ മാധവൻകുട്ടിയായും സത്യപ്രതാപനായും അഭ്രപാളിയിലെത്തിച്ച് വിജയങ്ങൾ ആവർത്തിക്കാനും സിദ്ദിഖിന് സാധിച്ചു. പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ... പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ എന്ന് പാടിക്കൊണ്ട് ജയറാമും മുകേഷും ശ്രീനിവാസനും ആടിപ്പാടിയപ്പോൾ ഒരു യുവതലമുറ അതേറ്റു പാടി, ആടി. കാലത്തിന്റെ മാറ്റങ്ങളിൽ ഒന്നിടറിയെങ്കിലും ദിലീപിനെ അശോകേട്ടന്റെ ബോഡി ഗാർഡ് ആക്കി ചിരിച്ചും പ്രണയിപ്പിച്ചും റാസ്‌ക്കലായ അച്ഛനായി മമ്മൂട്ടിയെ കൊണ്ട് തകർത്താടിച്ചും ഹിറ്റ്ചാർട്ടുകളിൽ സിദ്ദിഖ് വീണ്ടും തന്റെ പേര് എഴുതി ചേർന്നിരുന്നു.