കോഴിക്കോട്: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ. ടി. ശോഭീന്ദ്രന് (76) ജന്മനാടിന്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അദ്ധ്യാപകനായിരുന്നു. കറകളഞ്ഞ പ്രകൃതി സ്‌നേഹിയായിരുന്ന ശോഭീന്ദ്രൻ വിദ്യാർത്ഥികൾക്കിടയിൽ ഐക്യം വളർത്താനായി കണ്ടെത്തിയ വഴിയും പ്രകൃതിസ്നേഹത്തിന്റേതായിരുന്നു.

അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്‌കാരം ടി. ശോഭീന്ദ്രനെ തേടിയെത്തി. പ്രകൃതിയെ സ്‌നേഹിക്കാൻ ഗുരുവായൂരപ്പൻ കോളജിൽ ക്യാംപസ് റിസർച്ച് സെന്റർ സ്ഥാപിച്ച് അദ്ദേഹം വിദ്യാർത്ഥികളെ സജ്ജമാക്കി. മികച്ച എൻഎസ്എസ് ഓഫിസർ തുടങ്ങി പല അംഗീകാരങ്ങളും തേടിയെത്തി. താൻ കൂടി അംഗമായ സമൂഹത്തിന്റെ ഐക്യത്തിനും ശോഭീന്ദ്രൻ പ്രകൃതിയെ കൂട്ടുപിടിച്ചു.

സിറ്റി റിസർച്ച് സെന്ററിനു രൂപം നൽകി പ്രവർത്തിക്കാൻ തുടങ്ങി. റോഡിലെ കുണ്ടുംകുഴികളും ഞെളിയൻപറമ്പിലെ മാലിന്യവും പൂനൂർ പുഴയെ മലിനമാക്കുന്ന പെട്രോൾ ബങ്കുമെല്ലാം ഈ മനുഷ്യസ്നേഹിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. അവയ്ക്കെല്ലാമെതിരെ മനുഷ്യക്കൂട്ടായ്മയ്ക്കു രൂപം നൽകി പട നയിച്ചു. റോഡോരങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കാനും തണ്ണീർത്തടങ്ങൾ സംരംക്ഷിക്കാനും അദ്ദേഹം മുന്നിൽ നിന്നു പൊരുതിയിരുന്നു.