കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ച് അവർക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖിനെ അനുസ്മരിച്ച് മോഹൻലാൽ. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകൻ സിദ്ദിഖ് എന്നാണ് മോഹൻലാൽ സിദ്ദിഖിനെ അനുസ്മരിച്ചത്.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ മോഹൻലാൽ കുറിച്ചു.

ഫേസ്‌ബുക്കിൽ മോഹൻലാൽ കുറിച്ചത് ഇങ്ങനെ
എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാന ചിത്രമായ ബിഗ് ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ് ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ.

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ നിരവധി മോഹൻലാൽ സിനിമകളും മലയാളികളെ ചിരിപ്പിച്ചു. നാടോടിക്കാറ്റും പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയവയൊന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു വിയോഗം. കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ദിഖിന്റെ ഭൗതിക ശരീരം നാളെ രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

സിദ്ദിഖ് കഴിഞ്ഞ ദിവസം മുതൽ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാൽ, റഹ്‌മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയിൽ കഴിയുന്ന സിദ്ദിഖിനെ ഇന്നലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.