പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ മുങ്ങി മരിച്ച മൂന്ന് സഹോദരിമാർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. മൃതദേഹങ്ങൾ ഖബറടക്കി. റമീസ ഷഹനാസ്, റിഷാന അൽത്താജ് എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജിദിലും നെഷീദ ഹസ്‌നയുടെ മൃതദേഹം അമ്പത്തി മൂന്നാം മൈൽ പാറമ്മൽ ജുമാ മസ്ജിദിലുമാണ് ഖബറടക്കിയത്.

അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് ഒരു നാട്. കോട്ടേപ്പാടം പത്തംഗം വാർഡിലെ ഭീമനാട് ഭാഗത്തെ പെരുങ്കുളത്തിലാണ് ദുരന്തമുണ്ടായത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സ്‌ഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം കോട്ടോപാടത്തെ വീട്ടിലെത്തിച്ച മൂവരുടെയും മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരെത്തി. വളരെ പാടുപെട്ടാണ് നാട്ടുകാരും ബന്ധുക്കളും കുടുംബത്തെ ആശ്വസിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരിമാരാണ് അപകടത്തിൽ പെട്ടത്.

കോട്ടോപ്പാടം അക്കര വീട്ടിൽ റഷീദിന്റെ കുടുംബം ഒരു ദുരിതം അതിജീവിച്ചു വരുന്നതിനിടെയാണു മൂന്നു പെൺമക്കളുടെയും ഒരുമിച്ചുള്ള അപകട മരണം. ഇവരുടെ സഹോദരൻ വൃക്കരോഗിയായ ഷമ്മാസിനു മാതാവ് അസ്മയുടെ വൃക്ക സമീപകാലത്താണു മാറ്റിവച്ചത്. ഉമ്മയും മകനും ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ്. ഇതിനിടയ്ക്കാണു മൂന്നു പെൺമക്കളെയും വിധി കവർന്നത്. കുളിക്കാൻ പോയ സഹോദരിമാർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്‌നി രക്ഷാ സേനയും ചേർന്ന് മൂന്ന് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 53ാം മൈൽ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണ് നഷീദ. റമീസ ഷഹനാസിന്റെ ഭർത്താവ് പറ്റാനിക്കാട് സ്വദേശി അബ്ദു റഹ്‌മാനാണ്. അച്ഛൻ റഷീദ് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.

സാധാരണ കുളത്തിലേക്കു കുളിക്കുന്നതിനോ മറ്റോ പോകാത്ത ഇവർ റഷീദയുടെ മക്കളായ മുഹമ്മദ് ഷഹസാദിനും ഫാത്തിമ അസ്ലഹയ്ക്കും കുളം കാണണമെന്നു പറഞ്ഞാണു പോയതെന്നാണു ബന്ധുക്കൾ പറയുന്നത്. മാതാവും സഹോദരിമാരും വെള്ളത്തിൽ മുങ്ങുന്നതു കണ്ടു കുട്ടികൾ നിലവിളിക്കുന്നതു കേട്ടാണു കുളത്തിനു തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ ജോലി ചെയ്തിരുന്ന റഷീദ് ഓടിയെത്തുന്നത്. മൂന്നു മക്കളും വെള്ളത്തിൽപെട്ടതു കണ്ട റഷീദ് കുളത്തിലേക്ക് ഇറങ്ങിയെങ്കിലും തളർന്നതോടെ ആരെയും രക്ഷിക്കാൻ കഴിയാതെ നിസ്സഹായനായി അലറിവിളിച്ചു.

അടുത്ത തോട്ടത്തിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളി യുപി സ്വദേശി ജിത്തു സ്ഥലത്തെത്തി ഒരാളെ കരയ്ക്കു കയറ്റി. മറ്റു രണ്ടുപേരെ ഓടിക്കൂടിയ നാട്ടുകാരാണു കരയ്‌ക്കെത്തിച്ചത്. ഒരേക്കർ വിസ്തൃതിയുള്ള കുളത്തിൽ ആളുകൾ സ്ഥിരം കുളിക്കാറുണ്ട്. സമീപത്തെ വയലിലും കോഴിഫാമിലും അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. കുട്ടികളുടെ ബഹളം കേട്ടു റഷീദ് ഓടിയെത്തിയപ്പോഴേക്കും മൂവരും കുളത്തിൽ മുങ്ങിയിരുന്നു.

അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ്. നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂന്ന് പേരെയും ചെളിയിൽ മുങ്ങിത്താഴ്ന്ന നിലയിൽ നിന്നാണ് കരക്കെത്തിച്ചത്.

വിവാഹം കഴിഞ്ഞ റമീഷയും നാഷിദയും അവധിക്ക് സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു. സമീപത്തുള്ള പെരുങ്കുളത്തിൽ കുളിക്കാൻ ഇരുവരും ഇളയ സഹോദരിയായ റിൻഷിക്കൊപ്പം പോയത്. മക്കളുടെ മരണം കൺമുൻപിൽ കണ്ടതിന്റെ ആഘാതത്തിലാണ് പിതാവ് റഷീദ്. വിവരമറിഞ്ഞു പിതാവ് ഓടിയെത്തിയെങ്കിലും മക്കൾ മുങ്ങിത്താഴുന്നതാണ് അദ്ദേഹം കണ്ടത്. സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിഷാന ബിരുദ വിദ്യാർത്ഥിയാണ്. മാതാവ്: അസ്മ, സഹോദരങ്ങൾ: റഫീഖ അൽമാസ്, ഷമ്മാസ് ആഷിഖ്.

അമ്പത്തിമൂന്നാം മൈൽ സ്വദേശി പട്ടിശ്ശേരി ഷാഫിയുടെ ഭാര്യയാണു നഷീദ ഹസ്‌ന. പുറ്റാനിക്കാട് കുന്നത്ത് അബ്ദുറഹ്‌മാന്റെ ഭാര്യയും അലനല്ലൂർ എഇടി ഇംഗ്ലിഷ് മീഡിയം സ്‌കൂൾ അദ്ധ്യാപികയുമാണു റമീസ ഷഹനാസ്. റനീഷ അൽത്താജ് വിദ്യാർത്ഥിനിയാണ്. നഷീദ ഹസ്‌നയുടെ മക്കൾ: ഷഹസത്ത്, അസ്ലഹ. മരിച്ചവരുടെ സഹോദരങ്ങൾ: റഷീല അൽമാസ്, ഷമ്മാസ്.