ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. 58 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് ആദിമുത്തു ഗുണശേഖരൻ സംവിധാനം ചെയ്യുന്ന 'എതിർ നീച്ചാൽ' എന്ന ടെലിവിഷൻ ഷോയുടെ ഡബ്ബിങ്ങിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജിനികാന്തിന്റെ ജയിലർ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത മാരിമുത്തുവിന്റെ മരണവാർത്ത അറിഞ്ഞ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.

സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും, യൂടൂബിലും സജീവമായിരുന്നു മാരിമുത്തു. തമിഴ് സീരിയലിന്റെ ഡബിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു മാരിമുത്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊതുദർശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് മാറ്റും. ഇന്നുതന്നെ മൃതദേഹം ജന്മനാടായ തേനിയിലേക്ക് കൊണ്ടുപോകും. അവിടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.

'എതിർ നീചൽ' എന്ന ഹിറ്റ് തമിഴ് സീരിയലിന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെയാണ് മാരിമുത്തു പെട്ടെന്ന് കുഴഞ്ഞുവീണത്. ഈ സീരിയലിനുവേണ്ടി ഡബ് ചെയ്യുമ്പോൾ, അവസാനമായി പറഞ്ഞ ഡയലോഗ് എനിക്കെന്തോ സംഭവിക്കാൻ പോകുന്നു എന്നായിരുന്നു. ഇതിന് പിന്നാലെയാണ് താരം കുഴഞ്ഞുവീണത്.

മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ മാരിമുത്തുവിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു. യൂട്യൂബിലെ മാരിമുത്തുവിന്റെ വീഡിയോകൾക്ക് വൻ പിന്തുണയാണുള്ളത്.

ഏറെക്കാലമായി സിനിമയിലും സീരിയലുകളിലുമായി മാരിമുത്തു അഭിനയരംഗത്തുണ്ട്. എന്നാൽ അടുത്തിടെയാണ് ചില ഹിറ്റ് സീരിയലുകളിലും സിനിമകളിലും അദ്ദേഹം ശ്രദ്ധേയനായത്. ഇതേത്തുടർന്നാണ് ജയിലറിൽ ഒരു പ്രധാനവേഷം മാരിമുത്തുവിനെ തേടി വന്നത്. ജയിലറിൽ നിറഞ്ഞ കൈയടിയാണ് മാരിമുത്തുവിന് ലഭിച്ചത്. കമൽഹാസന്റെ 'വിക്രമിലും' ഒരു ചെറിയ വേഷത്തിൽ മാരിമുത്തു എത്തിയിരുന്നു. സൂര്യയുടെ 'കങ്കുവ'യിലും കമൽഹാസന്റെ 'ഇന്ത്യൻ 2'വിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളായിരുന്നു മാരിമുത്തു. സിനിമ സംവിധാനം ചെയ്യുകയെന്ന മോഹത്തോടെ തേനിയിലെ വീടുവിട്ടിറങ്ങിയ അദ്ദേഹം 2008ൽ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്ത് തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറി. 2014ൽ പുലിവാൽ എന്ന ചിത്രവും സംവിധാനം ചെയ്തു. 1999 മുതൽ അഭിനയരംഗത്തുണ്ട്. വാലി, ജീവ, പരിയേറും പെരുമാൾ, യുദ്ധം സെയ്, ആരോഹണം, കൊമ്പൻ, മരുത് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അഖിലൻ, ഐശ്വര്യ എന്നിവർ മക്കളാണ്.