- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല' എന്ന കുറിപ്പോടെ പങ്കുവച്ച അവസാന നാടൻപാട്ടും വൈറൽ; നാടൻപാട്ടുകളുമായി മലയാളികളുടെ മനംകവർന്ന പ്രവാസി മലയാളി രാജേഷ് കരുവന്തല അന്തരിച്ചു

ദോഹ: നാടൻ പാട്ടുകളുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന പ്രവാസി മലയാളി രാജേഷ് കരിവന്തല (46) അന്തരിച്ചു. ഖത്തറിലെ താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം. പനി ബാധിച്ച് ചികിത്സയിലായിരുന്നു. തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരൻ കൂടിയായിരുന്നു രാജേഷ്.
ഖത്തറിൽ ഖിലാൽ എന്ന സർക്കാർ സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചുവരികയായിരുന്നു. രണ്ട് മാസത്തോളം അവധിക്ക് നാട്ടിൽ പോയിട്ട് മടങ്ങി വന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. രണ്ട് ദിവസമായി പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങി ആശുപത്രിയിൽ നിന്നും താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ രാജേഷ് കലാസാംസ്‌കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു.
താമസസ്ഥലത്ത് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്ന് രാവിലെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. രാവിലെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ.
'നല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല' എന്ന കുറിപ്പോടെ ഒക്ടോബർ ഏഴിന് പങ്കുവച്ച നാടൻപാട്ടും ഏറെ വൈറലായിരുന്നു. വേഗം സുഖം പ്രാപിച്ചുവരു എന്ന ആശംസകളുമായി നിരവധി പേർ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണവിവരം അറിഞ്ഞ് നിരവധി പേരാണ് കമന്റ് ബോക്‌സിലടക്കം ആദരാഞ്ജലി അർപ്പിക്കുന്നത്. ടിക്ക് ടോക്കിലും രാജേഷ് കരിവന്തലയ്ക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. ടിക്ക് ടോക്കിൽ 38.3 k ഫോളോവേഴ്‌സുണ്ട്.
'എന്റെ ബാല്യകാല സുഹൃത്തിനുവേണ്ടി..., കരിങ്കാളി....., പാവം കിളികൾ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല..., വല്ലാത്ത അയൽക്കാരി...., രമണനും പ്രിയ മഥനനും... ആന എന്നും ഒരു വികാരമാണ്' എന്നിങ്ങനെ നിരവധി നാടൻപാട്ടുകൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ മികച്ച പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലെ ജില്ലകളെക്കുറിച്ചും മലയാളികൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഓണം അടക്കം എല്ലാ ആഘോഷദിനങ്ങളെക്കുറിച്ചും നാടൻപാട്ടുകളുമായി മലയാളികളുടെ മനം കവർന്നിരുന്നു. മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വീഡിയോകളും പങ്കുവച്ചിരുന്നു.


