കട്ടപ്പന: വണ്ടന്മേട് പുറ്റടിയിൽ ഷോക്കേറ്റ് മരിച്ച കനകാധരൻ നായർക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്. ഒരു കുടുംബത്തിലെ മൂന്നു പുരുഷന്മാരും ഒരുമിച്ച് യാത്രയായപ്പോൾ അതു കണ്ട് നിന്നവരുടെ എല്ലാം കരളലിയിക്കുന്ന കാഴ്ചയായി മാറി. വീട്ടുമുറ്റത്ത് അടുത്തടുത്ത് ഒരുക്കിയ മൂന്നു ചിതകളിലായി മൂവരേയും ദഹിപ്പിച്ചപ്പോൾ അതു കണ്ട് നിന്നവരിലെല്ലാം കണ്ണീർ പടർത്തി. ഭർത്താവിനെയും രണ്ട് മക്കളേയും നഷ്ടപ്പെട്ട ഒരു അമ്മയുടെ കരച്ചിൽ കണ്ടു നിന്നവരുടെ എല്ലാം കണ്ണിൽ നനവു പടർത്തി.

വെള്ളം കയറിക്കിടന്ന പാടത്തു പുല്ലു ചെത്താൻ പോയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, ലൈൻ പൊട്ടി വീണതറിഞ്ഞ്, പാടത്തിനു സമീപമുള്ള പോസ്റ്റിലെ ഫ്യൂസ് ഊരി മാറ്റാനായി പോകുമ്പോഴായിരുന്നു അപകടമെന്ന് ഇന്നലെ സ്ഥിരീകരിച്ചു. പുറ്റടി നായർസിറ്റി ചെമ്പകശേരിയിൽ കനകാധരൻ നായർ (57), മക്കളായ സി.കെ.വിഷ്ണു (31), സി.കെ.വിനീത് (വിനോദ്27) എന്നിവരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാടത്തു പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നു ഷോക്കേറ്റു മരിച്ചത്.

കനകാധരനാണ് ആദ്യം ഫ്യൂസ് ഊരാൻ വെള്ളത്തിൽ ഇറങ്ങിയത്. അച്ഛനെ കാണാത്തതിനേത്തുടർന്ന് തേടിയെത്തിയ മക്കളായ വിഷ്ണുവും, വിനോദും (വിനീത്) പിന്നാലെ ഷോക്കേറ്റ് മരിച്ചു. മൂവരേയും കാണാതായതിനേത്തുടർന്ന് വിഷ്ണുവിന്റെ ഭാര്യ ആതിര ചെല്ലുമ്പോൾ ഇവർ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആതിരയാണ് അലമുറയിട്ട് പ്രദേശവാസികളെ വിവരം അറിയിച്ചത്. പറമ്പിൽ പുല്ലുചെത്താൻ പോയപ്പോഴാണ് ഇവർ മരിച്ചതെന്നാണ് ആദ്യം എല്ലാവരും കരുതിയത്.

ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ എൻഎസ്എസ് കരയോഗ മന്ദിരത്തിനു മുൻപിൽ പൊതുദർശനത്തിനുവച്ചു. വീടിനു സമീപം 3 ചിതകൾ തയാറാക്കിയായിരുന്നു സംസ്‌കാരം. കനകാധരന്റെ സഹോദരപുത്രന്മാരാണു ചിതയ്ക്കു തീകൊളുത്തിയത്. മൂവർക്കും അന്ത്യ യാത്ര നൽകാനായി ഒരു നാടു മുഴുവനും ഇവിടേയ്ക്ക് ഒഴുകി എത്തി.

ചൊവ്വാഴ്ച പകൽ മഴയിലും കാറ്റിലും ഇവരുടെ വീടിനു സമീപത്തെ മുരിക്ക് കടപുഴകി വീടിനടുത്തുള്ള സ്റ്റോറിനു മുകളിലേക്കു വീണു. മരംവീണ് വൈദ്യുത ലൈനും പൊട്ടി. കനകാധരൻ നായരും മക്കളും ചേർന്നു വീടിന്റെ സ്റ്റോറിലേക്കുള്ള ഫ്യൂസ് ഊരി വൈദ്യുത ബന്ധം വിച്ഛേദിച്ചു. ലൈൻ പൊട്ടിക്കിടന്ന് കൂടുതൽ അപകടം ഉണ്ടാവാതിരിക്കാൻ പോസ്റ്റിലെ ഫ്യൂസും ഊരിമാറ്റാൻ പോകുമ്പോഴായിരുന്നു ഷോക്കേറ്റത്.

വഴിയിലും പാടത്തും ലൈൻ പൊട്ടിക്കിടന്ന് വൈദ്യുതി പ്രവഹിച്ചത് അറിഞ്ഞില്ല. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന സോളർ വേലിയുടെ മുകളിലും വൈദ്യുത ലൈൻ വീണു കിടന്നിരുന്നു. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ.രാജേഷ് ബാബു സ്ഥലത്തെത്തി പരിശോധന നടത്തി. ലൈൻ പൊട്ടിവീണുണ്ടായ വൈദ്യുതാഘാതമാണ് അപകടത്തിന് കാരണമെന്നാണു കണ്ടെത്തൽ.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുപെയ്ത മഴയിൽ ചെമ്പകശേരി കനകാധരൻനായരുടെ പുരയിടത്തിലെ മുരിക്കും, പ്ലാവിന്റെ കൊമ്പും ഒടിഞ്ഞ് വീടിന് സമീപത്തെ വൈദ്യുതിലൈനിലേക്ക് വീണിരുന്നു. കനകാധരൻനായർ, ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കാതിരിക്കാൻ വീടിനുതാഴെ പാടത്തുള്ള പോസ്റ്റിലെ ഫ്യൂസ് ഊരിമാറ്റാൻ പോയപ്പോഴാണ് അപകടം. മരം വീണതിനെത്തുടർന്ന്, പാടത്തെ പോസ്റ്റിൽനിന്ന് ലൈൻപൊട്ടി വെള്ളത്തിൽ വീണിരുന്നു. ഇതറിയാതെ വെള്ളത്തിലിറങ്ങിയ കനകാധരൻനായർ ഷോക്കേറ്റ് വീണു.

രാജാക്കണ്ടം നായർസിറ്റിയിലേ മാതൃകാ കൃഷിയിടമായിരുന്നു ചെമ്പകശേരി. ബിരുദപഠനം കഴിഞ്ഞ വിഷ്ണുവും ബിരുദാനന്തരബിരുദം കഴിഞ്ഞ വിനോദും അച്ഛൻ കനകാധരനെ കൃഷിയിൽ സഹായിച്ചാണ് കഴിഞ്ഞിരുന്നത്. ആധുനികരീതിയിലുള്ള കാലി, കോഴിവളർത്തൽ, ഓറഞ്ച്, ഏലം, നെൽകൃഷി എന്നിവ ഉണ്ടായിരുന്നു. പാടത്തുനിന്നും പറിക്കുന്ന പുല്ല് തൊഴുത്തിലെത്തിക്കാൻ റോപ് -വേ ക്രമീകരിച്ചിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന ഇവരെക്കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമേ പറയാനുള്ളൂ.

ദുരന്തമുണ്ടാകുമ്പോൾ കനകാധരൻനായരുടെ ഭാര്യ ഓമന തീർത്ഥാടനത്തിന് പോയതായിരുന്നു. വീട്ടിൽ അപകടമുണ്ടായിയെന്ന അറിയിപ്പിനെത്തുടർന്ന് രാത്രിയിൽ അവർ തിരികെയെത്തി. ഭർത്താവും മക്കളും മരിച്ചെന്നറിഞ്ഞ് ഓമന തളർന്നുവീണു. അപ്പോഴും ഒന്നുമറിയാതെ, വിഷ്ണുവിന്റെ രണ്ടുവയസ്സുകാരൻ മകൻ ഗൗതം വീട്ടിൽ വന്നവർക്കിടയിലൂടെ നടക്കുന്നുണ്ടായിരുന്നു.