- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ; അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മയിൽ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി
കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടിയുടെ കുറിപ്പ്. 'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ.... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി' എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്. തന്റെ അടുത്ത സുഹൃത്തായിരുന്ന സിദ്ദിഖിന്റെ മരണത്തിൽ മമ്മൂട്ടി കനത്ത സങ്കടത്തിൽ ആണ്. അടുത്തിടെ ഇന്നസെന്റും കെപിഎസി ലളിതയും അടക്കമുള്ള കലാകാരന്മാർ മൺമറഞ്ഞിരുന്നു. ഇവർക്ക് പിന്നാലെ സിദ്ദിഖും വിട്ടകന്നപ്പോൾ കടുത്ത സങ്കടമാണ് മമ്മൂട്ടി തന്റെ വളരെ ചുരുങ്ങിയ വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത്.
സിദ്ദിഖിന്റെ ഭൗതിക ശരീരം നാളെ രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവർക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.
ചൊവ്വാഴ്ച വൈകുന്നേരം 9.10നാണ് സംവിധായകൻ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയിൽ അന്തരിച്ചത്. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം എക്‌മോ സപ്പോർട്ടിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കരൾ, ശ്വാസ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളിൽ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാൽ, റഹ്‌മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയിൽ കഴിയുന്ന സിദ്ദിഖിനെ ഇന്നലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാൽ കോമ്പോ മോഹൻലാൽ ചിത്രമായ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകർ എന്ന നിലയിൽ ആദ്യ ചിത്രം 'റാംജി റാവു സ്പീക്കിങ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടർച്ചയായി ഹിറ്റുകളിൽ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ 'ഹിറ്റ്ലെർ' ആയിരുന്നു. ചിത്രത്തിന്റെ നിർമ്മാണത്തിൽ ലാലും പങ്കാളിയായി.
തന്റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തിൽ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്‌കരിച്ചു. മറുനാട്ടിലെ താരങ്ങൾ സിദ്ദിഖിന്റെ കഥാപാത്രങ്ങളെ ഉൾക്കൊണ്ട് അഭിനയിച്ചു. സൽമാൻഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി.