ഹാരോഡ്സിന്റെ മുൻ ഉടമയും, ശതകോടീശ്വരനുമായ മൊഹമ്മദ് അൽ ഫയദ് 94-ാം വയസ്സിൽ മരണമടഞ്ഞു. തന്റെ മകനുമായി പ്രണയത്തിലായിരുന്ന ഡയാന രാജകുമാരിയുമായി പ്രത്യേക വാത്സല്യം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഫയദ്. 1997 ഓഗസ്റ്റ് 31 ന് പാരീസിൽ നടന്ന അപകടത്തിൽ ഡയാന രാജകുമാരിക്കൊപ്പം മരണമടഞ്ഞ ദോദി ഫയാദിന്റെ പിതാവാണ് അദ്ദേഹം.

നിരവധി വ്യത്യസ്തമായ വ്യവസായങ്ങൾ നടത്തിയിരുന്ന മൊഹമ്മദ് അൽ ഫയദ് നേരത്തെ ഫുൾഹാം പ്രീമിയർ ലീഗ് ക്ലബ്ബിന്റെ ഉടമയുമായിരുന്നു. ഫുൾഹാം ഫുട്ബോൾ ക്ലബ്ബ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അൽ ഫയദിന്റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 30 ന് ആയിരുന്നു മരണം. മകൻ കാറപകടത്തിൽ മരണപ്പെട്ട് 26 വർഷം പൂർത്തിയായ ദിവസം തന്നെ പിതാവും മരണപ്പെട്ടു എന്നത് ഒരുപക്ഷെ തികച്ചും യാദൃശ്ചികമായിരിക്കാം.

ഡയാന രാജകുമാരിയുമായി പ്രത്യേക അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന അൽ ഫയദ് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും കലാ സാംസ്‌കാരിക പരിപാടികൾക്കും സ്പോൺസർ കൂടി ആയിരിന്നു. ഇതിൽ പലതിലും രാജകുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. 1995-ൽ ഹാരോഡ്സിന്റെ ഡയറക്ടർ ആയിരുന്ന മൈക്കൽ കോൾ ആണ് അദ്ദേഹത്തിന് ഡയാനയുമായി ഏറെ അടുപ്പമുണ്ടെന്ന് വെളിപ്പെടുത്തിയത്. പിന്നീട്, വില്യം രാജകുമാരനും, ഹാരിക്കും ഒപ്പം തന്റെ ആഡംബര നൗകയിൽ വിരുന്നിനായി അദ്ദേഹം ഡയാനയെ ക്ഷണിക്കുകയും ചെയ്തിരുന്നു.

അവിടെ വച്ചായിരുന്നു ഡയാന ദോദിയെ കണ്ടുമുട്ടുന്നതും അവർ തമ്മിൽ അടുക്കുന്നതും. അപകടശേഷം, സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ദോദിയേയും ഡയാനയെയും വധിച്ചതെന്ന് അവരുടെ കുടുംബം ആരോപിച്ചിരുന്നു. ഈ ആരോപണത്തോടെ ഹാരോഡ്സിന് രാജകുടുംബത്തിന്റെ അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഫ്രഞ്ച് ഉദ്യോഗസ്ഥരും പ്രത്യേകം പ്രത്യേകമായി നടത്തിയ അന്വേഷണത്തിൽ അത് ഒരു അപകടമാണെന്നായിരുന്നു തെളിഞ്ഞത്.

ഈജിപ്തിലെ അലക്സാൻഡ്രിയയിൽ 1929ൽ ആയിരുന്നു മൊഹമ്മദ് അൽ ഫയ്ദിന്റെ ജനനം. 1954-ൽ സമീറ ഖഷോഗിയെ വിവാഹം ചെയ്ത അദ്ദേഹം പിന്നീട് ഭാര്യാസഹോദരനും ആയുധ വ്യാപാരിയുമായ അഡ്നാൻ ഖഷോഗിക്കൊപ്പം കുറച്ചു നാൾ ജോലി ചെയ്തു. പിന്നീടായിരുന്നു ഈഷിപ്തിൽ സ്വന്തമായി ഒരു ഷിപ്പിങ് കമ്പനി തുടങ്ങിയത്. 1955 ൽ മൂത്ത മകൻ ദോദി ജനിച്ചതിനു ശേഷം 1956 ൽ അൽ മൊഹമ്മദിന്റെയുംസമീറ ഖഷോഗിയുടെയും വിവാഹബന്ധം തകർന്നു. 1974-ൽ ആയിരുന്നു അദ്ദേഹം യു കെയിലേക്ക് ചേക്കേറിയത്.

1979-ൽ പാരിസിലെ റിറ്റ്സ് ഹോട്ടൽ സ്വന്തമാക്കിയ അൽ ഫയദ്, തന്റെ സഹോദരനോട് ചേർന്ന് ഹൗസ് ഓഫ് ഫ്രേസറിലെ 30 ശതമാനം ഓഹരികളും കരസ്ഥമാക്കിയിരുന്നു. ഇതിൽ ലണ്ടനിലെ ഹാരോഡ്സും ഉൾപ്പെട്ടിരുന്നു. പിന്നീട് ഇവർ 615 മില്യൻ പൗണ്ടിന് ഹാരോഡ്സ് സ്വന്തമാക്കുകയായിരുന്നു. ഫോബ്സിന്റെ കണക്കുകൾ പ്രകാരം മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആസ്തി 1.3 ബില്യൻ പൗണ്ട് ആണ്.

പാരിസിലെ റിറ്റ്സ് ഹോട്ടൽ വാങ്ങിയ സമയത്തായിരുന്നു തന്നെക്കാൾ 26 വയസ്സ് പ്രായക്കുറവുള്ള ഫിന്നിഷ് മോഡൽ ഹീനി വാല്ത്തനെ അൽ ഫയദ്കണ്ടുമുട്ടുന്നത്. പിന്നീട് ലണ്ടനിലെക്ക് മടങ്ങിയ ഇവർ 1985-ൽ വിവാഹിതരായി. നാല് കുട്ടികളാണ് ഈ വിവാഹബന്ധത്തിൽ ഉള്ളത്.