- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ കെ.ജി ജോർജ് വിടവാങ്ങിയിരിക്കുകയാണ്. മലയാള സിനിമക്ക് മേൽവിലാസം നൽകിയ സംവിധായകനായിരുന്നു കെ.ജി ജോർജ്. മരംചുറ്റി പ്രണയങ്ങൾ കറുപ്പിലും വെളുപ്പിലുമായ മലയാള സിനിമയിൽ നിറഞ്ഞു നിന്ന സമയത്താണ് സ്വപ്നാടനം എന്ന ചിത്രവുമായി കെ.ജി. ജോർജ് മലയാള സിനിമ സംവിധാന നിരയിലേക്ക് എത്തുന്നത്. രാമു കാര്യാട്ടെന്ന ചലച്ചിത്ര ഗുരുവിൽനിന്ന് പഠിച്ച പാഠങ്ങൾ കുറച്ചുകൂടി മിഴിവോടെ അവതരിപ്പിച്ച ജോർജ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ശേഷമാണ് കെ ജി ജോർജ് യാത്രയാകുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായം അണിഞ്ഞ അദ്ദേഹം, ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർക്കുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരമടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹം പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഹിറ്റുകളാണ് സമ്മാനിച്ചത്.
യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മേള , ഇരകൾ എന്നിങ്ങനെ നിരവധി സിനിമകൾ അക്കൂട്ടത്തിലുണ്ട്. കാലത്തെ അതിജീവിച്ച സിനിമകളാണ് കെ ജി ജോർജിന്റേത്. അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ആഖ്യാന രീതിയും ദൃശ്യ മികവും സമ്മാനിച്ച അദ്ദേഹത്തെ നവയുഗ സിനിമയുടെ വക്താവായാണ് വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിന്റെ പ്രിയ സംവിധായകൻ വിടപറയുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളും സോഷ്യൽ മീഡിയിൽ നിറയുകയാണ്.
താരങ്ങൾ അടക്കം നിരവധി പേരാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും മറ്റും പങ്കുവച്ചെത്തുന്നത്. അതിനിടെ അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും ശ്രദ്ധനേടുന്നുണ്ട്. സിനിമയിൽ സജീവമാകുന്ന സമയത്ത് തന്നെയാണ് കെ ജി ജോർജ് കുടുംബജീവിതത്തിലേക്കും പ്രവേശിക്കുന്നത്. ഗായികയായ സൽമയെ ആണ് അദ്ദേഹം വിവാഹം ചെയ്തത്. ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ എത്തിയപ്പോൾ കെ ജി ജോർജിന്റെ ജീവിതത്തിലേക്ക് താൻ എത്തിയതിനെ കുറിച്ച് സൽമ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
'സ്വപ്നാടനം' എന്ന ചിത്രം ജോർജിന്റെ സിനിമ ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും നിർണ്ണായക വഴിത്തിരിവായിരുന്നു. ജീവിത സഖിയായ സൽമയെ കണ്ടുമുട്ടുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. സ്വപ്നാടനത്തിൽ പാട്ടുപാടാൻ അവസരം ചോദിച്ചെത്തിയ സൽമ പിന്നീട് കെ.ജി ജോർജിന്റെ ജീവിത സഖിയായി മാറുകയായിരുന്നു.
കെ ജി ജോർജിനൊപ്പമാണ് സൽമ അമൃത ടിവിയിലെ സമാഗമം പരിപാടിയിൽ അന്ന് പങ്കെടുത്തത്. എന്നാണ് ഈ ഗായികയെ പരിചയപ്പെട്ടതെന്ന് പരിപാടിയുടെ അവതാരകനായ സിദ്ദിഖ് ചോദിച്ചതിന് പിന്നാലെയാണ് ജോർജും സെൽമയും തങ്ങൾ ഒന്നായ കഥ പറഞ്ഞത്. സ്വപ്നാടനം കഴിഞ്ഞ് അധികം കാലം കഴിയുന്നതിന് മുന്നേ പരിചയപ്പെട്ടതാണെന്ന് കെ ജി ജോർജ് പറഞ്ഞു. തുടർന്ന് സൽമയാണ് സംസാരിച്ചത്.
'ഞാൻ വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു. സംവിധായകൻ ആണല്ലോ. പിന്നെ എന്റെ അമ്മ തിരുവല്ലക്കാരിയാണ്. ഞാൻ ജനിച്ചത് തിരുവല്ലയിലാണ്, ജോർജേട്ടനും തിരുവല്ലയാണ്. ഇതൊക്കെ പറഞ്ഞാണ് സംസാരിക്കുന്നത്. എന്നാൽ സ്വപ്നാടനത്തിൽ ഉണ്ടായിരുന്ന പാട്ട് പോലും ഞാൻ ഒഴിവാക്കി. പൊതുവെ എന്റെ സിനിമകളിൽ പാട്ടുകൾ ഉണ്ടാവാറില്ല. ഉണ്ടാവുകയാണെങ്കിൽ ഞാൻ അവസരം തരാമെന്ന് പറഞ്ഞു. പിന്നീടാണ് അദ്ദേഹം കല്യാണ ആലോചനയുമായി വരുന്നത്',
'അന്ന് അവസരങ്ങൾ അങ്ങനെ ലഭിക്കില്ല. റിസ്‌കാണ്. ചിലർ തരും ചിലർ തരില്ല. ഇന്നത്തെ പോലെ പുതുമുഖങ്ങൾക്ക് അങ്ങനെ അവസരം ലഭിക്കില്ല. എസ് ജാനകിയുടെ ഒക്കെ ട്രെൻഡായിരുന്നു. അന്ന് എന്റെ അമ്മാവനാണ് പറഞ്ഞത്. ജോർജിനെ വിവാഹം കഴിച്ചാൽ നിനക്ക് ജോർജിന്റെ സിനിമകളിലെങ്കിലും പാടാമല്ലോ എന്ന്. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്. എനിക്ക് കല ആസ്വദിക്കുന്ന ഒരാളെ ആയിരുന്നു വേണ്ടത്. കലാകാരനെ ആയിരുന്നില്ല', സൽമ ജോർജ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ ജി ജോർജിന്റെ മരണം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോർജ് കുറച്ച് കാലമായി താമസിച്ചിരുന്നത്. അവിടെ വച്ചാണ് അന്ത്യം. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പ്രിയ സംവിധായകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഒരാഴ്‌ച്ച മുൻപാണ് സൽമ ജോർജ്ജ് കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ചെന്ന് ഭർത്താവിനെ അവസാനമായി കണ്ടത്. മകനുമുണ്ടായിരുന്നു ഒപ്പം. 'ശനിയാഴ്‌ച്ച കാണുമ്പോൾ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. മുഖത്തും വയറിലുമൊക്കെ ട്യൂബുകൾ.'- സൽമ പറഞ്ഞു. 'എന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കും പോലെ തോന്നി. സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ. വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ഞാനും.' കുറച്ചു കാലമായി മകനോടൊപ്പം ഗോവയിൽ താമസിക്കുന്ന സൽമയുടെ ശബ്ദം ഇടറുന്നു.
'ഓർക്കുമ്പോൾ ആകെ ഒരു ശൂന്യതയാണ്. എന്നും ചുറുചുറുക്കോടെ, അളവറ്റ പ്രതീക്ഷയോടെ മാത്രം കണ്ടു ശീലിച്ച മനുഷ്യനെ അത്തരമൊരു നിസ്സഹായാവസ്ഥയിൽ കാണേണ്ടിവരും എന്ന് ഒരിക്കലും സങ്കല്പിച്ചിട്ടില്ല..' 'ഉടൻ വീണ്ടും വരാം' എന്ന വാക്കുകളോടെ മനസ്സില്ലാമനസ്സോടെയാണ് അന്ന് വിടപറഞ്ഞതെങ്കിലും തിരിച്ചു ഗോവയിൽ എത്തിയ ശേഷം ഇത്ര നാളും ജോർജ്ജേട്ടന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു താനെന്ന് സൽമ പറയുന്നു.