തിരുവനന്തപുരം: അന്തരിച്ച കവിയും മുൻ അദ്ധ്യാപകനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ മുൻ ചീഫ് എഡിറ്ററുമായ ഗൗരീശപട്ടം ഗോകുലത്തിൽ ശങ്കരൻനായരുടെ (94) സംസ്‌കാരം നടത്തി. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സാംസ്കാരിക നായകരടക്കം നിരവധി പേർ എത്തി.

ശങ്കരൻനായർ ഇംഗ്ലിഷ് മലയാള മണിപ്രവാള കവിതയുടെ ഉപജ്ഞാതാവായിട്ടാണ് അറിയപ്പെടുന്നത്. ഗൗരീശപട്ടത്ത് വാറുവിളാകത്ത് വീട്ടിൽ 1929 ജൂലൈ 10ന് ജനിച്ചു. ഭാര്യ: പരേതയായ എ. സരസ്വതിയമ്മ. മക്കൾ: ഡോ.മൃദുലാദേവി (ജി.ജി. ഹോസ്പിറ്റൽ,തിരുവനന്തപുരം), എസ്. ഉണ്ണിക്കൃഷ്ണൻ (റിട്ട.ഡപ്യൂട്ടി കമ്മിഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), എസ്.മഞ്ജുളാദേവി (ദീപിക, തിരുവനന്തപുരം), എസ്.മഞ്ജുഷാദേവി (ഐടി ഹെഡ്, നിറ്റ ജലാറ്റിൻ, കൊച്ചി). മരുമക്കൾ: ക്യാപ്റ്റൻ ഗോപിനാഥ് ഗോപാൽ (റിട്ട.ജനറൽ മാനേജർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), ലത ഉണ്ണിക്കൃഷ്ണൻ, അഡ്വ.സി.ദാമോദരൻ, എം.എസ്.സുധീർ (ബിസിനസ്, കൊച്ചി).

അദ്ദേഹത്തിന്റേതായി 20 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോളജ്കുമാരന്റെ ഒരു ദിവസത്തെ ഡയറി, കണ്ണമ്മൂല പാലവും സ്വൽപം പ്രണയവും, മീശ, റോസിലി, ആമിന, അറബിക്കടൽ, മഹാകവി ചുണ്ടെലി പാച്ചുമ്മാൻ, പാച്ചുമ്മാനും കാർത്തിക കുട്ടിയും, കുഞ്ചൻ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര, അഞ്ചു സുന്ദരികൾ എന്നീ കാവ്യ പുസ്തകങ്ങളും ഈ മണ്ണ് മനുഷ്യന്റേതാണ്, വാളെടുത്തവൻ വാളാൽ, ഉയിർത്തെഴുന്നേൽപ് എന്നീ നാടകങ്ങളും അമ്മിണി എനിക്ക് മാപ്പു തരൂ, പ്രേമിക്കാൻ വച്ച സുന്ദരി നിനക്ക് ഒരു ഉമ്മ, പ്രിയപ്പെട്ട ജോർജ് തോമസ് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്.