പരുമല: അന്തരിച്ച മലങ്കര ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ (77) കബറടക്കം ഇന്ന് ഉച്ചയ്ക്ക്. ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ ഉച്ചയ്ക്ക് 2.30നാണ് കബറടക്കം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാവിലെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കുർബാന അർപ്പിക്കും.

മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നലെ അർധരാത്രിയോടെ പരുമല സെമിനാരിയിൽ എത്തിച്ചു. ആനിക്കാട് അന്തോണിയോസ് ദയറായും സമീപവാസികളും സഖറിയാ മാർ അന്തോണിയോസിന് നിറ കണ്ണുകളോടെ വിട നൽകി. മൂന്നരയോടെ കല്ലിശേരിയിൽ നിന്നു പുറപ്പെട്ട് വിലാപയാത്ര, ഓതറ, തോട്ടഭാഗം കല്ലൂപ്പാറ വഴി, മുടക്കോലി ,മല്ലപ്പള്ളി വഴി വൈകിട്ട് 6.40ന് ദയറായിൽ എത്തിച്ചേർന്നു. പ്രിയ പിതാവിനെ ഒരുനോക്ക് കാണാൻ വഴിയോരങ്ങളിൽ നൂറുകണക്കിനാളുകൾ കാത്തു നിന്നു.

ജോഷ്വ മാർ നിക്കോദിമോസ്, സഭ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ വിലാപ യാത്രയെ അനുഗമിച്ചു. ദയറായിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ നേതൃത്വം നൽകി.

പരുമല സെമിനാരിയിൽ എത്തിച്ച മൃതദേഹത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മറ്റു ബിഷപ്പുമാരും ധൂപാർപ്പണം നടത്തി. രാവിലെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പരുമല പള്ളിയിൽ കുർബാന അർപ്പിച്ചു. തുടർന്ന് ഭൗതിക ശരീരം വിലാപയാത്രയായി കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് മൗണ്ട് ഹോറേബ് ദയറയിലെ മാർ ഏലിയ ചാപ്പലിലേക്ക് കൊണ്ടുപോയി.

ഭരണപരമായ എല്ലാ അധികാരങ്ങളും ഒഴിഞ്ഞ് ആനിക്കാട്ടുള്ള അന്തോണിയോസ് ദയറായിലേക്കും വിശ്രമ ജീവിതത്തിന്റെ ശാന്തതയിലേക്കുമാണ് അദ്ദേഹം കടന്നത്. 2022 നവംബർ 3ന് സഭയുടെ എല്ലാ ചുമതലകളിൽ നിന്നു വിരമിച്ച അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം നവംബർ 14ന് ആണ് ആനിക്കാട്ട് താമസമാക്കിയത്. ആനിക്കാട് പഞ്ചായത്ത് മൂന്നാം വാർഡിലെ പെരുമ്പെട്ടിമൺ എന്ന സ്ഥലത്താണു ദയറ സ്ഥിതി ചെയ്യുന്നത്. സഖറിയാസ് മാർ അന്തോണിയോസിന്റെ ശിഷ്യനായ ഫാ.കുര്യാക്കോസ് വർഗീസാണ് ദയറയുടെ ചുമതലകൾ നിർവഹിച്ചിരുന്നത്. സന്യാസ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഈജിപ്തിലെ മാർ അന്തോണിയോസിന്റെ പേരിലാണ് ഈ ദയറ സ്ഥാപിതമായിരിക്കുന്നത്.

മാത്യു ടി. തോമസ് എംഎൽഎ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, കേരള കോമ്ഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, കോൺഗ്രസ് നേതാക്കളായ റെജി തോമസ്, എബി മേക്കരിങ്ങാട്ട് തുടങ്ങിയവർ ദയറായിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.

ഓർത്തഡോക്‌സ് സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോട്ടയം ന്മ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ കബറടക്കം നടക്കുന്നതിനാൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു.